വി. ജി വാസൻ
മുന്തിയ മൂന്ന് പത്രങ്ങളുടെ തലക്കെട്ട്
ഇങ്ങനെയായിരുന്നു.
ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്യുന്ന പുതിയ മന്ത്രിയെ വില്ലനായി ചിത്രീകരിച്ചു പ്രധാന വാർത്ത കാരണങ്ങൾ നിരത്തി
ഘടകകക്ഷി രാഷ്ട്രീയ പിന്നാമ്പുറങ്ങൾ തുറന്ന്കാട്ടി.
യുവ എം.എൽ.എ.യും
പ്രൈവറ്റ് ബസ് മുതലാളി വക്കച്ചൻ അടക്കം കുഴിക്കലിന്റെ പുത്രനുമായ
ജോൺ.എ.വക്കൻ ഇന്ന് സർക്കാർ വാഹനഗതാഗത വകുപ്പിന്റെ ചുമതല ഏൽക്കും.
പത്രങ്ങളുടെ കണ്ടെത്തലനുസരിച്ച്
വാഹന വകുപ്പിന്റെ മേൽ അവസാനത്തെ ആണിയടിക്കാനും ചരമക്കുറിപ്പെഴുതാനും
പ്രൈവറ്റ് ബസ്‌മുതലാളിമാർ ഇറക്കിയ തുറുപ്പുചീട്ടാണ്
ജോൺ വക്കൻ.

രാവിലെ പത്രങ്ങൾ കണ്ടതോടെ
ജോൺ ആകെ സമ്മർദ്ദത്തിലും
കോപത്തിലുമാണ്.
ചില നിഗൂഡ ലക്ഷ്യങ്ങൾ ഉള്ളിൽ വച്ചുകൊണ്ടാണ് മന്ത്രിസ്ഥാനം പിടിച്ചു വാങ്ങിയത്.

ആദ്യ ദിവസംതന്നെ വില്ലൻവേഷം കെട്ടിച്ച പത്രക്കാരെ കയ്യിൽ കിട്ടിയിരുന്നേൽ
ജോൺ ഇന്ന് കൊന്ന് കൊലവിളിച്ചേനേ.

സത്യപ്രതിജ്ഞ കഴിഞ്ഞു വൈകുന്നേരം പത്രസമ്മേളനത്തിന് എത്തിയ മാധ്യമ പ്രവർത്തകരുടെനേരേ മന്ത്രി
ചീറ്റപ്പുലിയെപ്പോലെ ചീറി.

ഇവിടം പൊളിച്ചടുക്കാനാണ് ഈ മന്ത്രിക്കസേര ഞാൻ സ്വന്തമാക്കിയത്
അത് ഞാൻ നടത്തിയിട്ടേ ഇവിടെനിന്ന് പോകൂ.
എന്നെ എത്രവേണമെങ്കിലും എഴുതിനാറ്റിച്ചോളൂ.

എന്റെ തൊഴിലാളികളെ പൊന്നുപോലെ
കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ ഇതിന്റെ അലകുംപിടിയും ഞാൻമാറ്റും.
ജനിച്ചുവീണപ്പോൾ മുതൽ ബസ് സർവ്വീസിന്റെ അടിയും കളിയും കണ്ടുവളർന്ന ജോൺവക്കനാണ് പറയുന്നത്.
നിങ്ങൾക്ക് തടയാൻ പറ്റുമോ എന്ന് നോക്ക്?

ഓർഡിനറി ബസ് മുഴുവൻ
റെന്റ് എ ബസ്
പദ്ധതിയിലേക്ക് മാറ്റാനാണ് തീരുമാനം.
ഡെയ്ലീ വാടകയ്ക്ക് ബസുകൾ വിട്ടു നൽകും.

പത്രക്കാർ ശരിക്കും ഞെട്ടിത്തരിച്ചുപോയി.
എഴുതിവിട്ടതിലും ഭീകരനാണ് മുന്നിലിരിക്കുന്നത് എന്ന സത്യം അവരുടെ മുഖങ്ങളിൽ
ഭയത്തിന്റെ നിഴൽ വീഴിച്ചു.

