ഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വാക്സിൻ രജിസ്ട്രേഷന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പ്രയാസം നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ നമ്മുടെ അടുത്തുളള വാക് സിനേഷന്‍ കേന്ദ്രങ്ങള്‍ ഏതാണെന്നും അവിടെ സ്ലോട്ടുകള്‍ ഒഴിവുണ്ടോ എന്നറിയാനും വാട് സാപ്പ് സേവനം ഉപയോഗപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ MyGov ഡിജിറ്റല്‍ പോര്‍ട്ടലിന്റെയും വാട് സാപ്പിന്റെയും സഹകരണത്തോടെ വാട് സാപ്പ് ബോട്ട് വഴിയാണ് ഈ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. ഇതിനായി +91 9013151515 എന്ന നമ്പർ നമ്മള്‍ മൊബൈലില്‍ സേവ് ചെയ്യുക. തുടര്‍ന്ന് വാട് സാപ്പിലൂടെ ഈ നമ്പറിലേക്ക് ഒരു Hi മെസേജ് അയക്കുക. ഇതോടെ MyGov കൊറോണ ഹെല്‍പ്ഡെസ്ക് ചാറ്റ്ബോട്ടിന്റെ സേവനം നമ്മള്‍ക്ക് ലഭിക്കും. നമ്മള്‍ അയച്ച മെസേജിന് മറുപടിയായി അടിയന്തര നമ്പറുകളും ഇമെയില്‍ ഐഡിയും സഹിതം ഒന്‍പത് ഓപ്ഷനുകളും അടങ്ങിയ മെനു തുറക്കും.

ഇവിടെ നിന്നും നമുക്ക് ഏത് ചോദ്യത്തിനാണ് മറുപടി വേണ്ടതെന്ന് നോക്കി ആ ചോദ്യനമ്പർ ടൈപ്പ് ചെയ്ത് അയക്കണം. രോ​ഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുളള മാര്‍​ഗങ്ങള്‍, കോവിഡിനെക്കുറിച്ചുളള പുതിയ കാര്യങ്ങള്‍, വ്യാജ വാര്‍ത്തകളെ തിരിച്ചറിയാം, വാക് സിനേഷന്‍ കേന്ദ്രങ്ങള്‍ എന്നിങ്ങനെ ഒന്‍പത് കാര്യങ്ങളാണ് ഇതിലുളളത്. വാക്സിനേഷന്‍ കേന്ദ്രങ്ങളെക്കുറിച്ചാണ് നമുക്ക് അറിയേണ്ടതെങ്കില്‍ 1 എന്ന് ടെെപ്പ് ചെയ്ത് അയക്കുക. ഉടനെ പിന്‍കോഡ് ആവശ്യപ്പെട്ട് മെസേജ് വരും. പിന്‍കോഡ് നല്‍കിയാല്‍ നമ്മുടെ പ്രദേശത്തുളള വാക്സിനേഷന്‍ കേന്ദ്രങ്ങളെക്കുറിച്ചും സ്ലോട്ടുകളെക്കുറിച്ചും അറിയാന്‍ കഴിയും.

ഇതുവഴി കൊവിന്‍ (www.cowin.gov.in) എന്ന വെബ്സെെറ്റില്‍ കയറി എളുപ്പത്തില്‍ സ് ലോട്ട് ബുക്ക് ചെയ്യാനും വാക്സിനേഷൻ നടപടികളിലേക്ക് കടക്കാനും സാധിക്കുന്നതാണ്.