അന്തരിച്ച പ്രവാസി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അവഹേളിച്ച് അഡ്വ. എ. ജയശങ്കർ. പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലിയെന്നാണ് ജയശങ്കർ പരിഹാസ രൂപേണ കുറിച്ചത്. ഒരു കാലത്ത് ടെലിവിഷൻ പ്രേക്ഷകരെ ചിരിപ്പിച്ച മുഖവും സ്വരവുമായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ.

ഇന്ത്യാവിഷൻ ചാനലിന്റെ ഡയറക്ടർ ആയിരുന്നു. ഇടക്കാലത്ത് ചില സിനിമകളിലും മുഖം കാട്ടി. പിന്നീട് ബിസിനസ് തകർന്നു, ജയിൽ വാസം അനുഭവിച്ചു. പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലിയെന്ന് അഡ്വ. ജയശങ്കർ കുറിച്ചു. അതേസമയം, ഈ ആദരാഞ്ജലി കുറിപ്പിനെതിരെ സോഷ്യൽമീഡിയയിലും കടുത്ത വിമർശനമാണ് ഉയരുന്നത്.

ഒരാൾ മരിച്ച് കിടക്കുമ്പോൾ പോലും അയാളെ പരിഹസിക്കുകയും അപഹസിക്കുകയും ചെയ്യുന്ന തന്നെപ്പോലുള്ള ഇരുകാലികളാണ് കേരള സമൂഹത്തിലെ പ്രഹസനവും ദുരന്തവുമെന്നാണ് സോഷ്യൽമീഡിയ തുറന്നടിച്ചു. മരണത്തെ പോലും പരിഹസിക്കുന്നവരോട് എന്ത് പറയാനെന്ന പരിഹാസവും അഡ്വ. ജയശങ്കറിന് നേരെ എത്തുന്നുണ്ട്. അതിരൂക്ഷ വിമർശനമാണ് കമന്റുകളിലൂടെ ഉയരുന്നത്.

അതേസമയം, വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ മരിച്ചത്. മരണശേഷം അറ്റ്‌ലസ് രാമചന്ദ്രന് കൊവിഡ് ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ദുബായിയിൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്‌കാരം നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.