സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. അതിനിടെ കേരളത്തില്‍ കോവിഡ് രണ്ടാം തരംഗ സൂചനകള്‍ നല്കി എറണാകുളം ജില്ലയില്‍ ഉറവിടം അറിയാത്ത കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു.

ജൂലൈയില്‍ മൊത്തം പോസിറ്റീവ് ആയവരില്‍ 1.74 ശതമാനം പേരായിരുന്നു ഉറവിടം അറിയാത്തവരായി ഉണ്ടായിരുന്നത്. എന്നാല്‍ ഡിസംബറിലേക്ക് എത്തിയപ്പോള്‍ ഇത് 38.83 ശതമാനമായി ഉയര്‍ന്നു. ഉറവിടം അറിയാതെ പോസിറ്റീവ് ആകുന്നവരില്‍ കൂടുതല്‍ പേരും 30-40 പ്രായപരിധിയില്‌പ്പെടുന്നവരാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.

ശരാശരി പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് രണ്ടാം തരംഗത്തിന്റൈ സൂചനയാണെന്നും ജില്ലാ ആരോഗ്യവിഭാഗം വിലയിരുത്തുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് പോസിറ്റീവ് ആയത് 78,714 പേരാണ്. ജില്ലയിലെ മൊത്തം ജനസംഖ്യയുടെ 2.27 ശതമാനം പേര്‍.

അതായത് 44 പേരില്‍ ഒരാള്‍ക്ക് എന്ന തോതില്‍ കോവിഡ് ബോധയുണ്ടായതായി ആരോഗ്യവകുപ്പ് അറിയിക്കുന്നു. കൂടുതല്‍ പേര് പോസിറ്റീവ് ആകുന്നത് കൊച്ചി കോര്‍പ്പറേഷനിലാണ്. സംസ്ഥാനത്ത് ഇന്നലെയും ഏറ്റവും കൂടുതല്‍ പേര്‍ പോസിറ്റീവ് ആയത് എറണാകുളത്താണ്. 953 പേര്‍.

അതേസമയം, നാലാഴ്ചയ്ക്കിടെ ബ്രിട്ടനില്‍ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ചവര്‍ കേരളത്തിലും ഉണ്ടാകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചന നല്കി. വൈറസുകളുടെ ഘടനയും സ്വഭാവവും മനസ്സിലാക്കാന്‍ ജനിതകശ്രേണീകരണം നടത്തുന്നതിന് ഇത്തരം കേസുകളുടെ സ്രവ സാംപിളുകള്‍ ലാബുകള്‍ക്ക് കൈമാറാന്‍ കേന്ദ്രം നിര്‍ദേശിച്ചു.

യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ എത്തുന്ന കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇന്നലെ അടിയന്തര യോഗം വിളിച്ചിരുന്നു. സമീപകാലത്ത് യുകെയില്‍ നിന്നെത്തിയ മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ ഇമിഗ്രേഷന്‍ ബ്യൂറോ, വിമാനത്താവള അതോറിട്ടി എന്നിവയുമായി ഏകോപനം നടത്താനും കേന്ദ്രം നിര്‍ദേശിച്ചു.

ഇത്തരം വൈറസ് വഴി ഇന്ത്യയില്‍ 15 പേര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന പ്രചാരണം കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷേധിച്ചിട്ടുണ്ട്.