വിദേശ പൗരത്വം നേടിയവർ ഉൾപ്പെടെയുള്ള പ്രവാസി ഇന്ത്യക്കാർക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട എന്ത് കാര്യത്തിനും ആധാർ കാർഡ് നിർബന്ധമാക്കിക്കൊണ്ടുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. പ്രവാസികളുടെ ഇന്ത്യയിൽ നടക്കുന്ന വിവാഹത്തിനും ആധാർ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതാണ് ഇതിൽ ഒടുവിലത്തേത്.
വിവിധ മന്ത്രാലയങ്ങളിലെ അംഗങ്ങൾ ഉൾപ്പെടുന്നസമിതി, വിദേശകാര്യ മന്ത്രാലയത്തിനു ഇക്കാര്യം ശുപാർശ ചെയ്‌തു കഴിഞ്ഞ മാസം അവസാനം റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. ഇതോടെ എൻആർഐ, ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ, പഴ്സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ എന്നിവരുടെയെല്ലാം ഇന്ത്യയിൽ നടത്തുന്ന വിവാഹങ്ങൾക്ക്, ആധാർ നിർബന്ധമാവും
സർക്കാരുമായി ബന്ധപ്പെട്ട ഏതു കാര്യത്തിനും ഇനി 12 അക്ക ആധാർ നമ്പർ ഉണ്ടെങ്കിലേ കാര്യം നടക്കൂ. പാൻ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയാണ് ഉടനടി ആധാറുമായി ബന്ധിപ്പിക്കേണ്ടത്. പാനും, ബാങ്ക് അക്കൗണ്ടുകളും – ഈ വർഷം ഡിസംബർ 31, ഫോൺ നമ്പർ- 2018 ഫെബ്രുവരി ഒന്ന് എന്നിങ്ങനെയാണ് ഇതിന് അനുവദിച്ചിരിക്കുന്ന പരമാവധി കാലപരിധി.
ഇന്ത്യയിൽ ടാക്‌സ് റിട്ടേൺസ് സമർപ്പിക്കുന്നവരും, ഇന്ത്യൻ കറൻസിയിൽ 50000 ൽ കൂടുതലുള്ള ബാങ്ക് ഇടപാടുകളും, നിക്ഷേപങ്ങളും നടത്തുന്നവരും ആധാറുമായി പാൻ കാർഡ് ഉടനടി ബന്ധിപ്പിക്കേണ്ടതാണ്. കാലാവധി പൂർത്തിയാക്കുന്ന ഇന്ത്യൻ രൂപയിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ റിലീസിന് ഇത് അത്യാവശ്യമാകും. എഫ്സിഎൻആർ, എൻആർഇ ഒഴികെയുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും, ആധാറുമായി അവസാന തീയതിയായ 2017 ഡിസംബർ 31നകം ബന്ധിപ്പിച്ചില്ലെങ്കിൽ അക്കൗണ്ടുകൾ ഉപയോഗിക്കാനാകില്ല. ഇന്ത്യയിൽ വരുമ്പോൾ സ്ഥിരമായി ഒരേ മൊബെയിൽ നമ്പർ ഉപയോഗിക്കുന്നവർ ആണെങ്കിൽ, ആധാറുമായി 2018 ഫെബ്രുവരിക്കു മുൻപായി ബന്ധിപ്പിച്ചില്ലെങ്കിൽ പ്രവർത്തനരഹിതമാകുമെന്നാണു മുന്നറിയിപ്പ്. വിദേശ പൗരത്വം നേടിയ ഓ സിഐ കൈവശമുള്ള വിദേശ ഇന്ത്യക്കാരിൽ ചെറിയൊരു ശതമാനം പേരാണ് ആധാർ കാർഡ് നേടിയിട്ടുള്ളത്. ഇന്ത്യയിൽ അവധിക്കാലം ആഘോഷിക്കാൻ മാത്രം വരുന്ന വിദേശ ഇന്ത്യക്കാർക്ക് ആധാർകാർഡ് കൊണ്ട് കാര്യമായ പ്രയോജനം ഇല്ലെങ്കിലും, പൈതൃക സ്വത്തുൾപ്പെടെ ഇന്ത്യയിൽ മറ്റ് ഇടപാടുകൾ ഉള്ള വിദേശ ഇന്ത്യക്കാർക്ക്, ആധാർ ഇല്ലാതെ കാര്യങ്ങൾ നടക്കില്ല എന്ന അവസ്ഥയിലേക്കാണ് സർക്കാരിന്റെ നടപടികൾ.
ആധാർ ഒരു പൗരത്വ രേഖയല്ലെന്നും, ഇന്ത്യയിലെ ഇടപാടുകൾക്കുള്ള കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് മാത്രമാണെന്നുമുള്ളത്, വിദേശ മലയാളികൾ ഇപ്പോഴും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യയിലെ ഇടപാടുകൾക്ക് ആധാർ നിർബന്ധമാക്കുന്നതോടെ, കൃത്യമായി സർക്കാരിലേക്ക് നികുതി അടക്കേണ്ടി വരുമെന്നതാണ് ഇതിന്റെ മറുവശം.
നിലവിൽ, കൃത്യമായ രേഖകളോടെ ഇന്ത്യയിൽ ആറു മാസം തുടർച്ചയായി താമസിക്കുന്ന ഇന്ത്യൻ ഒറിജിനല്ലാത്ത വിദേശികൾക്ക് പോലും ആധാർ നമ്പർ ലഭിക്കാൻ എൻറോൾ ചെയ്യാന്‍സൗകര്യമുണ്ട്. വിദേശ മലയാളികൾ ആധാർകാർഡ് ലഭിക്കാൻ വിദേശം പൗരത്വം മറച്ചുവയ്ക്കാതെ തന്നെ, ആധാർ എൻറോൾ സെന്ററുകളെ സമീപിക്കാം. ഇന്ത്യയിലെ വിലാസം തെളിയിക്കുന്ന രേഖയും, ഇന്ത്യയിൽ റജിസ്റ്റർ ചെയ്‌ത മൊബൈൽ ഫോൺ നമ്പറുമാണ് ഇതിൽ പ്രധാനം.
Leave a Reply