സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യ പുഷ്പാകരനെ (34) സ്കൂട്ടറില്‍ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും തുടര്‍ന്ന് തീ കൊളുത്തിയ കേസിലെ പ്രതി അജാസ് മരിച്ചു. ആക്രമണത്തെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് അജാസ് മരിച്ചത്. ജൂൺ 15 വെള്ളിയാഴ്ച്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്. വള്ളികുന്നം തെക്കേമുറി ഉപ്പന്‍വിളയില്‍ സജീവിന്റെ ഭാര്യയാണു സൗമ്യ. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ കാക്കനാട് വാഴക്കാല സൗത്ത് നെയ്തേലില്‍ എന്‍.എ.അജാസ് (33) ആണു പ്രതി.
ഗുരുതരമായി പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 60 ശതമാനത്തോളം പൊള്ളലേറ്റ അജാസിന് ബോധം വിണ്ടു കിട്ടിയെങ്കിലും സംസാരിക്കാനും മറ്റും ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അടിവയറിനു താഴേക്ക് സാരമായി പൊള്ളലേറ്റിരുന്നു. വൃക്കയുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ശരിയായ നിലയിലുമല്ലായിരുന്നു.
അതേസമയം അജാസിന്റെ ലക്ഷ്യം സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുക എന്നതായിരുന്നു. സൗമ്യക്കൊപ്പം സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചു. തീ കൊളുത്തിയശേഷം താന്‍ സൗമ്യയെ കയറിപ്പിടിക്കുകയായിരുന്നു. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ല. സൗമ്യയെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ വിവാഹഅഭ്യര്‍ഥന നടത്തിയപ്പോള്‍ സൗമ്യ വിസമ്മതിച്ചുവെന്നും അജാസ് മജിസ്ട്രേറ്റിനു നല്കിയ മൊഴിയില്‍ പറയുന്നു.
പ്രതിയുടെ മൊഴി രേഖപ്പെടുത്താനായി മജിസ്ട്രേറ്റ് രണ്ടു തവണ മുൻപ് ആശുപത്രിയില്‍ എത്തിയിരുന്നു. ഞായറാഴ്ച രാത്രി വൈകി ബോധം പൂര്‍ണമായും തെളിഞ്ഞെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് മൊഴിയെടുക്കല്‍ നടന്നത്.
Leave a Reply