ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ലോകമെങ്ങുമുള്ള മലയാളികൾക്ക് വീണ്ടും അഭിമാന നേട്ടവുമായി മലയാളി നേഴ്സ്. അക്യൂട്ട് പെയിൻ മാനേജ്‌മെന്റിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ചതിനാണ് ഇത്തവണ യുകെ മലയാളി നേഴ്സിന് പുരസ്‌കാരം തേടിയെത്തിയിരിക്കുന്നത്. മിഡ് ചെഷയർ നേഴ്‌സ് ആനി കുന്നത്തിനാണ് പുരസ്‌കാരം ലഭിച്ചത്. വാർവിക്കിൽ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.
ഡോക്ടർമാരായ ഡോ ആഞ്ചല ഡീലി, അക്യൂട്ട് പെയിൻ സ്പെഷ്യലിസ്റ്റ് അനേക ഫീൽഡ് എന്നിവരടങ്ങിയ ജൂറിയാണ് ആനിയുടെ പേര് പുരസ്‌ക്കാരത്തിനായി നിർദേശിച്ചത്. രോഗികളുടെ ആവശ്യങ്ങളറിഞ്ഞും അവരോട് ഏറ്റവും നല്ലരീതിയിൽ ഇടപെടുകയും ചെയ്യുന്ന ആളാണ് ആനിയെന്ന് ജൂറി അഭിപ്രായപ്പെട്ടു . ആരോഗ്യ പരിപാലന രംഗത്തെ എല്ലാ മേഖലകളിലും ആനിയുടെ കൈ എത്താറുണ്ടെന്നും അവരുടെ ഒരു ദിവസത്തെ മുഴുവൻ പ്രവർത്തനവും പലരും മാതൃകയാക്കേണ്ടതാണെന്നും അവാർഡ് പ്രഖ്യാപനത്തിൽ ജൂറി അറിയിച്ചു . ആനിയുടെ ജോലിയെക്കുറിച്ചുള്ള അർപ്പണമനോഭാവത്തെക്കുറിച്ച് പറയാൻ സഹപ്രവർത്തകർക്ക് നൂറുനാവാണ്. തീർച്ചയായും ഈ പുരസ്‌കാരത്തിനു സഹപ്രവർത്തക അർഹയാണെന്നാണ് അവരുടെയും ഭാഷ്യം. ലോക പ്രശ്‌സ്തയായ ഡോ. ഫെലിസിയ കോക്സിൽ നിന്നാണ് ആനി പുരസ്‌കാരം സ്വീകരിച്ചത്.
കേരളത്തിൽ കട്ടപ്പനയ്ക്ക് അടുത്തുള്ള കാഞ്ചിയാർ ആണ് ആനിയുടെ സ്വദേശം . ചങ്ങനാശ്ശേരി സ്വദേശിയും എൻഡോസ്കോപ്പി ചാർജ് നേഴ്സുമായ ജയൻ ചാക്കോ ആണ് ആനിയുടെ ഭർത്താവ്. ജയൻ ചാക്കോ ആനി ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. എ ലെവൽ വിദ്യാർത്ഥിയായ മയാന ചാക്കോയും ജി സി എസ് സി വിദ്യാർത്ഥിയായ ജോ ചാക്കോയും . സ്റ്റോക്ക് ഓൺ ട്രെന്റിനടുത്തുള്ള ക്രൂ എന്ന സ്ഥലത്താണ് ആനി കുടുംബസമേതം താമസിക്കുന്നത്. ആതുര സേവനത്തിനോടൊപ്പം സ്റ്റോക്ക് ഓൺ ട്രെന്റ് മിഷനിലെ മതബോധന ക്ലാസുകളിൽ നേരത്തെ പഠിപ്പിക്കുകയും ചെയ്തിരുന്നതുകൊണ്ട് വിപുലമായ ഒരു ശിഷ്യ സമ്പത്തിന്റെ ഉടമ കൂടിയാണ് ആനി.
Leave a Reply