അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച രണ്ടു പേർ അറസ്റ്റില്‍. ആലപ്പുഴ സ്വദേശിയായ വിഷ്ണു, ഷോളയൂർ സ്വദേശിയാണ് റെജില്‍ എന്നിവരാണ് അഗളി പൊലീസിൻ്റെ പിടിയിലായത്.
പിക്കപ്പ് വാഹനത്തിൻ്റെ ചില്ല് തകർത്തു എന്നാരോപിച്ചാണ് അട്ടപ്പാടി ചിറ്റൂർ ഉന്നതിയിലെ ആദിവാസി യുവാവ് സിജുവിനെ (19) വിഷ്ണുവും റെജിലും ചേർന്ന് അടിവസ്ത്രത്തില്‍ കെട്ടിയിട്ട് മർദിച്ചത്. സംഭവം വാർത്തയായപ്പോള്‍ പൊലീസ് മർദനമേറ്റ സിജുവിൻ്റെ മൊഴിയെടുക്കുകയായിരുന്നു.
അട്ടപ്പാടിയില്‍ നിന്ന് തന്നെ പ്രതികളെ പിടികൂടി. വാഹനത്തിൻ്റെ ചില്ല് തകർത്തു എന്നാരോപിച്ചാണ് യുവാവിനെ കെട്ടിയിട്ടതെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. സിജു ബഹളം വെച്ചപ്പോള്‍ കെട്ടിയിടുക മാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നും ഇവർ പൊലിസിനോട് പറഞ്ഞു.ഇരുവരും സിജുവിനെ അർധ നഗ്നനാക്കി കെട്ടിയിടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് നാട്ടുകാരാണ് യുവാവിനെ മോചിപ്പിച്ച് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്.
പ്രാഥമിക ചികിത്സ തേടി സിജു മടങ്ങി രണ്ട് ദിവസം മുൻപ് ശരീര വേദന കൂടി വിണ്ടും കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയായിരുന്നു. പ്രതികള്‍ക്കെതിരെ പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. അതേസമയം, സിജുവിനെ മർദിച്ചവരുടെ പരാതിയില്‍ വാഹനത്തിൻ്റെ ചില്ല് തകർത്തതിന് സിജുവിനെതിരെയും കേസെടുത്തിട്ടുണ്ട്.
Leave a Reply