തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ വലിയ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ മന്ത്രി കെ.ടി. ജലീലിന്‍റെ ബന്ധു കെ ടി അദീബ് രാജിക്കത്ത് നല്‍കി. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ എംഡിക്ക് ഇ-മെയില്‍ മുഖേനയാണ് രാജിക്കത്ത് നല്‍കിയത്. അദീബിന്‍റെ രാജിക്കത്ത് നാളെ ചേരുന്ന ഡയറക്ടർ ബോർഡ് യോഗം ചർച്ച ചെയ്യും.
വിവാദമുണ്ടായ സാഹചര്യത്തില്‍ പദവിയില്‍ തുടരണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് കെ.ടി.അദീബാണെന്ന് മന്ത്രി കെ.ടി.ജലീല്‍ വ്യക്തമാക്കിയിരുന്നു. കഞ്ഞികുടിക്കാന്‍ വകയില്ലാത്ത ആളല്ല അദീബ്. ഡെപ്യൂട്ടേഷന്‍ ഉപേക്ഷിച്ചാലും അദീബിന് ഇതിനെക്കാള്‍ ഉയര്‍ന്ന ശമ്പളുമുള്ള ജോലിയുണ്ടെന്നും ജലീല്‍ പറഞ്ഞിരുന്നു.
മുസ്ലിം ലീഗും യൂത്ത് ലീഗും വിവാദത്തില്‍ പ്രതിഷേധം കടുപ്പിച്ചതോടെ പാണക്കാട് തങ്ങളോ പി.കെ. കുഞ്ഞാലിക്കുട്ടിയോ വന്നാൽ ബന്ധുനിയമന വിവാദത്തിൽ സംവാദം പരിഗണിക്കാമെന്നായിരുന്നു ജലീലിന്‍റെ വിശദീകരണം. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് മന്ത്രി കെ ടി ജലീലിനെ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. അതിന് മറുപടി പറയുകയായിരുന്നു മന്ത്രി. തന്‍റെ ബന്ധു അദീബിന്‍റെ യോഗ്യതയിൽ സംശയമുള്ളവർക്ക് ന്യൂനപക്ഷ വികസന കോർപ്പറേഷൻ എംഡിയോട് ചോദിക്കാമെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ തന്‍റെ ബന്ധുവായ കെ.ടി അദീബ് ഉള്‍പ്പെട്ട ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ നിയമനങ്ങള്‍ക്ക് പത്രപരസ്യം നല്‍കാത്തത്, കോര്‍പറേഷന്‍റെ സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന മന്ത്രി കെ.ടി. ജലീലിന്‍റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു.
സാമ്പത്തിക പ്രതിസന്ധിക്കാലത്ത് സാധാരണ തസ്തികകള്‍ വെട്ടിക്കുറയ്ക്കാറാണ് പതിവെങ്കില്‍, അദീബ് ഉള്‍പ്പടെ 22 പേരെ കുത്തിനിറച്ചുള്ള നിയമനം കോര്‍പ്പറേഷനില്‍ നടന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയത്. ബോര്‍ഡിന് സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് ചെയര്‍മാനും പ്രതികരിച്ചത്. ഇങ്ങനെ വിവാദങ്ങള്‍ തുടരെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിനിടെയാണ് അദീബ് രാജിക്കത്ത് നല്‍കിയത്.
നിയമന കാര്യത്തില്‍ വിമര്‍ശനങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് മന്ത്രി ജി. സുധാകരന്‍റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയിലെ ഡയരക്ടര്‍ തസ്തികയില്‍ നിന്ന് നേരത്തെ രാജി സമര്‍പ്പിച്ചിരുന്നു.
Leave a Reply