ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമർശിച്ച കേസിൽ കുരുങ്ങിയ അജു വർഗീസ് വീണ്ടും പുലിവാല് പിടിച്ചു .പോലീസ് ക്ലിയറൻസ് അവസാന ദിവസം കിട്ടാതായതിനെ തുടർന്ന് നടന്റെയും  കുടുംബത്തിന്റെയും ഓസ്ട്രേലിയയിലേക്കുള്ള യാത്ര മുടങ്ങി .

ഇത്തവണ അവിടുത്തെ പ്രവാസികൾക്കൊപ്പം ആഘോഷിക്കാനിരുന്ന ഓണാഘോഷമാണ് മുടങ്ങിയത് . അക്രമിക്കപ്പെട്ട നടിയുടെ പേരു പറഞ്ഞ് വിമർശനം നടത്തിയതിയതിനെതിരേ അജുവർഗീസിന്റെ പേരിൽ ഉള്ള കേസാണ്‌ പോലീസ് ക്ലിയറൻസ് കിട്ടാതിരിക്കാൻ കാരണം. കേസ് സംബന്ധിച്ച വിവരങ്ങൾ ഓസ്ട്രേലിയൻ എമിഗ്രേഷനു ലഭിക്കുകയും ചെയ്തു.

നടനും കുടുംബത്തിനും അനുവദിച്ച വിസ മുന്നറിയിപ്പുകൾ ഒന്നും ഇല്ലാതെ ഓസ്ട്രേലിയൻ എമിഗ്രേഷൻ മിനിസ്റ്റർ റദ്ദാക്കുകയായിരുന്നു. മെൽബണിൽ 26ന്‌ ഓണ പരിപാടികൾ അവതരിപ്പിക്കാനായിരുന്നു അജുവർഗീസിന്‌ വിസ അനുവദിച്ചത്. ഓഗസ്റ്റ് 2ന്‌ വിസ അനുവദിച്ചിരുന്നു. ഇതു പ്രകാരം മെൽബൺ മലയാളികൾ നടന്റെ പരിപാടിയും ഓണാഘോഷവും കാണാൻ ടിക്കറ്റ് എടുത്ത് കാത്തിരിക്കുകയായിരുന്നു.

അജുവർഗീസും കുടുംബവും 24ന്‌ കൊച്ചി വിമാനത്താവളത്തിൽ ചെന്നപ്പോഴായിരുന്നു യാത്രാ വിലക്ക് അറിയുന്നത്. വിസ ക്യാൻസൽ ചെയ്തിരിക്കുന്നു. ഓസ്ട്രേലിയൻ എമിഗ്രേഷൻ വകുപ്പിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ്‌ വിസ റദ്ദ് ചെയ്തത്. നടനെ കാണാനും പരിപാടികൾക്കും ടിക്കറ്റ് എടുത്ത ഓസ്ട്രേലിയൻ മലയാളികൾ ഒടുവിൽ നിരാശരായി.