ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കിയത് യാത്രക്കാർക്ക് വൻ തിരിച്ചടിയായി. തിങ്കളാഴ്ച ഉണ്ടായ പ്രശ്നം ഉടൻ പരിഹരിച്ചെങ്കിലും ഇതുവരെയും കാര്യങ്ങൾ പൂർവസ്ഥിതിയിലായിട്ടില്ല. കാലതാമസം ദിവസങ്ങളോളം നീണ്ടുനിൽക്കുമെന്ന് എയർലൈൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രോസസ്സ് ചെയ്യാൻ കഴിയാത്ത ഫ്ലൈറ്റ് പ്ലാനാണ് പ്രശ്നത്തിന് കാരണമെന്ന് നാഷണൽ എയർ ട്രാഫിക് സർവീസസ് പറഞ്ഞു. ഇതോടെ, വിദേശത്തും യുകെയിലും കുടുങ്ങിപ്പോയ യാത്രക്കാർക്ക് നാട്ടിലേക്ക് ബദൽ മാർഗങ്ങൾ കണ്ടെത്തേണ്ടിവന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സൈബർ ആക്രമണം മൂലമാണ് തകരാർ സംഭവിച്ചതെന്ന സൂചനകളൊന്നും ഇല്ലെന്ന് നാറ്റ്സ് സ്ഥിരീകരിച്ചു. സംഭവം സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അന്വേഷിക്കും. ഒരു ഫ്രഞ്ച് എയർലൈൻ സമർപ്പിച്ച ഫ്ലൈറ്റ് പ്ലാനാണ് പ്രശ്‌നത്തിന് പിന്നിൽ എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ അത് സ്ഥിരീകരിക്കാൻ സാധ്യമല്ലെന്ന് നാറ്റ്സ് ചീഫ് എക്സിക്യൂട്ടീവ് മാർട്ടിൻ റോൾഫ് പറഞ്ഞു.

ഗതാഗത സെക്രട്ടറിക്ക് പ്രാഥമിക റിപ്പോർട്ട് നൽകാൻ നാറ്റ്സ് സിസിഎയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിന്റെ നിഗമനം പരസ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്ലൈറ്റുകളുടെ ബാക്ക്‌ലോഗ് ലഘൂകരിക്കുന്നതിനായി എല്ലാ യുകെ വിമാനത്താവളങ്ങളിലേക്കും രാത്രി പറക്കുന്നതിന് അനുമതി നൽകിയതായി ഗതാഗത വകുപ്പ് അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് അവരുടെ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ പറഞ്ഞു. ഗാറ്റ്വിക്കിൽ 75, ഹീത്രൂവിൽ 74, മാഞ്ചസ്റ്ററിൽ 63, സ്റ്റാൻസ്റ്റെഡിൽ 28, ലൂട്ടണിൽ 23, എഡിൻബർഗിൽ 18 എന്നിങ്ങനെ 281 വിമാനങ്ങൾ റദ്ദാക്കിയിരുന്നു .