ഫളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന ഷോ യുമായി ബന്ധപ്പെട്ട് ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. നടന്‍ സന്തോഷ് പണ്ഡിറ്റിനെ വിളിച്ച് വരുത്തി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് അദ്ദേഹം തന്നെ രംഗത്ത് വരികയായിരുന്നു. പിന്നാലെ ബിനു അടിമാലിയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയ സന്തോഷിന്റെ വീഡിയോയും പുറത്ത് വന്നു. ഇതോടെ വിവാദങ്ങള്‍ തലപൊക്കി.

സന്തോഷ് പണ്ഡിറ്റിന് പരിപാടിയുടെ രീതികള്‍ അറിയാത്തത് കൊണ്ട് സംഭവിച്ചതാണെന്ന് പറയുകയാണ് നടന്‍ അസീസ്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറയുന്നത്.സ്റ്റാര്‍ മാജിക്കിനെ കുറിച്ച് പറയുന്ന സുഹൃത്തുക്കളോട് ഒറ്റ കാര്യമേ പറയാനുള്ളു. സത്യസന്ധമായി പറയുകയാണെങ്കില്‍ ഞങ്ങള്‍ ആരെയും ദ്രേഹിക്കാറില്ല. നമ്മള്‍ ജനിച്ച് വളര്‍ന്നപ്പോള്‍ മുതല്‍ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരെല്ലാം പിന്നീട് ഒത്തൊരുമിക്കുന്നത് പോലെയാണ് സ്റ്റാര്‍ മാജിക്കില്‍ എത്തുന്നത്.

ഞങ്ങള്‍ കൂട്ടുകാര്‍ പറയുന്ന തമാശകള്‍ മാത്രമാണ് അതില്‍ നടക്കുന്നത്. ചിലര്‍ക്ക് അറ്റാക്ക് ചെയ്യുന്നത് പോലെ തോന്നും. പക്ഷേ സുഹൃത്തുക്കള്‍ ഒത്തൊരുമയോടെ കൂടുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് അവിടെ നടക്കുന്നത്. അത് ക്യാമറ വെച്ച് ഷൂട്ട് ചെയ്യുകയാണ്. ആരെയും അവഹേളിക്കുന്ന രീതിയിലോ കളിയാക്കുന്ന തരത്തിലോ ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. അങ്ങനെ ആയിരുന്നെങ്കില്‍ ഞാന്‍ എന്നേ പോയേനെ. ഷിയാസ് ഒക്കെ എപ്പോഴേ കളഞ്ഞിട്ട് പോയേനെ. നമ്മുടെ ആ പരിപാടിയിലെ ഒരു ജോണര്‍ ആണത്. ഇപ്പോള്‍ സന്തോഷ് ചേട്ടന്‍ വന്നപ്പോള്‍ ഉണ്ടായ വിഷയത്തെക്കുറിച്ച് ഞാന്‍ വിളിച്ചു അന്വേഷിച്ചു.

എനിക്കും വിഷമമായി തോന്നി. അതില്‍ പറഞ്ഞിരിക്കുന്ന കാര്യം ഞാന്‍ ഇങ്ങനെ പാടും. അന്നേരം നിങ്ങള്‍ ഇതുപോലെ മാറ്റി പാടണമെന്ന് പുള്ളി തന്നെ പറഞ്ഞതാണെന്നാണ്. അങ്ങനെ പുള്ളിക്കാരന്‍ പറഞ്ഞിട്ടാണ് ചെയ്തിട്ടുള്ളത്. അത് പുള്ളിക്ക് കളിയാക്കല്‍ ആയി തോന്നിയെങ്കില്‍ തൊട്ടടുത്ത ദിവസത്തെ എപ്പിസോഡില്‍ പറയാമായിരുന്നു. ഇന്‍ട്രോ ഒന്നും സ്‌ക്രീപ്റ്റഡ് അല്ല. നമ്മള്‍ പറഞ്ഞത് ശരിയായില്ലെങ്കില്‍ അന്നേരം തന്നെ വിളിച്ച് പറയും. സത്യം പറഞ്ഞാല്‍ നമ്മള്‍ മനസില്‍ എഡിറ്റ് ചെയ്താണ് അവിടെ ഓരോ കാര്യങ്ങളും പറയുന്നത്.

അദ്ദേഹം ഗസ്റ്റ് ആയിട്ടല്ല, ഞങ്ങളെ പോലെ മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് വന്നത്. സന്തോഷേട്ടന് സത്യത്തില്‍ നമ്മുടെ പരിപാടിയുടെ ജോണര്‍ അറിയില്ല. മുന്‍പൊരിക്കല്‍ അദ്ദേഹം സ്റ്റാര്‍ മാജിക്കില്‍ വന്നപ്പോള്‍ നിങ്ങളുടെ ഒരു ആരാധിക ഇവിടെ വന്നിട്ടുണ്ടെന്ന് പറഞ്ഞ് ലക്ഷ്മി ഒരാളെ വിളിച്ചു. വന്നത് തങ്കച്ചന്‍ ആയിരുന്നു. അതൊരു ക്യാരക്ടര്‍ ആയിരുന്നെങ്കിലും പുള്ളിക്ക് അത്ര ഇഷ്ടം ആയില്ല. നിങ്ങളെന്നോട് കാണിച്ചത് ശരിയായില്ല, ഇത് ചീറ്റിങ്ങ് ആണെന്നൊക്കെ പുള്ളി പറഞ്ഞു. തങ്കച്ചനും സന്തോഷേട്ടനും തമ്മിലൊരു ഡാന്‍സ് വരെ പ്ലാന്‍ ചെയ്തെങ്കിലും ഒടുവില്‍ ശശാങ്കന്റെ കൂടെയാണ് തങ്കു ഡാന്‍സ് കളിച്ചത്

ഈ ഷോയുടെ രീതി അദ്ദേഹത്തിന് മനസിലായില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരിക്കലും ഒരു താരത്തെ വിളിച്ച് വരുത്തി കളിയാക്കാന്‍ നോക്കില്ല. ആ വ്യക്തി ഞങ്ങള്‍ക്കൊരു ശല്യമായിട്ടില്ല. പുള്ളിയുടെ കരിയര്‍ തകര്‍ക്കാനോ അവസരങ്ങള്‍ ഇല്ലാതാക്കാനോ ആരും ശ്രമിച്ചിട്ടില്ല. അദ്ദേഹം ഒറ്റയ്ക്ക് വന്ന് ഒറ്റയ്ക്ക് സിനിമ തിയേറ്ററില്‍ എത്തിച്ച വ്യക്തിയാണ്. പുള്ളി ബുദ്ധി കൊണ്ട് കളിക്കുന്ന ആളാണെന്ന് ഞാന്‍ പറയും. അസീസ് പറയുന്നു.