ഒരാഴ്ച മുൻപ് പുറത്ത് വന്ന യുകെയിലെ ജി സി എസ് ഇ റിസൾട്ട് ഒട്ടേറെ മലയാളി വിദ്യാർത്ഥികൾക്ക് അഭിമാനാർഹമായ വിജയമാണ് സമ്മാനിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മികച്ച വിജയം കരസ്ഥമാക്കിയ മലയാളി വിദ്യാർത്ഥികളുടെ നിരവധി വാർത്തകൾ മലയാളം യുകെ പ്രസിദ്ധീകരിച്ചിരുന്നു. ഈ ഗണത്തിലേക്ക് മറ്റൊരു വിജയ ഗാഥ കൂടി എഴുതിച്ചേർത്തിരിക്കുകയാണ് വെയിൽസിലെ സ്വാൻസിയിൽ നിന്ന് അക്സ സന്തോഷ് എന്ന മിടുമിടുക്കി.

പതിനൊന്ന് വിഷയങ്ങളിൽ എ സ്റ്റാറും ഒരു വിഷയത്തിൽ ഡിസ്റ്റിങ്ങ്ഷനും ഉൾപ്പെടെ ത്രസിപ്പിക്കുന്ന വിജയമാണ് അക്സ സന്തോഷ് കരസ്ഥമാക്കിയത്. സ്വാൻസിയിലെ ബിഷപ്പ് വോഗൻ സ്‌കൂളിലാണ് അക്സ ജി സി എസ് സി പൂർത്തിയാക്കിയത്. തുടർന്നും ഇതേ സ്‌കൂളിൽ തന്നെ എ ലെവൽ പഠിക്കാൻ ഒരുങ്ങുകയാണ് അക്സ ഇപ്പോൾ. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഹെൽത്ത് ആന്റ് സോഷ്യൽ കെയർ എന്നീ വിഷയങ്ങൾ ആണ് എ ലെവൽ പഠനത്തിനു അക്സ തെരഞ്ഞെടുത്തിരിക്കുന്നത്.

ബ്രിഡ്‌ജെന്റ് പ്രിൻസസ് ഓഫ് വെയിൽസ് ഹോസ്പിറ്റലിൽ  മെയിന്റനൻസ് വിഭാഗത്തിൽ ടെക്‌നീഷ്യൻ ആണ് അക്സയുടെ പിതാവ് സന്തോഷ് മാത്യു. മാതാവ് റിനി സന്തോഷ് സ്വാൻസിയിലെ മോറിസ്ടൻ ഹോസ്പിറ്റലിൽ മൈനർ ഇഞ്ചുറി യൂണിറ്റ് വിഭാഗത്തിൽ ബാന്റ് സെവൻ നഴ്സ് ആണ്. പത്തനംതിട്ട കോഴഞ്ചേരി പ്ലാത്താനത്ത് കുടുംബാംഗമായ സന്തോഷും കുടുംബവും പതിനെട്ട് വർഷങ്ങൾക്ക് മുൻപ് ആണ് യുകെയിൽ എത്തിയത് . അക്സയുടെ സഹോദരി അലീഷ്യ സന്തോഷ് സ്വാൻസി ബിഷപ്പ് വോഗൻ സ്‌കൂളിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയും സഹോദരൻ അഡോൺ മാത്യു സന്തോഷ് സെന്റ് ജോസഫ്‌സ് കാത്തലിക് സ്‌കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയും ആണ്.

അക്സ സന്തോഷ് നേടിയ മികച്ച വിജയത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അഭിനന്ദനങ്ങൾ