നീണ്ട അനാഥത്വത്തിന് വിട നല്‍കി ഉണ്ണിമായ അഖിലിന്റെ കൈപിടിച്ച് ജീവിതത്തിലേക്ക്. സിപിഎം ബ്രാഞ്ച് കമ്മിറ്റിയാണ് കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് തനിച്ചായി പോയ പെണ്‍കുട്ടിയ്ക്ക് കൈത്താങ്ങായത്. കോട്ടയം പുതുപ്പള്ളിയിലാണ് സമൂഹത്തിനാകെ മാതൃകയായ വിവാഹം നടന്നത്. അതിദാരുണമായ ചില കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള സംഭവങ്ങളാണ് ജീവിതവഴിയില്‍ ഉണ്ണിമായയെ ഒറ്റയ്ക്കാക്കിയത്. പിന്നീട് മാതൃസഹോദരിയുടെ സംരക്ഷണചുമതലയിലായിരുന്നു ഈ പെണ്‍കുട്ടി. പുതുപ്പള്ളി സ്വദേശിയായ അഖില്‍, ഉണ്ണിമായയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതോടെ സിപിഎം നേതാക്കള്‍ ഇരുവീട്ടുകാരുമായി സംസാരിച്ച് അനുവാദം വാങ്ങി.
സിപിഎം പുതുപ്പള്ളി ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി സിഎസ് സുതന്റെ വീട്ടുമുറ്റത്തായിരുന്നു മതവും മാര്‍ക്‌സിസവും സംഗമിച്ച വിവാഹ ചടങ്ങുകള്‍. പിതൃസ്ഥാനത്തുനിന്ന് ഉണ്ണിമായയെ അഖിലിന്റെ കൈകളിലേക്ക് ഏല്‍പ്പിച്ചതും സുതനായിരുന്നു. ഇതോടെ നാളുകളായി തുടരുന്ന ഉണ്ണിമായയുടെ ഏകാന്തതയ്ക്കും പര്യവസാനമായി.
ഉണ്ണിമായക്ക് ആരുമില്ല എന്ന തോന്നലുണ്ടാകാതിരിക്കാന്‍ എല്ലാ ക്രമീകരണങ്ങളും പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെ ഏറ്റെടുത്തു നടത്തി. സദ്യവട്ടങ്ങളൊരുക്കിയതും വിവാഹത്തിന്റെ ക്ഷണക്കത്ത് തയ്യാറാക്കിയത് മുതലുള്ള ചെലവുകളും പാര്‍ട്ടിയാണ് വഹിച്ചത്. അഖിലിനും ഉണ്ണിമായക്കും ആശംസകളറിയിക്കാന്‍ നൂറുകണക്കിനാളുകളാണ് വിവാഹചടങ്ങിനെത്തിയത്. നിര്‍ഭാഗ്യങ്ങളുടെ പഴയകാലത്തെ ഉണ്ണിമായ ഇപ്പോള്‍ മറക്കുന്നു. ഏതൊരാളും ഒറ്റപ്പെട്ടു പോകാവുന്ന ജീവിതാവസ്ഥ. അതെല്ലാം പിന്നിട്ടാണ് ഈ സ്വയംവരപന്തല്‍ വരെ ഉണ്ണിമായ എത്തിയിരിക്കുന്നത്.
കുടുംബത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഒരു ദുർബല നിമിഷത്തിലുണ്ടായ അവിവേകം മനസ്സിനെ കീഴ്‌പെടുത്തിയപ്പോള്‍ അമ്മയെ അച്ഛന്‍ കൊലപ്പെടുത്തുകയായിരുന്നു. അച്ഛന്‍ ജയിലില്‍ ആയതോടെ ഒറ്റപ്പെട്ടുപോയ പെണ്‍കുട്ടിക്ക് ജീവിതത്തില്‍ കൈത്താങ്ങായി എത്തിയത് സിപിഎം പ്രവര്‍ത്തകരായിരുന്നു. അങ്ങിനെയാണ് നിര്‍ഭാഗ്യം നിഴല്‍ വിരിച്ച ജീവിതത്തില്‍ വിവാഹത്തിന് വേദിയൊരുങ്ങിയത്.
