ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ജിപിമാരിൽ ഏകദേശം 40 ശതമാനം ഉപയോഗിക്കുന്ന ‘ആംബിയന്റ് എഐ സ്‌ക്രൈബ്’ സംവിധാനങ്ങൾ രോഗികളുമായുള്ള സംഭാഷണം കേട്ട് മെഡിക്കൽ കുറിപ്പുകളും കത്തുകളും തയ്യാറാക്കുന്നതിനാണ് ഉപയോഗിക്കുന്നത് . എഡിൻബറ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഇവ ഡോക്ടർമാരുടെ ജോലിഭാരം കുറയ്ക്കാനും രോഗികളുമായുള്ള സംഭാഷണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നതായി കണ്ടെത്തിയെങ്കിലും, രോഗിയുടെ മുഖഭാവം, ആംഗ്യങ്ങൾ, വൈകാരികാവസ്ഥ തുടങ്ങിയ പ്രധാന സൂചനകൾ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. എഐ ഉപയോഗിച്ച് സംഭാഷണം റെക്കോർഡ് ചെയ്യുന്നുവെന്നറിയുമ്പോൾ ലഹരി ഉപയോഗം, ഗാർഹിക പീഡനം, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കാൻ ചില രോഗികൾ മടിക്കാനും സാധ്യതയുണ്ടെന്നും പഠനം പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എഐ കുറിപ്പുകളെ അമിതമായി ആശ്രയിക്കുന്നത് ഡോക്ടർമാരുടെ ഓർമശക്തിയെയും പ്രൊഫഷണൽ കഴിവുകളുടെ വികാസത്തെയും ബാധിക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി. രോഗികളുമായി സംസാരിക്കുന്നതിനിടെ ഡോക്ടർമാർ സ്വയം കുറിപ്പെടുക്കുന്നത് അവരുടെ ചിന്തയും വിലയിരുത്തലും ശക്തിപ്പെടുത്തുന്ന പ്രക്രിയയാണ്. എഐ ഉപയോഗിച്ചതിന് ശേഷം സ്വന്തം കുറിപ്പുകൾ പോലും തിരിച്ചറിയാതിരുന്ന ഡോക്ടർമാരുടെ അനുഭവങ്ങളും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, യുകെയിലെ ചില ആരോഗ്യകേന്ദ്രങ്ങളിൽ എഐ ട്രാൻസ്‌ക്രിപ്ഷൻ സംവിധാനങ്ങൾ ഉപയോഗിച്ചതിലൂടെ രോഗികളുടെ കത്തുകൾ തയ്യാറാക്കുന്നതിലെ വലിയ വെയ്റ്റിംഗ് ലിസ്റ്റ് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞതായും റിപ്പോർട്ടുണ്ട്.

രോഗിയുടെ ശബ്ദവും അനുഭവങ്ങളും എഐ സാങ്കേതികവിദ്യയുടെ സംഗ്രഹങ്ങളിൽ നഷ്ടപ്പെടാതിരിക്കണമെന്ന് ഗവേഷകർ ആവശ്യപ്പെട്ടു. വിവിധ ആരോഗ്യസംവിധാനങ്ങളിലും ദീർഘകാലാടിസ്ഥാനത്തിലും ഇത്തരം ഉപകരണങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അവ ഉയർത്തുന്ന പുതിയ അപകടസാധ്യതകൾ എന്തൊക്കെയാണെന്നും കൂടുതൽ പഠനം ആവശ്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കി. പേപ്പർ ജോലികൾ കുറയ്ക്കുമെന്ന പ്രതീക്ഷയിൽ ഡോക്ടർമാർ എഐ സ്‌ക്രൈബുകളെ ആവേശത്തോടെ സ്വീകരിക്കുന്നുണ്ടെങ്കിലും രോഗികളുടെ അനുഭവങ്ങൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നാണ് എഡിൻബറ സർവകലാശാലയിലെ ഡോ. ലൂക്കസ് സ്യൂറൻ അഭിപ്രായപ്പെട്ടത് . ഇത് ആരോഗ്യ- സാമൂഹിക പരിചരണ മേഖലയിൽ നേരത്തേ തന്നെ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.