വക്കച്ചൻ മുതലാളിയുടെ ഗുണ്ടാസംഘം
അത്ര പ്രസിദ്ധമാണെന്നതാണ്
അവിടെയൊരു മൗനം സൃഷ്ടിച്ചത്.

മന്ത്രിയുടെ അടുത്തവാചകമാണ് അവരെ ഉണർത്തിയത്.
മൂന്നു ദിവസത്തിനകം ജീവനക്കാരുടെയും മന്ത്രിയുടെയും കൂടിയാലോചനായോഗമുണ്ടാകും.
പക്ഷേ പത്രക്കാർക്ക് പ്രവേശനമുണ്ടായിരിക്കില്ല.
വാർത്താസമ്മേളനം അവസാനിച്ചിരിക്കുന്നു,
ചോദ്യങ്ങൾക്ക് നേരേ മുഖം തിരിച്ച് മന്ത്രി കടന്നുപോയി.
° ° °
ഓരോ ഡിപ്പോയിൽ നിന്നും
വിദ്യാഭ്യാസം ഉള്ള പത്ത് പേരും
അനുഭവസമ്പത്തുള്ള അഞ്ച് പേരുമടങ്ങുന്ന പ്രതിനിധി സംഘമാണ്
ആലോചനായോഗത്തിലേക്ക് ക്ഷണിക്കപ്പെട്ട് എത്തിച്ചേർന്നത്.
മന്ത്രി ചർച്ചയ്ക്ക് തുടക്കമിട്ടു.

നാളെ ജനിക്കാനിരിക്കുന്ന കൊച്ചിനു പെൻഷൻ കൊടുക്കാനായിട്ട് ഈ സംവിധാനം നിലനിർത്തണം എന്ന യൂണിയൻ മൂരാച്ചിസം ഈ ചർച്ചയിൽ നിരോധിച്ചിരിക്കുന്നു. കാരണം നാളെ ലോകം എന്താകുമെന്ന് നമുക്കു പ്രവചിക്കാനാവില്ല.
തെളിവിതാ നോക്ക്!

കമ്പ്യൂട്ടറിനെതിരെ തെരുവിൽ ഘോരഘോരം സമരംചെയ്തവരുടെ മക്കളെല്ലാം ഇന്ന് കമ്പ്യൂട്ടർ ഉപയോഗിച്ച് തൊഴിൽനേടി സുഖമായി ജീവിക്കുന്നു.
അതിനാൽ ചില പരിഷ്കാരങ്ങൾ വരുത്തുകയാണ്.
മാർക്കറ്റ് വിലയിലും കൂടിയ തുകയ്ക്ക് ഡീസൽ വാങ്ങുന്ന ഇടപാട് ഇന്നത്തോടെ നിർത്തുകയാണ്.
നമ്മുടെ പമ്പുകൾ നിർത്തലാക്കി
പുറത്തു നിന്നും നാളെ മുതൽ ഡീസലടിക്കും.

വ്യക്തികൾക്ക് ലൈസൻസ് എടുക്കുന്നതിന് നമ്മുടെ പമ്പ് ലീസിനു നൽകുന്നതായിരിക്കും.
റോഡിനോട് ചേർന്ന് അവർ ആരംഭിക്കുന്ന പെട്രോൾ ഔട്ട്ലെറ്റുകൾ ഉൾപ്പടെ വരുമാനത്തിന്റെ എഴുപത്തഞ്ച് ശതമാനമായിരിക്കും വാടക.
നമ്മുടെ വകുപ്പിൽ സർവ്വീസിലിരിക്കെ മരണപ്പെട്ട സഹോദരങ്ങളുടെ വിധവകൾക്കായിരിക്കും പ്രഥമ പരിഗണന.