കോട്ടയം നഗരത്തില്‍ താമസിച്ചിരുന്ന ഉണ്ണിമായയുടെ ഏകാന്തവാസത്തിന് കാരണം കുടുംബ കലഹമായിരുന്നു. അച്ഛന്‍ അമ്മയെ കൊലപ്പെടുത്തി ജയിലിലായതോടെ പെണ്‍കുട്ടി ഒറ്റപ്പെട്ടുപോയി. പിന്നീട് അമ്മയുടെ സഹോദരി പുതുപ്പള്ളി പുത്തന്‍കാലയില്‍ മിനിയുടേയും ഭര്‍ത്താവ് ശശിയുടേയും സംരക്ഷണത്തിലായിരുന്നു ഉണ്ണിമായ.
പിന്നീട് പഠനം പൂര്‍ത്തിയാക്കി ഒരു സ്വകാര്യ കമ്പനിയില്‍ ജോലിയും നേടി. ഇതിനിടെയാണ് പുതുപ്പള്ളി ബസ് സ്റ്റാന്‍ഡിന് സമീപം ഓട്ടോ ഓടിക്കുന്ന പീടിയേക്കല്‍ വീട്ടില്‍ വിമല്‍ ഗീതാ ദമ്പതികളുടെ മകന്‍ അഖില്‍ ഉണ്ണിമായയെ കുറിച്ച് അറിയുന്നതും പരിചയപ്പെടുന്നതും. ഉണ്ണിമായയെ ജീവിതസഖിയാക്കാന്‍ താല്‍പര്യമുണ്ടെന്ന് സുഹ്യത്തുകളെ അഖില്‍ അറിയിച്ചതോടെ കാര്യങ്ങള്‍ വിവാഹത്തിലേക്ക് നീങ്ങുകയായിരുന്നു.
സിപിഎം നേതാക്കള്‍ നേരിട്ട് ഇടപെട്ട് ഇരുവീട്ടുകാരുമായി സംസാരിച്ച് വിവാഹത്തിന് അനുവാദം വാങ്ങി. പുതുപ്പള്ളി ബ്രാഞ്ച് കമ്മറ്റിയുടെ പരിപൂര്‍ണ്ണ ചെലവിലാണ് വിവാഹം നടത്തുന്നത്. വധുവിനായി ഏഴ് പവന്‍ സ്വര്‍ണം, വസ്ത്രങ്ങള്‍ എന്നിവ പാര്‍ട്ടി തന്നെ വാങ്ങി. വരനു വേണ്ടി ഒരു സ്വര്‍ണ്ണമാല ബ്രാഞ്ചു സെക്രട്ടറി കുട്ടച്ചന്‍ സമ്മാനമായി നല്കി.
ഞായറാഴ്ച ഉച്ചയ്ക്ക് 12.15നായിരുന്നു മുഹൂര്‍ത്തം. വിവാഹ ക്ഷണക്കത്തും പാര്‍ട്ടിതന്നെ തയ്യാറാക്കി എല്ലാവരേയും ക്ഷണിച്ചു. വിവാഹം ഇതോടെ നാട്ടുകാരുടെ ആഘോഷമായി മാറി. സാമ്പത്തികമായി മെച്ചപ്പെട്ട നിലയില്‍ അല്ലാത്ത ഉണ്ണിമായയുടെ മാതൃസഹോദരിക്കും കുടുംബത്തിനും ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനും സിപിഎം ശ്രദ്ധിച്ചു. തനിക്ക് ആരും ഇല്ല എന്ന തോന്നല്‍ ഉണ്ണിമായക്ക് ഇനി ഉണ്ടാവില്ല. പുതുപ്പള്ളിയിലെ നാട്ടുകാര്‍ ഒന്നടങ്കം വിവാഹത്തില്‍ പങ്കെടുത്തു. സിപിഎമ്മിന്റെ യും ഇടതു പക്ഷത്തേയും ജില്ലാ സംസ്ഥാന നേതാക്കളും ഈ മുഹൂര്‍ത്തത്തിന് സാക്ഷിയാവാനെത്തി.

Also read… വോസ്റ്റെക്ക് നഴ്സിംഗ് എജന്‍സി തട്ടിപ്പിന്റെ രാജാക്കന്മാര്‍; സ്രാമ്പിക്കല്‍ പിതാവിന്‍റെ ശുപാര്‍ശ കത്ത് നേടിയെടുത്തത് വസ്തുതകള്‍ മറച്ച് വച്ച്. ചോദിച്ച പണം ലഭിക്കുന്നതിനാല്‍ ഷാജന്‍ സ്കറിയയും തട്ടിപ്പിന് കൂട്ട്