തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ നടന്ന ആക്രമണം സംബന്ധിച്ച അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ. സംഭവത്തോട് അനുബന്ധിച്ച് ആശ്രമത്തിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാളെ പിന്നീട് വിട്ടയച്ചുവെന്ന് ഡിജിപി അറിയിച്ചു.

ആശ്രമത്തിലെ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതേക്കുറിച്ച് ദുരൂഹതകള്‍ ഉണ്ടായിരുന്നെങ്കിലും അവ ഇടിയിലും മഴയിലും കേടായതാണെന്ന് സന്ദീപാന്ദഗിരി പൊലീസിനെ അറിയിച്ചിരുന്നു. തിരുവനന്തപുരത്തെ കുണ്ടമന്‍കടവിലുള്ള ആശ്രമത്തിനുനേരെയാണ് ആക്രമണം നടന്നത്.

അക്രമികള്‍ രണ്ടു കാറുകള്‍ക്ക് തീയിടുകയും ആശ്രമത്തിനു മുന്‍പില്‍ റീത്ത് വെക്കുകയുമായിരുന്നു. തീ ഉയരുന്നത് കണ്ട സന്ദീപാനന്ദഗിരി ഓടിയെത്തുമ്പോഴേക്കും കാറുകള്‍ പൂര്‍ണ്ണമായി കത്തിനശിച്ചിരുന്നു.