മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ഫാസിൽ. ഒട്ടേറെ ക്ലാസിക് ചിത്രങ്ങൾ മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ സംവിധാനം ചെയ്‌തും നിർമ്മിച്ചും എത്തിച്ച അദ്ദേഹം ഇപ്പോൾ വീണ്ടും നിർമ്മാണ രംഗത്തേക്ക് തിരിച്ചു വരികയാണ്. മലയാളത്തിലെ യുവ താരവും സ്വന്തം മകനുമായ ഫഹദ് ഫാസിൽ നായകനാകുന്ന മലയൻ കുഞ്ഞ് എന്ന ചിത്രമാണ് ഫാസിൽ നിർമ്മിക്കുന്നത്. കൂടാതെ മോഹൻലാൽ- മമ്മൂട്ടി എന്നിവരെ ഒരുമിപ്പിച്ചു ഒരു വമ്പൻ ആക്ഷൻ ചിത്രമൊരുക്കാനും പ്ലാനുണ്ടെന്നു അദ്ദേഹം വെളിപ്പെടുത്തുന്നു. ഫാസിൽ മലയാള സിനിമയിൽ കൊണ്ട് വന്ന നടന്മാരാണ് ഇന്ത്യൻ സിനിമയിലെ ഇതിഹാസമായ മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, പുതു തലമുറയിലെ ഏറ്റവും മികച്ച മലയാള നടൻ എന്നറിയപ്പെടുന്ന ഫഹദ് ഫാസിൽ എന്നിവർ. ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, പൃഥ്വിരാജ് സുകുമാരൻ, ടോവിനോ തോമസ്, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ തുടങ്ങിയ യുവ നായകന്മാരിൽ ആരാണ് മികച്ച നടൻ എന്ന ചോദ്യത്തിന് ഫാസിൽ നൽകുന്ന ഉത്തരമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മോഹൻലാലും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമാണ് താൻ കൊണ്ട് വന്ന നടൻമാർ എന്നും അതിൽ മോഹൻലാൽ മികച്ച നടൻ ആണെന്ന് പണ്ടേ തെളിയിച്ചു കഴിഞ്ഞതാണെന്നും ഫാസിൽ പറയുന്നു. എന്നാൽ 1997 ഇൽ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ താൻ കൊണ്ട് വന്ന കുഞ്ചാക്കോ ബോബനിലെ നടനെ തനിക്കു ബോധ്യപെട്ടത് അടുത്തിടെ ഇറങ്ങിയ വൈറസ്സ്, അഞ്ചാം പാതിരാ എന്ന ചിത്രങ്ങളിലെ കുഞ്ചാക്കോ ബോബന്റെ പ്രകടനങ്ങളിലൂടെ ആണെന്ന് ഫാസിൽ വെളിപ്പെടുത്തുന്നു. ഈ ചിത്രങ്ങൾ ശ്രദ്ധ നേടിയതിനു ശേഷം ഒട്ടേറെ മികച്ച പ്രൊജെക്ടുകളുമായാണ് കുഞ്ചാക്കോ ബോബൻ പുതിയ വർഷത്തിലേക്കു കടക്കുന്നത്. പൃഥ്വിരാജ്, ടോവിനോ, ദുൽഖർ എന്നിവരും നല്ല നടൻമാർ ആണെന്നും ഫഹദ് മറ്റു യുവ നടന്മാരെക്കാളും മികച്ച ആളാണെന്നു അച്ഛനും സംവിധായകനുമെന്ന നിലയിൽ താൻ പറയില്ല എന്നും ഫാസിൽ വിശദീകരിച്ചു. ഫഹദ് വളരെ ബുദ്ധിപരമായി ചിന്തിക്കുന്നു എന്നതാണ് ഫഹദിന്റെ വിജയമെന്നാണ് ഫാസിൽ പറയുന്നത്.
Leave a Reply