ആലപ്പുഴ: വള്ളംകളിയുടെ ഭാഗമായി മൂന്ന് ദിവസം ആലപ്പുഴയുടെ ആകാശ കാഴ്ചകൾ കാണാം. കുട്ടനാടിന്‍റെ സൗന്ദര്യവും കായലോര കാഴ്ചകളും നുകരാം. ഡി.ടി.പി.സിയാണ് ജനങ്ങള്‍ക്കായി ഹെലികോപ്ടർ സഞ്ചാരമൊരുക്കുന്നത്. നെഹ്റു ട്രോഫി വള്ളംകളിയുടെയും പ്രഥമ സിബിഎല്ലിന്‍റെയും ഭാഗമായി സഞ്ചാരികളെ ആലപ്പുഴയിലേക്ക് ആകർഷിക്കുകയാണ് ഡി.ടി.പി.സിയുടെ ലക്ഷ്യം. ആദ്യ വരുമാനം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം.

ആലപ്പുഴ ബീച്ചിന് സമീപത്തെ റിക്രീയേഷൻ മൈതാനത്ത് 30, 31,1 തിയതികളിലായി പത്ത് മിനിട്ട് ദൈർഘ്യമുള്ള ഹെലികോപ്റ്റർ സഞ്ചാരമാണ് ഒരുക്കുന്നത്. 2500 രൂപയാണ് ടിക്കറ്റ് നിരക്ക്. ആദ്യ ദിവസത്തിലെ ആദ്യ അഞ്ച് മണിക്കൂറിലെ വരുമാനം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഡി.ടി.പി.സി. സംഭാവന ചെയ്യുമെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള, ഡി.ടി.പി.സി. സെക്രട്ടറി എം.മാലിൻ എന്നിവർ അറിയിച്ചു.

ചിപ്സൻ ഏവിയേഷനുമായി ചേർന്നാണ് യാത്ര ഒരുക്കുന്നത്. ഒരേ സമയം പത്ത് പേർക്ക് യാത്ര ചെയ്യാം. 30 ന് വൈകിട്ട് നാലു മുതൽ ആറ് വരെയും 31, 1 തിയതികളിൽ രാവിലെ എട്ടു മുതൽ പത്തുവരെയുമാണ് സർവീസ് നടത്തുന്ന സമയം. ഹെലികോപ്ടർ ടൂറിസം സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്ന പ്രതീക്ഷയിലാണ് ഡി.ടി.പി.സി. ഇതിലൂടെ കൂടുതൽ സഞ്ചാരികളെ ആലപ്പുഴയിൽ എത്തിക്കുകയെന്നതാണ് ലക്ഷ്യം.