റെന്റ് എ ബസ് പദ്ധതി നിങ്ങളിൽ സംശയം ഉണ്ടാക്കിയിട്ടുണ്ട് എന്നറിയാം.
ബസ് വാടകയ്ക്ക് നൽകിയാലും നിങ്ങളിൽ ഒരാളുടെപോലും തൊഴിൽ നഷ്ടപ്പെടില്ല.
ആറുപുതിയ ടയറിട്ടായിരിക്കും ബസ് നൽകുക.
ആറു ടയറിന്റെ വിലയാണ് ഒരു വ്യക്തിയുടെ മുടക്കുമുതൽ.
നമുക്ക് അപ്പോൾ ടയറ് മിച്ചമാകും
അങ്ങനെ കൊടുത്തില്ലെങ്കിൽ
അവൻ ടയർ ഊരിവിറ്റിട്ട് വണ്ടി തിരിച്ചേൽപ്പിച്ചാൽ
നമ്മൾ പെടും.

തൊഴിലാളികൾക്കിടയിൽ ഒരു മർമ്മരം രൂപപ്പെട്ടു.
ഡെയ്ലി സർവ്വീസ് ഫാസ്റ്റ് ബസ് മുഴുവൻ
ബസ്പാസും ടിക്കറ്റ് മെഷീനും സ്ഥാപിക്കുകയാണ്. ഇംപോർട്ടഡ് മെഷീൻ
എല്ലാ ബസിലുമുണ്ടാകും.
ഈ ബസുകളിൽ ഡ്രൈവർ മാത്രമേ ഉണ്ടാകൂ. ഓരോ ഡിപ്പോയിലും ഡ്രൈവർമാർക്ക് ഫ്രൂട്സ് കരുതിയിട്ടുണ്ടാകും. അത് വാങ്ങി ഡൂട്ടി ടൈമിൽ കഴിക്കാവുന്നതാണ്.

റെന്റ് എ ബസിന്റെ ലാഭം
ഇന്ധനവും ശമ്പളവുമായി ചിലവാകുന്ന
ഏഴായിരം ഒഴിവാകും.
പ്രതിദിനം ഒരു രണ്ടായിരം വരുമാനം കിട്ടിയാലും മതി.
നമുക്ക് ദിവസവും ഒൻപതിനായിരം മൂല്യം നമ്മുടെ കയ്യിലെത്തും ഓരോ ബസിൽ നിന്നും.
° ° °
വാഹന വകുപ്പ് വിൽപ്പനയ്ക്ക്

അന്തിച്ചർച്ചകളും പത്ര ലേഖനങ്ങളും
സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ചു.
രഹസ്യമായി അവർക്കു വിവരങ്ങൾ കൈമാറിയ വാഹനവകുപ്പ് സെക്രട്ടറി
ജോത്സ്ന IAS ഒന്നു ചിരിച്ചു.

മന്ത്രിയുടെ നാട്ടുകാരിയും ആജന്മശത്രുവുമാണ് ജോത്സ്ന.
വേദപാഠ ക്ളാസിൽവച്ച്
എനിക്കു നിന്നോട് പ്രേമമാണെടീ നിന്നെ ഞാൻ കെട്ടിക്കോളാം എന്ന് നാൽപത് പിള്ളേരെ സാക്ഷി നിർത്തി വിളിച്ചുപറഞ്ഞതോടെയാണ് രണ്ടു പേരുംതമ്മിലുള്ള യുദ്ധം ആരംഭിക്കുന്നത്.
പിന്നീട് ഐ എ എസ് ട്രെയിനിംഗിന് നാടുവിടുന്നത് വരെ ജോണിന്റെ വായിനോട്ടത്തിന്റെ ഇരയായിരുന്നു
ജോത്സ്ന.

നേരിട്ട് ഉപദ്രവിച്ചിട്ടില്ല എന്നതുമാത്രമാണ്
ഒരുഗുണമുള്ളത്.
സാധുവും വിധവയുമായ അന്നമ്മയുടെ മോള് വാശിയോടെ പഠിച്ച് ഈ നിലയിലെത്തി നാടിന് അഭിമാനമായി.
പള്ളിക്കാര് കണ്ടെത്തിനൽകിയ സ്പോൺസറാണ് പത്താം ക്ലാസ് മുതൽ
ജോത്സ്നയുടെ പഠനച്ചിലവ് നടത്തിയത്.

