പത്തനാപുരം ∙ പൊടി പറക്കുന്ന, പച്ചമണ്ണിന്റെ ഗന്ധം വിട്ടുമാറാത്ത തറയിൽ, പുൽപ്പായയിൽ ഉറങ്ങാൻ കിടന്ന കുരുന്ന് ഇന്നു ഗ്രാമത്തിന്റെ നോവാണ്. പിതൃസഹോദരിയുടെ മകൾക്കൊപ്പം മുത്തശ്ശിക്കഥകളും ചൊല്ലി ഉറങ്ങിയ 10 വയസ്സുകാരി ആദിത്യ മണ്ണിലലിഞ്ഞു. മാതാപിതാക്കളും രണ്ട് കുരുന്നുകളും ഉൾപ്പെടുന്ന കുടുംബത്തിന് മൺകട്ടയിൽ പൊതിഞ്ഞ ചുമരുകളും ടാർപോളിൻ വിരിച്ച മേൽക്കൂരയും ഒരു സംരക്ഷണവും നൽകുന്നില്ലെന്ന് അറിഞ്ഞിട്ടും സാങ്കേതികത്വം പറഞ്ഞ് മുഖം തിരിച്ചതാണ് അധികൃതർ.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് 1990ൽ നിർമിച്ചു നൽകിയ വീട് നല്ലൊരു കാറ്റടിച്ചാൽ നിലംപതിക്കുന്ന അവസ്ഥയിലാണ്. 2 മുറികളുള്ള വീട്ടിൽ നിലത്തു പായ വിരിച്ചാണ് ആദിത്യയും പിതൃസഹോദരീ പുത്രിയും ഉറങ്ങാൻ കിടന്നത്. പതിവില്ലാതെ പുലർച്ചെ എഴുന്നേറ്റ ആദിത്യ, തളർച്ചയിലേക്കു വീണുകൊണ്ടിരുന്നു. തോളെല്ലിലും കഴുത്തിനു പിന്നിലുമായി മുറിവിന്റെ പാടുകൾ കണ്ടെങ്കിലും തടിച്ചതു പോലെ തോന്നിയതിനാൽ ഉറുമ്പോ മറ്റോ ആണെന്നു കരുതി.
ഏഴു മണിയോടെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണു പാമ്പു കടിച്ചതാണെന്നു ബോധ്യമാകുന്നത്. വിദഗ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ നാട്ടുകാർ ആദിത്യ കിടന്ന മുറി പരിശോധിച്ചപ്പോഴാണു ഭിത്തിയോടു ചേർന്ന മാളത്തിൽ ഒളിച്ചിരുന്ന പാമ്പിനെ കണ്ടെത്തിയത്.
പഠിക്കാൻ മിടുക്കിയായിരുന്ന ആദിത്യ കൂട്ടുകാർക്കിടയിലെ താരമായിരുന്നു. ഇനി അവൾ കണ്ണീരോർമ. വിവിധ പദ്ധതികളിലായി 2 തവണ വീട് അനുവദിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാലാണു മുടങ്ങിയത്. നിലവിൽ പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെട്ട ഇവർക്കു വീട് ഉടൻ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഷെഹല ഷെറിന്നു പാമ്പുകടിയേറ്റതു ബത്തേരി സര്‍ക്കാര്‍ സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ വെച്ചായിരുന്നു . അന്ന് ക്ലാസ് റൂമിൽ പാമ്പുകൾക്ക് കയറിക്കൂടാൻ പാകത്തിലുള്ള നിരവധി മാളങ്ങളാണ് കണ്ടെത്തിയത് . സമാന സാഹചര്യത്തിലാണ് ആദിത്യയ്ക്കും പാമ്പുകടിയേറ്റ ത് . അത് സ്വന്തം വീട്ടിൽ നിന്നാണ് എന്ന് മാത്രം
Leave a Reply