ലൂസിഫര്‍ ഒരു മണ്ടന്‍ തീരുമാനമാണെന്ന് പറഞ്ഞവരുണ്ടെന്ന് പൃഥ്വിരാജ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ വിവരം പങ്കുവെച്ച് ഇട്ട ഫെ്‌യ്സ്ബുക് പോസ്റ്റിലാണ് ചിത്രത്തെ കുറിച്ച് കൂടുതല്‍ വിശദമാക്കി കൊണ്ട് അദ്ദേഹം രംഗത്ത് വന്നത്. റഷ്യയിലായിരുന്നു ഈ അവസാനഘട്ട ചിത്രീകരണം.

‘ഇന്ന് ലാലേട്ടന്‍ ലൂസിഫറിനോടും സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന കഥാപാത്രത്തോടും, വിട പറയുകയാണ്. എന്റെ മറ്റ് യാത്രകളില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമായ ഒന്നായിരുന്നു ഇത്. ലൂസിഫര്‍ പോലെ വലിയ ഒരു സിനിമ സംവിധാനം ചെയ്യുക എന്ന വെല്ലുവിളി ഞാന്‍ ഏറ്റെടുത്തപ്പോള്‍ അത് മണ്ടന്‍ തീരുമാനമാകുമെന്നാണ് എന്റെ അഭ്യുദയകാംക്ഷികളില്‍ ഭൂരിഭാഗം പേരും പറഞ്ഞിരുന്നത്. ഒരു അഭിനേതാവെന്ന നിലയില്‍ സമയം നഷ്ടപ്പെടുത്തി കൊണ്ടുള്ള തീരുമാനമാണിതെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ 16 കൊല്ലത്തെ എന്റെ സിനിമാ ജീവിതത്തില്‍ നിന്നു പഠിച്ചതിലും അറഞ്ഞതിലും കൂടുതല്‍ ഈ കഴിഞ്ഞ 6 മാസം കൊണ്ട് ഞാന്‍ പഠിച്ചിട്ടുണ്ട്.

എന്നില്‍ വിശ്വസിച്ച ലാലേട്ടന് നന്ദി. ലാലേട്ടനെ വെച്ചു ഈ സിനിമ ചെയ്യാന്‍ കഴിഞ്ഞത് എന്റെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലാണ്, ഇനിയെത്ര സിനിമകള്‍ സംവിധാനം ചെയ്താലും, ഇനി ഒന്നു പോലും സംവിധാനം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സ്റ്റീഫന്‍ നെടുംമ്പിള്ളി എന്ന കഥാപാത്രം എന്നെന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരിക്കും.’-പൃഥ്വി കുറിച്ചു.

തിരുവനന്തപുരം, വാഗമണ്‍, വണ്ടിപ്പെരിയാര്‍, എറണാകുളം, ബംഗളൂരു, ദുബായ്, ലക്ഷദ്വീപ്, റഷ്യ തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷന്‍. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയാണ് ലൂസിഫര്‍. മഞ്ജു വാര്യര്‍ ചിത്രത്തില്‍ നായികയാകുന്നു. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും.