കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരചരമമടഞ്ഞ മലയാളി ജവാൻ വി.വി.വസന്തകുമാറിന്‌ ആദരാഞ്ജലി‌യുമായി ജന്മനാട്. നാട്ടിൽനിന്നു മടങ്ങി ഒരാഴ്ച കഴിയും മുൻപാണു വസന്തകുമാർ മരിച്ചെന്ന സങ്കട വാർത്ത എത്തിയത്. വയനാട്‌ ലക്കിടി കുന്നത്തിടവ വാഴക്കണ്ടി വീട്ടിൽ അവധിയാഘോഷം കഴിഞ്ഞ് ഒൻപതിനാണു മടങ്ങിയത്. 2001ൽ സിആർപിഎഫിൽ ചേര്‍ന്ന വസന്തകുമാർ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറിൽ ചുമതലയേൽക്കാൻ പോകുകയായിരുന്നു.

സിആർപിഎഫ്‌ 82 ബറ്റാലിയനിലെ അംഗമായിരുന്ന വസന്തകുമാർ 18 വർഷമായി സേനാംഗമാണ്. വൈത്തിരി പൂക്കോട് സർവകലാശാലയ്ക്കു സമീപം വാസുദേവൻ– ശാന്ത ദമ്പതികളുടെ മകനാണ്. ഷീനയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. രണ്ടു വർഷം കഴിഞ്ഞു വിരമിക്കാനിരിക്കുകയായിരുന്നു.

ബറ്റാലിയൻ മാറ്റത്തെത്തുടർ‌ന്ന് അവധി ലഭിച്ചപ്പോഴാണു നാട്ടിലെത്തിയത്. ഭൗതികശരീരം വിമാനത്താവളത്തിൽ എത്തുന്ന സമയം സംബന്ധിച്ച അന്തിമവിവരം ലഭ്യമായിട്ടില്ല. സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങുന്ന ശരീരം, പൂർണ ബഹുമതികളോടെ ആയിരിക്കും സംസ്കരിക്കുക

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വസന്തകുമാര്‍ രാജ്യത്തിനുവേണ്ടി പോരാടി മരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് അർധ സഹോദരന്‍ സജീവന്‍ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരമാണ് വസന്തകുമാര്‍ കൊല്ലപ്പെട്ട വിവരം ഭാര്യാസഹോദരന്‍ വിളിച്ചു പറയുന്നത്.

ഡൽഹിയിലെ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോൾ വസന്തകുമാറെന്ന ഒരാള്‍ കൊല്ലപ്പെട്ടെന്ന് അറിയാനായി. ഭീകരാക്രമണത്തിൽ മരിച്ചവരുടെതേന്നു പറഞ്ഞു വാട്സാപ്പില്‍ വസന്തകുമാറിന്‍റെ ഫോട്ടോ പ്രചരിക്കുന്നതു ശ്രദ്ധയിൽപെട്ടു. അഞ്ചുമണിയോടെയാണ് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്– സജീവന്‍ പറഞ്ഞു

തെക്കൻ കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപുരയില്‍ ജമ്മു–ശ്രീനഗര്‍ ദേശീയപാതയിലായിരുന്നു ആക്രമണം. ശ്രീനഗറില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെ വൈകിട്ട് 3.15ന്, 78 ബസുകളിലായി 2547 സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം

അവധി കഴിഞ്ഞ് നാട്ടില്‍ നിന്നു മടങ്ങിയെത്തിവരടക്കം കശ്മീരിന്‍റെ വിവിധ ഭാഗങ്ങളിലേയ്ക്കു സുരക്ഷാ ജോലിക്കായി പോകുകയായിരുന്നു സിആര്‍പിഎഫ് ജവാന്മാര്‍. വാഹനവ്യൂഹത്തിന്‍റെ മധ്യഭാഗത്തായി സഞ്ചരിച്ചിരുന്ന ബസിന് നേരെ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയുള്ള ചാവേറാക്രമണത്തിൽ 44 ജവാന്മാർ കൊല്ലപ്പെട്ടു