വിവാഹം വേണ്ടെന്ന് തീരുമാനിച്ച് സ്റ്റേറ്റിന് പരിപൂർണ്ണ സേവനം നൽകുകയാണ്
സത്യസന്ധയായ ഈ ഉദ്യോഗസ്ഥ.

നോട്ടിനേയും
പെണ്ണിനേയും
എങ്ങനെയും തന്റെ കുഴിയിൽ ചാടിക്കുന്ന
വക്കച്ചൻ മുതലാളിയുടെ കുപ്രസിദ്ധിയും
ജോത്സ്ന കേട്ടറിഞ്ഞ വിവരങ്ങളും ജോണിനോടുള്ള വെറുപ്പിന് കാരണമാണ്.

പെണ്ണിനെ ചതിക്കുന്നവർ എന്ന ഒരു അവജ്ഞ നാട്ടുകാരുടെ ഇടയിലുണ്ടുതാനും.

സർക്കാർ വകുപ്പിനെ ബസ് മുതലാളിമാരുടെ ബിനാമികൾക്ക് കൈമാറാനുള്ള രഹസ്യനീക്കം
എന്ന പ്രതിപക്ഷ ആരോപണത്തിൽ മന്ത്രിസഭ ആടിയുലഞ്ഞു.

പിറ്റേന്ന് കൃഷിമന്ത്രി
മന്ത്രി ജോൺ വക്കനോടൊപ്പം നടത്തിയ
വാർത്താസമ്മേളനം
സർവ്വരുടേയും വായ മൂടിക്കെട്ടി.

അവശ്യവസ്തു നിയമപ്രകാരം പച്ചക്കറിയുടെ മൊത്തവിതരണ സംഭരണം സംസ്ഥാന ഗവൺമെന്റ് ഏറ്റെടുക്കുകയാണ്.
വാഹനവകുപ്പ് ഏറ്റെടുത്തിരിക്കുന്ന ഈ പദ്ധതി ജനങ്ങൾക്ക് ശുദ്ധമായ പച്ചക്കറികൾ ലഭ്യമാക്കും.
ഗതാഗത മന്ത്രി നിങ്ങളോട് സംസാരിക്കും.

ജോൺവക്കൻ വിശദീകരിച്ചു.

ഞങ്ങളുടെ എല്ലാ ഡിപ്പോയോടും അനുബന്ധിച്ച് ഫ്രീസർ ഹാളോടുകൂടിയ
വിഷ ശുദ്ധീകരണം നടത്തിയ പച്ചക്കറികൾ മൊത്തമായും ചില്ലറയായും ലഭ്യമാക്കും.
പാലക്കാട്
കാന്തല്ലൂര് വട്ടവട
കൊല്ലം
ആലപ്പുഴ കഞ്ഞിക്കുഴി തുടങ്ങി എല്ലാ മേഖലയിൽനിന്നും
ഞങ്ങളുടെ ബസുകൾ പച്ചക്കറികൾ ഡിപ്പോകളിലെത്തിക്കും.
ഈ വ്യാപാരത്തിൽനിന്നും
പെട്രോൾ പമ്പിൽനിന്നും ലഭിക്കുന്ന വരുമാനം വാഹനവകുപ്പിനെ
നാളെ നൂറ്കോടി വിളയിക്കുന്ന പ്രസ്ഥാനമായി മാറ്റും.

ഇതിന്റെ ലാഭം നാളെ മറ്റ് പ്രവർത്തനങ്ങൾ
ഏറ്റെടുക്കാൻ
വകുപ്പിനെ പ്രാപ്തിയുള്ളതാക്കും

കാറ്റ് ആകെ മാറി വീശിയിരിക്കുന്നു.
രണ്ട് വർഷംകടന്നുപോയിരിക്കുന്നു.
പത്രങ്ങൾ ഇന്ന് ജോൺ വക്കന്റെ അപദാനങ്ങൾ വാഴ്ത്തിപ്പാടാൻ മത്സരിക്കുകയാണ്.

പ്രസ്ഥാനം ഇന്ന് രാജ്യത്തിന് മാതൃകയായിരിക്കുന്നു.

