വൈറ്റിലയില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കിയ യുവതികളില്‍ ഒരാളായ കണ്ണൂര്‍ ആലക്കോട് സ്വദേശിനി എയ്ഞ്ചല്‍ ബേബി(30) വലിയ പ്രശ്‌നക്കാരിയെന്ന് വിവരം. സിനിമാ മേഖലയുമായി ബന്ധമുള്ള ഇവര്‍ നിരവധി ആളുകളെ പറ്റിച്ച് പണം തട്ടിയെടുത്തതായാണ് വെളിപ്പെടുത്തല്‍. ചില സീരിയലുകളിലും ഇവര്‍ മുഖം കാണിച്ചിട്ടുണ്ട്.ഇന്നലെ ഉച്ചയ്ക്കാണ് പോലീസുകാരെയും നാട്ടുകാരെയും കാഴ്ചക്കാരാക്കി യൂബര്‍ ടാക്‌സി ഡ്രൈവറെ യാത്രക്കാരായി എത്തിയ മൂന്നു യുവതികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ഇന്നലെ ഉച്ചയ്ക്കു പതിനൊന്നരയോടെയാണ് സംഭവം. കരിങ്കല്ല് കൊണ്ടുള്ള ഇടിയില്‍ തലയ്ക്കു പരുക്കേറ്റ ഡ്രൈവര്‍ കുമ്പളം സ്വദേശി താനത്ത് വീട്ടില്‍ ടി.ഐ. ഷെഫീക്കിനെ (32) എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് പ്രതികളെപ്പറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറുടെ തല തല്ലിപ്പൊളിക്കാന്‍ നേതൃത്വം കൊടുത്ത എയ്ഞ്ചല്‍ ബേബിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്. കേസില്‍ മറ്റൊരു പ്രതിയായ ഷീജ എം അഫ്‌സലിനെതിരേയും പലവിധ ആരോപണങ്ങള്‍ ഉയരുന്നുണ്ട് ഒരു വര്‍ഷം മുമ്പ് തന്റെ സുഹൃത്തായ ജ്വല്ലറി ഉടമയെയും നാട്ടുകാരനായ സമ്പന്ന യുവാവിനെയും വരുതിയിലാക്കി എയ്ഞ്ചല്‍ പണം തട്ടാന്‍ ശ്രമിച്ചെന്നും തന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ജ്വല്ലറി ഉടമയുടെ ജിവന്‍ രക്ഷപെട്ടതെന്നും പൊതുപ്രവര്‍ത്തകനായ അജ്മല്‍ ശ്രീകണ്ഠാപുരം വെളിപ്പെടുത്തി. ഒരു വര്‍ഷം മുമ്പായിരുന്നു ഇത്.

സംഭവത്തെക്കുറിച്ച് അജ്മല്‍ നല്‍കുന്ന വിവരണം ഇങ്ങനെ. ഒരു ദിവസം വൈകുന്നേരം നാലുമണിയോടടുത്ത് തന്റെ ഫഌറ്റില്‍ വരണമെന്ന് എയ്ഞ്ചല്‍ ഇയാളെ ഫോണില്‍ വിളിക്കുകയായിരുന്നു. തന്റെ പഴയ സ്വര്‍ണം വില്‍ക്കാനുണ്ടെന്നും ഉടന്‍ പണം വേണമെന്നും ആവശ്യപ്പെട്ടാണ് എയ്ഞ്ചല്‍ ജ്വല്ലറി ഉടമയെ ഫ്‌ളാറ്റിലേക്ക് വിളിപ്പിച്ചത്. ജ്വല്ലറിയില്‍ പല വട്ടമെത്തി പരിചയമുണ്ടായിരുന്നതിനാല്‍ ഇയാള്‍ക്ക് സംശയം തോന്നിയില്ല. മാതൃഭുമി ജംഗ്ഷനടുത്തൈ ഫഌറ്റിലായിരുന്നു അന്ന് ഇവര്‍ താമസിച്ചിരുന്നത്. ജ്വല്ലറി ഉടമ ഫഌറ്റിലെത്തുമ്പോള്‍ മുറിയില്‍ എയ്ഞ്ചലിനെക്കൂടാതെ മൂന്നു യുവാക്കളും രണ്ടു സ്ത്രീകളും ഉണ്ടായിരുന്നു. താന്‍ കുടുക്കില്‍ പെട്ടെന്ന് മനസിലായതോടെ ഇവിടെ നിന്നു രക്ഷപ്പെടാന്‍ ജ്വല്ലറി ഉടമ ശ്രമിച്ചെങ്കിലും ഇവര്‍ അയാളെ കടന്നു പിടിച്ചു. കഴുത്തിലുണ്ടായിരുന്ന മൂന്നു പവന്റെ മാല പൊട്ടിച്ചെടുക്കുകയും ചെയ്തു. ഒരുവിധത്തിലാണ് അന്നിയാള്‍ അവിടെ നിന്ന് രക്ഷപ്പെട്ടത്.

