കരിപ്പൂര്‍ വിമാനത്താവളത്തിൽ ലാന്‍റിംഗിനിടെ വിമാനം റൺവെയിൽ ഉരസി. തലനാരിഴയ്ക്കാണ് ദുരന്തം വഴിമാറിയത്. സൗദിയിൽ നിന്ന് യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ പുറക് വശം ലാന്‍റിംഗിനിടെ റൺവെയിൽ ഉരസുകയായിരുന്നു. 180 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
വിമാനത്തിന് കേടുപാടുകളുണ്ടെന്നാണ് വിവരം. സാങ്കേതിക വിദഗ്ധരെത്തി പരിശോധിച്ച ശേഷം മാത്രമെ യാത്ര തുടരാനാകു എന്നും അധികൃതര്‍ അറിയിച്ചു. തിരിച്ചുള്ള വിമാനത്തിന് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് പകരം സംവിധാനം ഏര്‍പ്പാടാക്കിയിട്ടുണ്ട്.
അപകടത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും യാത്രക്കാർ. വിമാനം പതിനഞ്ച് മിനിറ്റോളം ആകാശത്ത് വട്ടം കറങ്ങിയെന്നും രണ്ട് തവണ ലാന്റ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന് ശേഷമാണ് പിന്നീട് നിലത്തിറക്കിയതെന്നും യാത്രക്കാർ പറഞ്ഞു.
വിമാനത്തിലുണ്ടായിരുന്ന കാസർഗോഡ് അണങ്കൂർ സ്വദേശി ഫൈസലും കുടുംബവും ഇപ്പോഴും ആ ഞെട്ടലിലാണ്. ലാൻഡിങിനായി തയ്യാറെടുക്കുമ്പോൾ തന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ഇവർ പറഞ്ഞു. രണ്ട് തവണ ലാന്റെ ചെയ്യാന്‍ ശ്രമിച്ച ശേഷം വീണ്ടും പറന്നുയര്‍ന്നു.
മൂന്നാമത്തെ തവണ വലിയ ശബ്ദത്തോടെയാണ് ലാന്റ് ചെയ്തത്. ലാന്റ് ചെയ്ത ശേഷവും അമിത വേഗത്തിലായിരുന്നു വിമാനം റണ്‍വേയിലൂടെ സഞ്ചരിച്ചത്. യാത്രക്കാരെല്ലാം പരിഭ്രാന്തരായിരുന്നുവെന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരി റംസീന പറഞ്ഞു.
183 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തെന്നിമാറിയ സ്ഥലത്ത് അൽപംകൂടി മുന്നോട്ട് പോയിരുന്നെങ്കിൽ വിമാനം കൊക്കയിൽ വീഴുമായിരുന്നു. വിമാനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് പ്രശ്നത്തിന് കാരണമെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
Leave a Reply