സർവ്വാദരണീയനായ വ്യക്തിയായി
ജോൺവക്കൻ വളർന്നിരിക്കുന്നു.

ജോത്സനയും ജോണിന്റെ സത്യസന്ധത
അംഗീകരിച്ച് ഇന്ന് സുഹൃത്തായി മാറിയിരിക്കുന്നു.
ചെറുപ്പത്തിലെ കുരുത്തക്കേടുകൾക്ക്
ജോൺ മാപ്പ് പറഞ്ഞതോടെ
രണ്ട് പേരുടെ ഇടയിലുമുണ്ടായിരുന്ന
അകൽച്ച ഇല്ലാതാകുകയായിരുന്നു.

രണ്ട് പേർക്കും അന്ന് സന്തോഷമുള്ള ദിവസമായിരുന്നു.
ഫാദർ.ആന്റണി വലിയന്മാക്കൻ
അവരെ കാണാനാഗ്രഹിച്ച് അന്ന്
തിരുവനന്തപുരത്ത് വരുമെന്നറിയിച്ചിട്ടുണ്ട്

ജോത്സ്ന സ്നേഹവും നന്ദിയും നിറഞ്ഞ ഹൃദയത്തോടെ വലിയ ഉത്സാഹത്തിലാണ്
അച്ചനു കുട്ടികളോട് വലിയ വാത്സല്യമായിരുന്നു.

അൾത്താരബാലനായ ജോണും
കുഞ്ഞുപാട്ടുകാരിയായ ജോത്സനയും
അച്ചന്റെ കുട്ടിപ്പട്ടാളമായിരുന്നു,
പഠനച്ചിലവെല്ലാം എത്തിച്ചുനൽകി
ഐ എ എസ് എടുക്കുന്നവരെ അച്ചൻ തണലായുണ്ടായിരുന്നു ജോത്സനയ്ക്ക്.

അച്ചനെ കണ്ടതും നന്ദി കൊണ്ട് അവളുടെ കണ്ണുകൾ തുളുമ്പി നിന്നു.
അരമണിക്കൂർ അവരുടെകൂടെ ചിലവഴിച്ച ആ വൃദ്ധവൈദികൻ
പോകാനൊരുങ്ങി.
മക്കളെ നിങ്ങൾ തമ്മിൽ മത്സരിച്ചാണ്
വളർന്നത്.
നീ പഠിച്ചു വളർന്നപ്പോൾ
നിന്റെ ഒപ്പംനിൽക്കാനാണ ഇവൻ രാഷ്ട്രീയം കളിച്ച് മുന്നേറിയത്.
ഇന്നവൻ അത് മറന്നു നാടിന്റെ സ്വന്തമായി.

നീയും നാടിനെ ആത്മാർത്ഥമായി സ്നേഹിക്കുന്നു.
നല്ലത്,
ഈ വൃദ്ധന്റെ ഒരാഗ്രഹമാണ് നിങ്ങളെ
ഒരു കുടുംബമായി കാണണമെന്നുള്ളത്.
നിങ്ങളുടെ വിവാഹം
ആശീർവ്വദിക്കാൻ പറ്റുക എന്റെ ജീവിതത്തിലെ ഒരു ഭാഗ്യ നിമിഷമാകും.
കുഞ്ഞിലേമുതലേ നിങ്ങളുരണ്ടും
എന്റെ മക്കളായിരുന്നു.

ഇനി നമ്മൾ കാണുന്നത്
നിങ്ങളെന്നെ വിവാഹം ക്ഷണിക്കാനായിരിക്കണം.
അച്ചൻ യാത്രയായി

നാട്ടുകാരുടെയും കേരളത്തിന്റെ തന്നെയും
ഒരാഘോഷമായി ആ വിവാഹം.

ജോണിന്റെ അമ്മ വർഷങ്ങൾക്കുശേഷം
ചിരിച്ചദിവസമായിരുന്നു അത്.
ക്രൂരനായ ഒരു മനുഷ്യനോടൊപ്പം
അകംകരഞ്ഞു ജീവിച്ച ഒരു സാധു സ്ത്രീ
ഉള്ളുതുറന്നു സന്തോഷിച്ചദിവസം.

