അഫ്ഗാനിസ്ഥാനില്‍ (Afghanistan) വനിതാ ജൂനിയര്‍ ദേശീയ വോളിബോള്‍ ടീമിലെ താരത്തെ താലിബാന്‍ (Taliban) കഴുത്തറുത്ത് കൊന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ പേര്‍ഷ്യന്‍ ഇന്‍ഡിപ്പെന്‍ഡന്റാണ് വാർത്ത പുറത്തുവിട്ടത്. പേർഷ്യൻ ഇൻഡിപെൻഡന്റിന് നൽകിയ അഭിമുഖത്തിൽ ടീമിന്റെ പരിശീലകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മഹ്ജബിന്‍ ഹക്കീമി (Mahjabin Hakimi) എന്ന യുവതാരമാണ് താലിബാന്റെ കൊടുംക്രൂരതയ്ക്ക് ഇരയായത്. ഈ മാസം ആദ്യമായിരുന്നു സംഭവം. കൊലപാതക വിവരം പുറത്തുപറയരുതെന്ന് താരത്തിന്റെ കുടുംബത്തെ താലിബാൻ ഭീഷണിപ്പെടുത്തിയെന്നും പരിശീലകൻ വ്യക്തമാക്കി.

ഏതാനും ദിവസങ്ങൾക്ക് മുൻപ് കഴുത്തറുത്ത് കൊല്ലപ്പെട്ട മഹ്ജബിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകൻ ഇക്കാര്യത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.

1978-ലാണ് അഫ്ഗാനിസ്ഥാൻ ദേശീയ വനിതാ വോളിബോള്‍ ടീം (Women’s National Volleyball Team) നിലവില്‍ വന്നത്. അഷറഫ് ഗനി (Ashraf Ghani) അധികാരത്തിലിരിക്കെ കാബൂള്‍ (Kabul) മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബ്ബിലെ മികച്ച താരമായിരുന്നു മഹ്ജബിന്‍. താലിബാന്‍ അഫ്ഗാനിസ്ഥാൻ കയ്യേറിയതോടെ വോളിബോള്‍ താരങ്ങള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു എങ്കിലും രണ്ട് താരങ്ങള്‍ക്ക് മാത്രമെ രാജ്യം വിടാന്‍ സാധിച്ചിരുന്നുള്ളു. അവശേഷിച്ചിരുന്ന താരങ്ങള്‍ ഒളിവിലായിരുന്നുവെന്നും പരിശീലകന്‍ പറഞ്ഞു. താരങ്ങള്‍ ആഭ്യന്തര, വിദേശ ടൂര്‍ണമെന്റുകളില്‍ മത്സരിച്ചതും ചാനല്‍ പരിപാടികളില്‍ പങ്കെടുത്തതുമാണ് താലിബാനെ ചൊടിപ്പിച്ചതെന്നും ഇതിന് പിന്നാലെയാണ് മഹ്ജബിന്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനിൽ ഭരണം പിടിച്ചതിന് ശേഷം സ്ത്രീ വിഭാഗത്തെ അടിച്ചമർത്തുകയാണ് താലിബാൻ. പൊതു ഇടങ്ങളിൽ നിന്ന് അവരെ പൂർണമായി വിലക്കുകയും, പഠിക്കാനും ജോലി ചെയ്യാനും അവർക്കുണ്ടായിരുന്ന സ്വാതന്ത്ര്യം വിലക്കുകയും ചെയ്തു. കായിക ഇനങ്ങളിൽ ഫുട്ബോൾ, ക്രിക്കറ്റ്, എന്നിങ്ങനെയുള്ള കളികളിൽ നിന്നെല്ലാം സ്ത്രീകളെ വിലക്കുകയും ചെയ്തു. ഇതിന് പുറമെ, ഐപിഎൽ സംപ്രേക്ഷണത്തിനും താലിബാൻ രാജ്യത്ത് വിലക്ക് കൊണ്ടുവന്നു. മതവിരുദ്ധമായ ഘടകങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഐപിഎൽ സംപ്രേക്ഷണത്തിന് താലിബാൻ വിലക്കേർപ്പെടുത്തിയത്. ഐപിഎല്ലിനിടെ വനിതകൾ നൃത്തം ചെയ്യുന്നതും പൊതു സ്ഥലമായ സ്റ്റേഡിയങ്ങളിൽ മുടി മറയ്ക്കുന്നില്ലെന്നത് ഉൾപ്പെടെയുള്ള മത വിരുദ്ധമായ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് താലിബാൻ ടൂർണമെന്റ് സംപ്രേക്ഷണത്തിന് വിലക്ക് കൊണ്ടുവന്നത്.