ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്ക്. ആകാശും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ കണ്ണൂരില്‍ അപകടത്തില്‍പ്പെട്ടാണ് പരിക്കേറ്റത്. പരിക്കേറ്റ സുഹൃത്തുക്കളില്‍ ഒരാളുടെ നില ഗുരുതരമാണ്. കരിപ്പൂര്‍ സ്വര്‍ണക്കടത്തു ക്വട്ടേഷന്‍ കേസിലും ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്തിരുന്നു.

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. കൂത്തുപറമ്പില്‍ നിന്ന് തില്ലങ്കേരിയിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. റോഡരികിലുള്ള സിമന്റ് കട്ടയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മത്സരയോട്ടം സംശയിക്കുന്നുണ്ട്. ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍ പരിക്കേറ്റ ആകാശ് തില്ലങ്കേരിയെയും സുഹൃത്തുക്കളെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുക്കളില്‍ അശ്വിന്റെ
നില അതീവ ഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. മറ്റൊരു സുഹൃത്തായ അഖില്‍ ഐസിയുവിലാണ്. സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.