തൊടുപുഴയിൽ ഏഴുവയസ്സുകാരനെ മർദിച്ചു മൃതപ്രായനാക്കിയ തിരുവനന്തപുരം നന്തൻകോട് സ്വദേശി അരുൺ ആനന്ദിന് ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ്. കൊലക്കേസ് ഉൾപ്പെടെ ഏഴു കേസുകളിൽ പ്രതിയായ ഇയാൾ തലസ്ഥാനത്ത് ​ഉണ്ടായിരുന്ന സമയത്ത് നഗരത്തിലെ പല കുപ്രസിദ്ധ ഗൂണ്ടകളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങൾ പറയുന്നു. നഗരത്തിലെ വിവിധ കേസുകളിൽ പ്രതിയായ ഇയാൾ ഗൂണ്ടാ സംഘങ്ങൾക്കിടയിൽ ‘കോബ്ര’യെന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. ഇയാൾ മറ്റു ജില്ലകളിൽ കേസുകളിൽ പ്രതിയാണോയെന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്.

അരുണിന്റെ മാതാപിതാക്കൾ ബാങ്ക് ജീവനക്കാരായിരുന്നു. ഇയാളുടെ സഹോദരൻ സൈനികനും. സർവീസിൽ ഇരിക്കവേ അച്ഛൻ മരണപ്പെട്ടു. തുടർന്ന് ആശ്രിതനിയമനത്തിൽ ഒരു വർഷം ജോലി ചെയ്തു. ഇത് ഉപേക്ഷിച്ചു തിരികെ നാട്ടിൽ എത്തി. ഇവിടെയുള്ള കുപ്രസിദ്ധ ഗൂണ്ടയുമായി ചേർന്നു മണൽ കടത്ത് ആരംഭിച്ചു.

സുഖലോലുപതയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഇയാൾ തിരുവനന്തപുരത്തെ ഗൂണ്ടാസംഘങ്ങളുമായി ബന്ധം സ്ഥാപിച്ചതായി പൊലീസ് പറയുന്നു. ഇതിനു പിന്നാലെ പണത്തിനായി ലഹരി കടത്തിലും ഇയാൾ പങ്കാളിയായി. നഗരത്തിലെ നാലു പൊലീസ് സ്റ്റേഷനുകളിലായി ഏഴു കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.

മദ്യത്തിന്റെയും ലഹരിയുടെയും ബലത്തിൽ എന്തും കാണിക്കുന്ന ആളായിരുന്നു അരുണെന്നും പൊലീസ് സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീകളോടും കുട്ടികളോടും മൃഗീയമായി പെരുമാറുന്ന, വാഹനങ്ങളിൽ മദ്യവും കഞ്ചാവുമായി നടക്കുന്ന ആളായിരുന്നു അരുൺ. മ്യൂസിയം സ്റ്റേഷനിൽ മൂന്നു ക്രിമിനൽ കേസുകളും ഫോർട്ടിൽ രണ്ടും വലിയതുറയിൽ ഒന്നും വിഴിഞ്ഞം സ്റ്റേഷനിലും കേസുകൾ ഉണ്ട്.

വധശ്രമം, അടിപിടി, പണം തട്ടൽ, ഭീഷണി തുടങ്ങിയവ ‘ഹോബി’ ആക്കി മാറ്റിയ അരുൺ ശത്രുത തോന്നിയാൽ ക്രൂരമായി ആക്രമിക്കുന്നതും പതിവാക്കിയിരുന്നതായി പൊലീസ് വൃത്തങ്ങൾ പറയുന്നു. ഏഴുവയസ്സുകാരനെ മർദിച്ച കേസിൽ ബാലാവകാശകമ്മിഷനും ഇയാൾക്കെതിരെ കേസെടുത്തു. ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കു തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അരുണിനെ യുവതി പരിചയപ്പെടുന്നത്. യുവതിയുടെ ഭർത്താവിന്റെ അച്ഛന്റെ സഹോദരിയുടെ മകനാണ് അരുൺ.

കുട്ടികളോട് വലിയ അടുപ്പം കാണിച്ചാണ് ഇയാൾ യുവതിയുമായി ബന്ധമുണ്ടാക്കിയെടുത്തത്. ഭർത്താവിന്റെ ആത്മാവ് തന്നോടൊപ്പം ഉള്ളതായി ഇയാൾ യുവതിയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിരുന്നു. കുട്ടികളെ കാണാതെ ഇരിക്കാൻ വയ്യെന്ന പേരിൽ അടുത്തു കൂടി വിശ്വാസം നേടിയെടുത്തതോടെ യുവതി ബന്ധുക്കളുടെ എതിർപ്പ് മറികടന്ന് ഇയാളുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു.

