ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെ മലയാളി സംഘടനയായ യുക്മയുടെ ആദ്യകാല ഭാരവാഹിയും, തന്റെ സാമൂഹ്യ സേവനങ്ങൾ കൊണ്ട് യുകെ മലയാളികൾക്കിടയിൽ പ്രശസ്തനുമായ മാത്യു അലക്സാണ്ടർ ഇപ്പോൾ തന്റെ പുതിയ ദൗത്യത്തിലേക്ക് ചുവട് വെച്ചിരിക്കുകയാണ്. പാലായിലെ പാർപ്പിടം ഇല്ലാതെ ബുദ്ധിമുട്ടുന്ന 20 കുടുംബങ്ങൾക്ക് സൗജന്യമായി സ്നേഹവീട് ഒരുക്കുന്ന ബൃഹത്തായ പദ്ധതിയുടെ അമരക്കാരനാണ് മാത്യു അലക്സാണ്ടർ ഇപ്പോൾ. പാലാ അന്ത്യാളം ഞാവള്ളില്‍ ആണ്ടുക്കുന്നേല്‍ കുടുംബാംഗങ്ങളാണ്‌ രണ്ടര ഏക്കറോളം വരുന്ന സ്‌ഥലം വാങ്ങി പാർപ്പിടം ഇല്ലാത്തവർക്ക് ആശ്വാസമാകാൻ വീട്‌ നിര്‍മ്മിച്ചുനല്‍കുന്ന പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി കുടുംബാംഗങ്ങള്‍ രൂപീകരിച്ച കുര്യന്‍ ചാണ്ടി ഇന്‍ഫന്റ്‌ ജീസസ്‌ മൊമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ ചെയർമാനാണ് മാത്യു അലക്‌സാണ്ടർ.

തങ്ങളുടെ മരണപ്പെട്ട മാതാപിതാക്കളുടെ ഓർമ്മയ്ക്കായാണ് കുടുംബാംഗങ്ങൾ ഇത്തരമൊരു സേവന പദ്ധതി പ്രാവർത്തികമാക്കുവാൻ തീരുമാനിച്ചത്. മാത്യു അലക്സാണ്ടറിന്റെ പിതാവ് 1996 ലും മാതാവ് 2019 ലും മരണപ്പെട്ടിരുന്നു. തങ്ങളുടെ സ്വപ്നം പൂവണിയുന്നതിനായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ “ഹോം പാലാ പ്രോജക്ടിന്റെ” ഭാഗമായാണ് 20 വീടുകൾ നിർമ്മിച്ചു നൽകാൻ മാത്യു അലക്സാണ്ടർ തീരുമാനിച്ചത്. ബിഷപ്പ് തന്റെ പ്രോജക്ടിലൂടെ പാലായിലെ നിർധന കുടുംബങ്ങൾക്കായി 2000ത്തോളം വീടുകൾ നിർമ്മിച്ചു നൽകുവാനാണ് പദ്ധതി ഇട്ടിരിക്കുന്നത്.


അന്ത്യാളത്തിനു സമീപം വൈദ്യശാലയില്‍ വീടുകളുടെ കല്ലിടൽ ചടങ്ങ് ബിഷപ്പ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ നേതൃത്വം നൽകി. ഗ്രേറ്റ്‌ ബ്രിട്ടന്‍ രൂപതാ ബിഷപ്പ്‌ മാര്‍ ജോസഫ്‌ സ്രാമ്പിക്കലും ചടങ്ങില്‍ പങ്കെടുത്തു. താൻ നേടിയ സമ്പത്തിന്റെ ഒരു വിഭാഗം പാവങ്ങൾക്കായി മാറ്റിവയ്ക്കാൻ മാത്യു അലക്സാണ്ടർ കാണിച്ച നന്മയെ ഇരുവരും പ്രശംസിച്ചു. . ഫാ.ജോര്‍ജ്‌ പനയ്‌ക്കല്‍ വി.സി (ഡിവൈന്‍ റിട്രീറ്റ്‌ സെന്റര്‍ പോട്ട), മാണി സി. കാപ്പന്‍ എം.എല്‍.എ, ഫാ. ജോസ്‌ തറപ്പേല്‍, ഫാ. ജോസ്‌ പുലവേലില്‍, ഫാ.ജോസ്‌ വടക്കേക്കുറ്റ്‌, ഫാ.കുര്യാക്കോസ്‌ പുന്നോലില്‍ വി.സി, ഓര്‍മ്മ ഭാരവാഹി ഷാജി ആറ്റുപുറം, ഫെഡറല്‍ ബാങ്ക്‌ മാനേജര്‍ ആല്‍ബിന്‍ ജോര്‍ജ്‌, പഞ്ചായത്തംഗം ലിന്റണ്‍ ജോസഫ്‌ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ആദ്യഘട്ടത്തിൽ 10 വീടുകളാണ് നിർമ്മിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. മൂന്നു മുറികൾ അടങ്ങുന്ന എല്ലാവിധ സൗകര്യങ്ങളോടും കൂടിയവയാണ് പണിയുവാൻ തീരുമാനിച്ചിരിക്കുന്നത്. 10 ലക്ഷം രൂപയോളം ഒരു വീടിന് ചിലവാകും.20 വര്‍ഷത്തിലധികമായി യുകെയിലെ ലിവര്‍പൂളിലാണ് മാത്യുവും കുടുംബവും താമസിക്കുന്നത്. ഭാര്യ സിന്‍ലെറ്റ്‌ മാത്യുവും മക്കളായ അലിയും ഫെലിക്‌സുമെല്ലാം തങ്ങളുടെ സ്വപ്നം യാഥാർത്ഥ്യം ആകുവാൻ പോകുന്നതിന്റെ സന്തോഷത്തിലാണ്.