വിവാഹ വേദിയിലും പരിസരത്തും ജോത്സനയുടെ കണ്ണുകൾ അലഞ്ഞുനടന്നു
ഒരജ്ഞാതൻ തന്റെ നേരേ നടന്നടുക്കുന്നതും നോക്കി.
തന്റെ സ്പോൺസർ
പത്താംക്ലാസ് മുതൽ തന്നെ പഠിപ്പിച്ച
വലിയമനുഷ്യൻ
അച്ചന്റെ കൂട്ടുകാരനാണ്.
പത്തിൽ നല്ലമാർക്ക് വാങ്ങിയ തന്നെ പഠിപ്പിക്കാൻ പള്ളിയിൽ സഹായാഭ്യർത്ഥന നടത്തിയ അന്നുമുതൽ ഐ എ എസ് വരെ ആ നന്മമരം തണലൊരുക്കി.

കല്യാണത്തിനു വരും എന്ന് അച്ചൻ ഉറപ്പുതന്നതാണ്.
അപരിചിതനായ ഒരു വൃദ്ധനെ അവളുടെ കണ്ണുകൾ തേടിക്കൊണ്ടിരുന്നു

രാത്രി
ജോൺ വക്കന്റെ കൊട്ടാരസമാനമായ വീട്ടിൽ
മണിയറയിലേക്ക് പ്രവേശിക്കാനായി
ഒരു ഗ്ളാസ് പാലുമായി അടുക്കളയിൽ
ജോത്സ്ന ഗ്ളാസ്സിൽ തെരുപ്പിടിച്ചുകൊണ്ട്
നിന്നു.
അവൾക്കു മുമ്പേ ജോണിന്റെ അമ്മ
മണിയറയിലേക്ക് കയറിപ്പോയി
നാണിച്ചു ചമ്മിയമുഖത്തോടെ
അവൾ പൂറത്തു കാത്തുനിന്നു.

മോനേ
അമ്മയുടെ കണ്ഠമിടറി.
പൊന്നുമോനേ
എന്തെങ്കിലും തിരിച്ചുകിട്ടാനല്ല
ജോത്സ്ന മോളെ അമ്മ പഠിപ്പിച്ചത്.

അന്ന്
അവൾ പത്തിൽ ജയിച്ചു സഹായിക്കണം
എന്ന് പള്ളിയിൽ വിളിച്ചുപറഞ്ഞ രാത്രി
കുടുക്ക പൊട്ടിച്ച പണവുമായി എന്റെ മോൻ പള്ളിയിലേക്ക് ഓടിയപ്പോൾ
എത്രവലിയ സമ്മാനത്തിനുവേണ്ടിയാണ്
എന്റെ മകൻ ഓടുന്നതെന്ന് അമ്മ ഓർത്തില്ല.
നിന്റെ ആഗ്രഹത്തിനു അവളെ പഠിപ്പിച്ചു.
ഇന്ന് നീ അവളെ എനിക്കു മകളായിതന്നു.

നിന്നെ പെറ്റുവളർത്താനായ അമ്മയ്ക്ക്
വേറെ എന്തുവേണം.
ഈ പാവം അമ്മയ്ക്ക്
ഇനി എന്തുവേണം.
ജീവിതകാലം മുഴുവൻ കരഞ്ഞവളാണ് അമ്മ.
അവർ മകനെ കെട്ടിപ്പിടിച്ചു
രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.

 

വി. ജി വാസൻ എന്ന തൂലികാ നാമത്തിൽ സോഷ്യൽ മീഡിയയിൽ ചെറു കഥകളും സാമൂഹിക വിഷയങ്ങളും
പങ്കുവയ്ക്കുന്ന ബാബു തോമസ് ഇസ്രായേലിൽ ജോലി ചെയ്യുന്നു. ഇദ്ദേഹം  കോട്ടയം അതിരമ്പുഴ സ്വദേശിയാണ്.