ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർക്ക് എതിരെ സംസാരിച്ചതിന്റെ പേരിൽ സ്വദേശിയും സംവിധായികയുമായ ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ല. ഐഷയ്ക്ക് എതിരായ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ലെന്ന് അഭിഭാഷകൻ കാളീശ്വരം രാജ് പ്രതികരിച്ചു. 1962ലെ കേദാർനാഥ് സിംഗ് കേസിൽ വന്ന ഭരണഘടനാബെഞ്ചിന്റെ വിധിയും മാധ്യമപ്രവർത്തകൻ വിനോദ് ദുവാ കേസിലെ സുപ്രീം കോടതിവിധിയും അനുസരിച്ച് ഐഷയ്‌ക്കെതിരായ കേസ് നിലനിൽക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘കലാപമോ ആക്രമണമോ ലക്ഷ്യമിട്ടുള്ള ആഹ്വാനം മാത്രമേ രാജ്യദ്രോഹക്കുറ്റമായി മാറുന്നുള്ളൂവെന്ന് സുപ്രീംകോടതി ആവർത്തിച്ച് വ്യക്തമാക്കിയത്. ഐഷ സുൽത്താനയുടെ പ്രസ്താവനയിൽ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന ഒറ്റ വാക്കുമില്ല,’ കാളീശ്വരം രാജ് പറഞ്ഞു.
മീഡിയ വൺ ചാനൽ ചർച്ചയിൽ ദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ ജൈവായുധം (ബയോവെപ്പൺ) എന്ന് വിശേഷിപ്പിച്ച സംഭവത്തിലാണ് ഐഷയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുൽ ഖാദർ ഹാജി നൽകിയ പരാതിയിലാണ് ഐഷ സുൽത്താനക്കെതിരെ കവരത്തി പോലീസ് കേസെടുത്തത്.
ചൈന മറ്റ് രാജ്യങ്ങൾക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പൺ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നേരെ പ്രഫുൽപട്ടേലെന്ന ബയോവെപ്പൺ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമർശം. എന്നാൽ പരാതി നൽകിയ ദ്വീപ് ബിജെപി പ്രസിഡന്റിന് എതിരെ പാർട്ടി നേതാക്കൾ തന്നെ രംഗത്തെത്തി. പലരും പാർട്ടി വിടുകയും ചെയ്തിരിക്കുകയാണ്. ലക്ഷദ്വീപിലെ ബിജെപിക്കും ക്ഷീണമായിരിക്കുകയാണ് ഇപ്പോൾ ഉയർന്ന വിവാദങ്ങൾ.
ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുൽ പട്ടേലിനെതിരെ വിമർശനവുമായി ഐഷ സുൽത്താന ചാനൽ ചർച്ചകളിൽ എത്തിയത് ബി.ജെ.പിക്ക് വലിയ ക്ഷീണം ഉണ്ടാക്കിയിരുന്നു. കേരളവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുൽ പട്ടേൽ ശ്രമിക്കുന്നതെന്ന് ഐഷ സുൽത്താന പറഞ്ഞിരുന്നു.
ദ്വീപിന്റെ വികസനത്തിന് തങ്ങൾ എതിരല്ലെന്നും ഉത്തരേന്ത്യൻ സംസ്‌കാരം ദ്വീപ് നിവാസികളിൽ അടിച്ചേൽപ്പിക്കാനാണ് അഡ്മിനിസ്‌ട്രേറ്ററിന്റെയും സംഘത്തിന്റെയും ശ്രമമെന്നും ഐഷ പറഞ്ഞിരുന്നു.
Leave a Reply