ഗുജറാത്തിലെ വഡോദരയില്‍ കനത്ത മഴ. ബുധനാഴ്ച രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുവരെ റെക്കോഡ് മഴയാണ് വഡോദരയില്‍ ലഭിച്ചത്. വഡോദരയ്ക്ക് പുറമേ അഹമ്മദാബാദ്, കര്‍ജാന്‍, ദബോഹി, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിലും കഴിഞ്ഞദിവസം കനത്ത മഴ പെയ്തിരുന്നു.

മഴയെ തുടര്‍ന്ന് പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ ഗതാഗതവും താറുമാറായി. പല തെരുവുകളിലും നടക്കാന്‍ പോലും ആവാത്ത വിധത്തില്‍ വെള്ളം കയറിയിരിക്കുകയാണ്. പ്രളയത്തിന് സമാനമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഇപ്പോള്‍ വെള്ളപ്പൊക്കത്തില്‍ തെരുവുകളിലേയ്ക്ക് ഇറങ്ങിയിരിക്കുകയാണ് മുതലകള്‍. വെള്ളം നിറഞ്ഞ റോഡുകളിലൂടെ മുതലകള്‍ നീങ്ങുന്നത് ഇവിടെ ഇപ്പോള്‍ സ്ഥിരം കാഴ്ചയാവുകയാണ്. ഈ സാഹചര്യത്തില്‍ പേടിപ്പെടുത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വെള്ളം നിറഞ്ഞു കിടക്കുന്ന റോഡിലൂടെ മുതല ഇഴയുന്നതാണ് ദൃശ്യങ്ങള്‍. സമീപത്ത് നിന്ന നായ്ക്കള്‍ ഓടിമാറുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്. രക്ഷ നേടാനായി വീടിനുള്ളിലേക്ക് കയറാന്‍ ശ്രമിക്കുകയാണ് നായ്ക്കള്‍.

മഴയെ തുടര്‍ന്ന് വഡോദര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വെള്ളിയാഴ്ച രാവിലെ വരെ നിര്‍ത്തിവച്ചതായും വഡോദരയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതായും അധികൃതര്‍ അറിയിച്ചു. 12 മണിക്കൂറിനിടെ വഡോദരയില്‍ 442 മില്ലിമീറ്റര്‍ മഴ ലഭിച്ചെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്ക്. വരുംദിവസങ്ങളിലും മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വഡോദരയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും താഴ്ന്നപ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി