സ്പിരിച്വല്‍ ടീം. മലയാളം യുകെ.
ദൈവ തിരുമനസ്സിനോടുള്ള വിധേയത്വമാണ് ക്രിസ്തീയ ജീവിതസാരം. മിശിഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും ജീവിതത്തില്‍ അത് വളരെ പ്രകടമായിരുന്നു. അതു ദിന ജീവിതത്തില്‍ ഓരോ നിമിഷവും പരിശുദ്ധ കന്യകയെ ദൈവദൂദന്‍ സമീപിച്ച് ദൈവഹിതം അറിയ്ച്ചതു പോലെ നമ്മെയും അറിയ്ക്കുന്നുണ്ട്. ദൈവ പ്രമാണങ്ങള്‍, തിരുസഭയുടെ കല്പനകള്‍, മേലധികാരുടെ നിര്‍ദ്ദേശങ്ങള്‍, ജീവിത ചുമതലകള്‍, അന്തഃക്കരണ പ്രചോതനങ്ങള്‍ എന്നിവയിലൂടെ അത് നാം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നെങ്കില്‍ നമുക്ക് കൂടുതല്‍ ഉത്തമമായി ദൈവ സേവനവും സഹോദര സേവനവും നിര്‍വഹിക്കുവാന്‍ കഴിയും.

പ്രാര്‍ത്ഥന.
ദിവ്യ ജനനീ, അങ്ങ് ദൈവതിരുമനസ്സിനോട് പരിപൂര്‍ണ്ണ വിധേയമായി വര്‍ത്തിച്ചു. എല്ലാ നിമിഷത്തിലും അത് മാത്രമായിരുന്നു അവിടുത്തെ ജീവിത നിയമം. മനുഷ്യാവതാരത്തിന് സമ്മതം നല്‍കിയപ്പോള്‍ മുതല്‍ കാല്‍വരിയിലെ കുരിശിന് സമീപം നില്ക്കുമ്പോഴും അതിന് ശേഷവും അവിടുന്ന് സദാ ദൈവതിരുമനസ്സ് നിറവേറ്റിയതാണ് അവിടുത്തെ മഹത്വത്തിന് നിതാനമെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ദൈവമാതാവേ, അങ്ങേ വത്സല മക്കളായ ഞങ്ങളും ദൈവ തിരുമനസ്സിന് പരിപൂര്‍ണ്ണരായി വിധേയരായി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണമേ. ജീവിത ക്ലേശങ്ങളിലും പ്രലോഭനങ്ങളുടെ തിരകള്‍ അലയടിച്ചുയരുമ്പോഴും രോഗങ്ങളും യാതനകളും അനുഭവപ്പെടുമ്പോഴും ദൈവ തിരുമനസ്സാകുന്ന ദീപശിഖ ഞങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശന മരുളുവാന്‍ അങ്ങ് സഹായിക്കണമേ…

സുകൃതജപം.
ദൈവ തിരുമനസ്സിനു സ്വയം സമര്‍പ്പിച്ച ദൈവമാതാവേ…
ദൈവതിരുമനസ്സനുസരിച്ചു ജീവിക്കാന്‍ ഞങ്ങളെ സഹായിക്കണമേ….