ചന്ദ്രനഗറിൽ സീഡ് ഫാം ക്വാട്ടേഴ്സിൽ വീട് കുത്തിത്തുറന്ന് നാലുപവൻ സ്വർണവും 6,000 രൂപയും കവർന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞ പ്രതി 35 വർഷത്തിനുശേഷം പിടിയിൽ. എടപ്പള്ളി കണ്ടങ്ങാകുളം സ്വദേശിയായ നസീറിനെയാണ് (55) എറണാകുളത്തുനിന്ന് കസബ പോലീസ് അറസ്റ്റുചെയ്തത്. 1989-ലാണ് മോഷണം നടന്നത്.
കേരളത്തിലും തമിഴ്നാട്ടിലുമായി നൂറിലധികം ഭവനഭേദനക്കേസിലെ പ്രതിയാണ് നസീറെന്ന് പോലീസ് പറഞ്ഞു. ആളില്ലാത്ത വീടുകൾ നോക്കിവെച്ച് രാത്രിയിലും പകൽസമയത്തും മോഷണം നടത്തിയിട്ടുണ്ട്.
പാലക്കാട് കസബ പോലീസ് പഴയ കേസുകളിൽ പിടികിട്ടാപുള്ളികളെ പിടികൂടുന്നതിനായി പ്രത്യേകസംഘം രൂപവത്കരിച്ചിരുന്നു. അതിനോടനുബന്ധിച്ച് നടന്ന അന്വേഷണത്തിലാണ് നസീർ പിടിയിലായത്.
പാലക്കാട് കസബ സബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദ്, സീനിയർ പോലീസ് ഓഫീസർമാരായ ആർ. രാജീദ്. എസ്. ജയപ്രകാശ്, സെന്തിൾകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Leave a Reply