തിരുവനന്തപുരം: സോളാര്‍കമ്മീഷന്റെ കണ്ടെത്തലുകള്‍ തനിക്ക് വൈകി ലഭിച്ച നീതിയാണെന്ന് സരിത എസ്. നായര്‍. തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറായ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനോട് നന്ദിയുണ്ടെന്നും അവര്‍ പ്രതികരിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം അടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സരിതയുടെ പ്രതികരണം.

സോളാര്‍ ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ മന്ത്രിസഭയിലുള്ള നിരവധി പേര്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചതായി സരിത ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ കമ്മീഷന് കത്ത് നല്‍കുകയും ചെയ്തിരുന്നു. എ. പി അനില്‍കുമാര്‍, ജോസ് കെ. മാണി, അടൂര്‍ പ്രകാശ്, പളനിമാണിക്യം, കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യം, ഹൈബി ഈഡന്‍, കെ.സി വേണുഗോപാല്‍ തുടങ്ങിയവരുടെ പേരുകള്‍ കത്തിലുണ്ടായിരുന്നു. എന്നാല്‍ കേസ് അന്വേഷിച്ച പോലീസ് ഇക്കാര്യങ്ങള്‍ പരിശോധിച്ചില്ലെന്ന് സോളാര്‍ കമ്മീഷന്‍ കണ്ടെത്തിയതായി ഇന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ടീം സോളാറിന് വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നതിന് പണം മാത്രമല്ല കൈക്കൂലിയായി കൈപ്പറ്റിയതെന്നും സരിതയെ ലൈംഗികമായി ഉപയോഗിച്ചതും കൈക്കൂലിയുടെ ഗണത്തില്‍ പെടുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. അതിനാല്‍ അഴിമതി നിരോധന നിയമവും ലൈംഗിക പീഡനം, ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളും ഉള്‍പ്പെടുത്തി കേസെടുത്ത് ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.