മംഗളൂരു: മംഗലാപുരം വിമാനത്താവളത്തില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതികത്തകരാര്‍ മൂലം തിരിച്ചിറക്കി. വ്യാഴാഴ്ച വൈകിട്ട് 5.45ന് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. ഹബോയിംഗ് 737-800 വിമാനത്തിനാണ് സാങ്കേതികത്തകരാര്‍ ഉണ്ടായത്. വിമാനത്തിലുണ്ടായിരുന്ന 173 യാത്രക്കാരും സുരക്ഷിതരാണെന്ന് എയര്‍ഇന്ത്യ അറിയിച്ചു.

പറന്നുയര്‍ന്ന് 45 മിനിറ്റിനു ശേഷം വലിയൊരു ശബ്ദം കേട്ടെന്നാണ് യാത്രക്കാര്‍ പറഞ്ഞത്. എന്‍ജിനില്‍ തകരാറുണ്ടായെന്നാണ് സൂചന. ശബ്ദം കേട്ടതിനു പിന്നാലെ വിമാനത്തിന് വിറയലുണ്ടായി. തുടര്‍ന്ന് വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആറരയോടെ വിമാനം തിരിച്ചിറക്കി.

ഇന്ന് രാവിലെ 5.30ന് യാത്രക്കാര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തി. ഇതില്‍ യാത്രക്ക് തയ്യാറായവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തി. അ്ല്ലാത്തവര്‍ക്ക് ടിക്കറ്റിന്റെ തുക തിരികെ നല്‍കുകയോ യാത്ര പിന്നീടേക്ക് മാറ്റിവെക്കാമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. വിമാനത്തില്‍ എയര്‍ഇന്ത്യയുടെ വിദഗ്ദ്ധര്‍ പരിശോധനകള്‍ നടത്തി. കാര്യമായ അറ്റകുറ്റപ്പണികള്‍ ആവശ്യമാണെന്നാണ് വിവരം.