പിറ്റേന്ന് കടതുറക്കാനെത്തിയ ഇയാളെ എതിരേറ്റേത് എയ്ഞ്ചലും കൂട്ടുകാരുമായിരുന്നു. ഒരുലക്ഷം രൂപ നല്‍കണമെന്നും ഇല്ലങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്നുമായിരുന്നു ഭീഷണി. ഇയാള്‍ തന്നെ സമീപിക്കുന്നതെന്ന് അജ്മല്‍ പറയുന്നു. തുടര്‍ന്ന് അജ്മലിനൊപ്പമൊത്തി നോര്‍ത്ത് സ്‌റ്റേഷനില്‍ കടയുടമ പരാതി നല്‍കി. ഇത് മണത്തറിഞ്ഞ എയ്ഞ്ചലും കൂട്ടരും കടയുടമ തങ്ങളെ ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി ജനറല്‍ ആശുപത്രില്‍ അഡ്മിറ്റായി. തനിക്കെതിരെ പീഡനക്കേസ് മുറുകുമെന്നായപ്പോള്‍ ജ്വല്ലറി ഉടമ ഇനി ഒന്നിനുമില്ലെന്നു പറഞ്ഞ് കളം ഒഴിയുകയായിരുന്നു. ഇതിനു പിന്നില്‍ കളിച്ചതാകട്ടെ ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവും.

ഇവരുടെ കെണിയില്‍പ്പെട്ട മറ്റൊരാള്‍ ഒരു സമ്പന്ന കുടുംബത്തിലെ യുവാവായിരുന്നു. ഇയാളെ പ്രേമം നടിച്ചാണ് എയ്ഞ്ചല്‍ വീഴ്ത്തിയത്. ഇവരുടെ കെണിയില്‍ നിന്നും രക്ഷപെടാന്‍ യുവാവ് ശ്രമിച്ചപ്പോഴെല്ലാം താന്‍ കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുമെന്നും പൊലീസ് കേസില്‍ കുടുക്കുമെന്നും എയ്ഞ്ചല്‍ ഭീഷണി മുഴക്കിയിരുന്നെന്നും അജ്മല്‍ പറയുന്നു. എന്നാല്‍ ഈ പ്രശ്‌നം എങ്ങനെ പരിഹരിച്ചുവെന്ന കാര്യം തനിക്കറിയില്ലെന്ന് അജ്മല്‍ വ്യക്തമാക്കി.

എയ്ഞ്ചലിനെക്കൂടാതെ പുറത്തേല്‍ വീട്ടില്‍ ക്ലാര ഷിബിന്‍ കുമാര്‍ (27), പത്തനംതിട്ട ആയപുരയ്ക്കല്‍ വീട്ടില്‍ ഷീജ എം. അഫ്‌സല്‍ (30) എന്നിവര്‍ക്കെതിരെയാണ് യൂബര്‍ ഡ്രൈവറെ മര്‍ദ്ദിച്ചതിന് പൊലീസ് കേസെടുത്തത്. മൂവരും കണ്ണൂര്‍ സ്വദേശിനികളാണ്. മാത്രമല്ല എയ്ഞ്ചലും ക്ലാരയും ബന്ധുക്കളും വിവാഹിതകളുമാണ്. അക്കൗണ്ടന്റായ തോപ്പുംപടി സ്വദേശി ഷിനോജ് എറണാകുളം ഷേണായീസില്‍ എത്തിയശേഷം തൃപ്പൂണിത്തുറയിലെ ഓഫീസിലേക്കു പോകാന്‍ യൂബറിന്റെ ഷെയര്‍ ടാക്‌സി (പൂള്‍ ബുക്ക്) വിളിച്ചതോടെയാണ് സംഭവങ്ങള്‍ക്കു തുടക്കം.