മറയൂരിൽ മധ്യവയസ്കനെ യുവാവ് തലയ്ക്കടിച്ച് കൊന്ന് കൊക്കയിൽ എറിഞ്ഞു. മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയായ പുത്രന്‍ എന്ന ആള്‍ക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. മറയൂർ ശൂശിനി ആദിവാസിക്കുടിയിലെ അയ്യാസ്വാമിയാണ് കൊല്ലപ്പെട്ടത്.

അയ്യാസ്വാമിയും തീർത്ഥമല സ്വദേശി പുത്രനും വൈകീട്ട് പുത്രന്‍റെ കൃഷിയിടത്തിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കേറ്റം മൂത്ത് പുത്രൻ അയ്യാസ്വാമിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരെ പുത്രൻ വാക്കത്തി വീശി ഭയപ്പെടുത്തി ഓടിച്ചു. തുടർന്ന് അയ്യാസ്വാമിയെ മുന്നൂറ് മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയി കൊക്കയിൽ തള്ളുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാട്ടുകാർ വനംവകുപ്പിൽ വിവരം അറിയിക്കുകയും ഇവർ മറയൂർ പൊലീസിനെ വിളിക്കുകയുമായിരുന്നു. പൊലീസെത്തി നടത്തിയ തെരച്ചിലിൽ പാറക്കെട്ടിന് താഴെ നിന്നാണ് അയ്യാസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കടിക്കാൻ ഉപയോഗിച്ച കല്ലും വാക്കത്തിയും പൊലീസിന് സമീപത്ത് നിന്ന് ലഭിച്ചു.

പ്രതിയ്ക്കായി ആദിവാസി കോളനിയിൽ തെരച്ചിൽ നടത്തിയെങ്കിലും പുത്രൻ വനത്തിലേക്ക് ഓടി മറഞ്ഞതായി നാട്ടുകാർ അറിയിച്ചു. അയല്‍വാസിയെ വെട്ടികൊലപെടുത്താൻ ശ്രമിച്ച കേസിൽ പുത്രനെ കോടതി നേരത്തെ ശിക്ഷിച്ചിട്ടുണ്ട്. നിരവധി ചന്ദനക്കടത്ത് കേസിലും പുത്രൻ പ്രതിയാണ്. അയ്യാസ്വാമിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.