മഴ നനയാതിരിക്കാന്‍ കടത്തിണ്ണയിലിരുന്ന അമ്മയെയും കൈക്കുഞ്ഞിനെയും എഴുന്നേല്‍പ്പിച്ച് വിട്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി വ്യാപാരി രംഗത്ത്. വൈഎംസിഎയ്ക്കു സമീപം ബേക്കറി, സ്റ്റേഷനറി സാധനങ്ങള്‍ വില്‍ക്കുന്ന ജെബി സ്റ്റോഴ്‌സ് ഉടമ മുളക്കുഴ കോട്ട ജെ.ബി.വില്ലയില്‍ പിഡി വര്‍ഗീസ്(58) സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങള്‍ക്ക് പരാതി നല്‍കി.
കടയുടെ മുന്നിലിരുന്ന യുവതി എന്തോ പറയുന്നതും വര്‍ഗീസ് കടയില്‍ നിന്നു കടലാസ് എടുത്തു നല്‍കുന്നതും യുവതി തിണ്ണ തുടച്ചു വൃത്തിയാക്കുന്നതുമായ വീഡിയോ തിങ്കളാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. വീഡിയോ മിനിറ്റുകള്‍ക്കകം വൈറലായി. ലക്ഷക്കണക്കിനു പേര്‍ കണ്ടു. പതിനായിരങ്ങള്‍ ഷെയര്‍ ചെയ്തു. കടയുടമയ്‌ക്കെതിരെ അസഭ്യവര്‍ഷം നിറഞ്ഞു.
വീഡിയോ വൈറലായതോടെയാണ് വര്‍ഗീസ് തന്റെ നിരപരാധിത്വം ചൂണ്ടിക്കാട്ടി മറുപടിയുമായെത്തിയത്. തിങ്കള്‍ രാവിലെയാണ് സംഭവമെന്നും യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞ് കടയുടെ മുന്നില്‍ മലമൂത്ര വിസര്‍ജനം നടത്തിയെന്നും ഇതു വൃത്തിയാക്കാന്‍ യുവതിയാണ് തന്നോട് കടലാസ് ആവശ്യപ്പെട്ടതെന്നും വര്‍ഗീസ് പറയുന്നു.
അപവാദ പ്രചാരണം ശക്തമായതിനെ തുടര്‍ന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികളുടെ സഹായത്തോടെ ഇന്നലെ പോലീസില്‍ പരാതി നല്‍കി. സഹോദരി കഴിഞ്ഞയാഴ്ചയാണ് മരിച്ചത്. ആ വേദനയ്ക്കിടെയാണ് മനസ്സറിയാത്ത സംഭവത്തില്‍ പഴി കേള്‍ക്കേണ്ടി വന്നതെന്നും വര്‍ഗീസ് പറയുന്നു. ആദ്യം അസഭ്യം പറഞ്ഞവരില്‍ പലരും മറുപടി വീഡിയോ കണ്ട് ക്ഷമ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply