യു കെ :- എയർഡെയിൽ എൻ എച്ച് എസ് ട്രസ്റ്റ് ഒ എസ് സി ഇ പരീക്ഷകളിൽ തങ്ങളുടെ വിദ്യാർത്ഥികൾ നേടിയ 100 ശതമാനം വിജയം ആഘോഷിക്കുന്നതിനായി ജൂലൈ 11 ചൊവ്വാഴ്ച ആദ്യമായി വിജയാഘോഷ പരിപാടി നടത്തിയത് പുതിയ വാർത്തയായി മാറിയിരിക്കുകയാണ്. 2019-ൽ എയർഡെയിലിൽ ഒ എസ് സി ഇ പരിശീലന പരിപാടി ആരംഭിച്ചതു മുതൽ ട്രസ്റ്റ് 15 ബാച്ചോളം അന്താരാഷ്ട്ര നേഴ്‌സുമാരെ സ്വാഗതം ചെയ്തിട്ടുണ്ട്. എയർഡെയിലിന്റെ ഒ എസ് സി ഇ റിക്രൂട്ട്‌മെന്റുകളിൽ 161 പേരും പരീക്ഷയിൽ പാസ് ആവുകയും ചെയ്തു. ഒബ്ജക്റ്റീവ് സ്ട്രക്ചേർഡ് ക്ലിനിക്കൽ എക്സാമിനേഷൻ (OSCE) എന്നത് അന്താരാഷ്ട്ര യോഗ്യതയുള്ള നേഴ്‌സുമാർക്ക് യുകെയിൽ നേഴ്‌സായി രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് നിർബന്ധമായും പാസാകേണ്ട പരീക്ഷയാണ്. ഈ പരീക്ഷ വിജയിച്ചുകഴിഞ്ഞാൽ മാത്രമേ നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിൽ (എൻഎംസി) നിന്ന് ഉദ്യോഗാർത്ഥികൾക്ക് അവരുടെ പിൻ ലഭിക്കുകയുള്ളൂ. ഈ നടപടിയിലൂടെയാണ് അവർ പൂർണ്ണമായും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നത്.
എയർഡെയിൽ ജനറൽ ഹോസ്പിറ്റലിലെ ലെക്ചർ തിയേറ്ററിൽ നടന്ന പരിപാടിയിൽ എഴുപത്തിയഞ്ചിലധികം ഒ എസ് സി ഇ റിക്രൂട്ട്‌മെന്റ് ലഭിച്ചവർ, അവരുടെ പരിശീലകർ, ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, ഈ യാത്രയിൽ അവരെ പിന്തുണച്ച സഹപ്രവർത്തകർ എന്നിവർ പങ്കെടുത്തു. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ചീഫ് നേഴ്‌സ് അമാൻഡ സ്റ്റാൻഫോർഡ്, നേഴ്‌സിംഗ് ഡെപ്യൂട്ടി ഡയറക്ടർ സാജൻ സത്യൻ, മെഡിസിൻ നേഴ്‌സിംഗ് ഡിവിഷണൽ ഡയറക്ടർ കാതറിൻ റെഡ്മാൻ, സ്‌പെഷ്യലിസ്റ്റ് സേവനങ്ങൾക്കുള്ള നേഴ്‌സിംഗ് ഡിവിഷണൽ ഡയറക്ടർ ആനി മക്ലസ്‌കി, സീനിയർ സിസ്റ്റർ ജിന്റു തോമസ്. , എന്നിവർ ചേർന്ന് പരമ്പരാഗതമായി വിളക്ക് തെളിയിച്ചാണ് ആരംഭിച്ചത്. നിരവധി കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായിരുന്നു.
Leave a Reply