ഭർത്താവ് മരിച്ച് ആറു മാസം കഴിയുന്നതിന് മുൻപായി ഒളിച്ചോടിയ യുവതിയും അരുണും പേരൂർക്കടയിൽ വാടകയ്ക്കു താമസിച്ചിരുന്നു. പേരൂർക്കട സ്കൂളിൽ പഠിച്ചിരുന്ന ഇപ്പോൾ ആക്രമണത്തിന് വിധേയനായ കുട്ടി ഒറ്റയ്ക്കാണു സ്കൂളിൽ എത്തിയിരുന്നത്. ബന്ധം സ്കൂളിൽ ചർച്ചയായതോടെ കുട്ടിയുടെ അമ്മ നേരിട്ട് എത്തി സ്കൂളില്‍ നിന്ന് ടിസി വാങ്ങിക്കുകയും ചെയ്തു.

അന്നേ ദിവസം രാത്രി യുവതിയുടെയും അരുണിന്റെയും കാർ തൊടുപുഴയ്ക്കു സമീപം പൊലീസ് പട്രോൾ സംഘം കണ്ടിരുന്നു. മദ്യപിച്ചു ലക്കുകെട്ടുള്ള അരുണിന്റെ രാത്രി യാത്രകളിൽ മിക്കവാറും കാർ ഡ്രൈവ് ചെയ്തിരുന്നത് യുവതിയാണ്. അന്നു വൈകിട്ട് ഏഴു മുതൽ തൊടുപുഴയിലെ ഹോട്ടലിൽ അരുൺ രണ്ടു സുഹൃത്തുക്കളുമൊത്തു മദ്യപാനത്തിലായിരുന്നു. യുവതിയും കുട്ടികളും ഒപ്പമുണ്ടായിരുന്നു.

യുവതിയാണു കൗണ്ടറിൽനിന്ന് മദ്യം എടുത്തുകൊടുത്തത്. പത്തുമണിയോടെ അരുൺ യുവതിയോടു മടങ്ങാൻ പറഞ്ഞു. ഇത് ഓർമയില്ലാതെ അൽപസമയം കഴിഞ്ഞു തിരിച്ചുവന്ന് കൗണ്ടറിൽ അന്വേഷിച്ചു. പുറത്തിറങ്ങിയപ്പോൾ യുവതി കാറിലുണ്ടായിരുന്നു. ഗ്ലാസ് താഴ്ത്തി അവിടെവച്ചുതന്നെ യുവതിയുടെ മുഖത്തടിച്ചു. തുടർന്നു വീട്ടിലെത്തി. കുട്ടികളെ പൂട്ടിയിട്ട ശേഷം രാത്രി ഒന്നരയോടെ തിരികെ വെങ്ങല്ലൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചു മൂന്നുമണിയോടെ മടങ്ങിവന്നു. അതിനുശേഷമായിരുന്നു കുട്ടിയെ അർധപ്രാണനാക്കിയ മർദനം.

ഇളയ കുട്ടിയെ മൂത്രമൊഴിപ്പിച്ചില്ല എന്ന പേരിലാണ് ഏഴുവയസ്സുകാരനെ ഉറക്കത്തിൽനിന്നുണർത്തി മർദനം തുടങ്ങിയത്. എന്നാൽ, പിന്നീട് സ്കൂൾ ടീച്ചറുടെ അടുത്ത് തന്നെക്കുറിച്ച് എന്തോ മോശമായി പറഞ്ഞു എന്നതിന്റെ പേരിലായി ചോദ്യം ചെയ്യൽ. ഇതു ചോദിച്ചപ്പോൾ കുട്ടി പരുങ്ങി. സ്കൂളിലെ കാര്യങ്ങളെല്ലാം അറിഞ്ഞെന്നും കള്ളം പറഞ്ഞാൽ കൊന്നുകളയുമെന്നും ആക്രോശിച്ചുകൊണ്ടായിരുന്നു അരുണിന്റെ മർദനം.

‘ഒന്നും പറ‍ഞ്ഞില്ല’ എന്നു കുട്ടി കരഞ്ഞുപറഞ്ഞു. ചുവരിന്റെയും അലമാരിയുടെയും ഇടയ്ക്ക് വീണ കുട്ടിയെ അവിടെയിട്ടു പലതവണ ആഞ്ഞു തൊഴിച്ചു. കാലിൽ വലിച്ചെറിഞ്ഞു. കട്ടിലിന്റെ കാലിന്റെ താഴെ തലയിടിച്ചാണ് തലയോട്ടിക്കു നീളത്തിൽ പൊട്ടലുണ്ടായത്. മാർച്ച് ഒന്നിനാണ് കുട്ടിയെ കുമാരമംഗലത്തെ സ്കൂളിൽ രണ്ടാം ക്ലാസിൽ ചേർത്തത്. അരുണിന്റെ മർദനമേറ്റും പറയുന്നതു പോലെ അനുസരിച്ചുമാണു യുവതി കഴി‍ഞ്ഞിരുന്നതെന്നാണു സൂചന