ഭോപ്പാല്‍: കെടുകാര്യസ്ഥത മൂലം അനുദിനം വാര്‍ത്തകളില്‍ നിറയുകയാണ് എയര്‍ ഇന്ത്യ. നാഥനില്ലാ കളരിപോലെയാണ് പൊതുമേഖലാ സ്ഥാപനം. ലാന്‍ഡിങ്ങിനിടെ ചക്രത്തിലെ കാറ്റ് പോയിട്ടാണ് ഇത്തവണ വാര്‍ത്തയില്‍ ഇടം പിടിച്ചിട്ടുള്ളത്. ഭോപ്പാല്‍ രാജ ഭോജ് വിമാനത്താവളത്തിലാണ് സംഭവം. ഇന്നലെ പുലര്‍ച്ചെ വന്നിറങ്ങിയ എയര്‍ബസ് 320 വിമാനമാണ് ടയറുകളിലൊന്നിനു കാറ്റു പോയി മടക്കയാത്ര വൈകിയത്. ഡല്‍ഹിയില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ ഇറങ്ങിയതിനു പിന്നാലെ ടയറിന്റെ കാറ്റു പോയി. യാത്രക്കാരെ സുരക്ഷിതരായി ഇറക്കിയെങ്കിലും ഭോപ്പാലില്‍നിന്നു ഡല്‍ഹിയിലേക്കുള്ള വിമാന മടക്കയാത്ര ഒന്‍പതു മണിക്കൂറിലേറെ വൈകി.
കഴിഞ്ഞ ദിവസം വിമാനത്തിനുള്ളില്‍ എലിയെ കണ്ടതിനെ തുടര്‍ന്ന് 6 മണിക്കൂര്‍ പറന്ന വിമാനം തിരിച്ചി റക്കിയിരുന്നു. മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോയ വിമാനമാണ് ടെഹ്‌റാനില്‍ എത്തിയപ്പോള്‍ എലിയെ കണ്ടതിനെ തുടര്‍ന്ന് മുംബയിലേക്ക് തിരിച്ചു പറന്നത്.