ഓസ്‌ട്രേലിയയിലെ  പ്രവാസി മലയാളികൾക്ക് തീരാ ദുഃഖം നൽകി മലയാളി ദമ്പതികളുടെ അപകടമരണം. ഇന്നലെ ഓസ്ട്രേലിയയിൽ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു മറിഞ്ഞ് തീപിടിച്ച് പെരുമ്പാവൂർ തുരുത്തിപ്ലി സ്വദേശികളായ നവദമ്പതികള്‍ ആണ് മരിച്ചത്.  തുരുത്തിപ്ലി തോമ്പ്ര ടി.എ.മത്തായിയുടെയും വല്‍സയുടെയും മകന്‍ ആല്‍ബിന്‍ ടി.മാത്യു (30), ഭാര്യ നിനു സൂസൻ എൽദോ (28) എന്നിവരാണ് മരിച്ചത്. മരിച്ച ആൽബിൻ പെരുമ്പാവൂർ സെന്റ് മേരീസ് പള്ളി ഇടവകാംഗമാണ്. ഓസ്‌ട്രേലിയന്‍ സമയം ഇന്നലെ (വെള്ളിയാഴ്ച്ച ) ഉച്ചയ്ക്ക് 12.45ന് ന്യൂ സൗത്ത് വെയില്‍സിലെ ഡബ്ലോയ്ക്കടുത്തായിരുന്നു അപകടം ഉണ്ടായത്.

റോഡില്‍ നിന്നു മറിഞ്ഞ് കത്തിയ നിലയിലായിരുന്നു കാറെന്ന് ഒറാന മിഡ്–വെസ്റ്റേന്‍ ജില്ലാ പൊലീസ് ബന്ധുക്കളെ അറിയിച്ചു. ക്വീന്‍സ്‌ലന്‍ഡില്‍ നിന്ന് ഡബ്ലോയിലേക്കുള്ള ന്യൂവല്‍ ഹൈവേയിലാണ് അപകടമുണ്ടായത്. ഈ അപകടത്തെത്തുടര്‍ന്നു പുറകെ വന്ന 7 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. 10 പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസെത്തി തീയണച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയതായി വാട കയ്‌ക്കെടുത്ത വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കാറില്‍ പോകുമ്പോഴായിരുന്നു അപകടമെന്നു ബന്ധുക്കള്‍ പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതായും പൊലീസ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു ആല്‍ബിന്‍. കൂനാബറാബ്രന്‍ ഹെല്‍ത്ത് സര്‍വീസിലെ നഴ്‌സായിരുന്നു നിനു. ഓസ്‌ട്രേലിയയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും സംഭവസ്ഥലത്തു എത്തിയിട്ടുണ്ട്. മൂവാറ്റുപുഴ മുളവൂര്‍ പുതുമനക്കുഴി എല്‍ദോസ്–സാറാമ്മ ദമ്പതികളുടെ മകളാണ് നിനു.

മധുവിധു തീരും മുന്‍പെയാണ് ദമ്പതികളെ മരണം തട്ടിയെടുത്തത്. ഒരു മാസം മുന്‍പ് യാത്ര പറഞ്ഞിറങ്ങിയവരുടെ മരണവാര്‍ത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിശ്വസിക്കാനാകുന്നില്ല. ഒക്ടാബര്‍ 28നായിരുന്നു ഇവരുടെ വിവാഹം. നവംബര്‍ 20ന് ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് പോയി. 2 വര്‍ഷമായി ഓസ്‌ട്രേലിയയില്‍ നഴ്‌സാണ് നിനു. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു ആല്‍ബിന്‍. റിട്ട.എസ്‌ഐയാണ് ആല്‍ബിന്റെ പിതാവ് ടി.എ.മത്തായി. മൃതദേഹങ്ങള്‍ എന്ന് നാട്ടിലെത്തിക്കുമെന്നു വിവരം ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. പോസ്റ്റുമോർട്ടം നടക്കുകയും ഇന്ത്യൻ എംബസ്സിയിലെ പേപ്പറുകൾ പൂർത്തിയാവുകയും ചെയ്‌താൽ പെട്ടെന്ന് തന്നെ   മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ സാധിക്കുമെന്ന് കരുതുന്നു.