ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലോകത്തിലെ ആദ്യ ഒമിക്രോൺ മരണം റിപ്പോർട്ട്‌ ചെയ്യപ്പെട്ടതിന്റെ ആഘാതത്തിലാണ് ബ്രിട്ടൻ. ഒമിക്രോൺ കോവിഡ് വകഭേദം മൂലം രാജ്യത്ത് ഒരാൾ മരിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ സ്ഥിരീകരിച്ചു. ലണ്ടനിലെ വ്യാപനത്തിലെ 40% ഒമിക്രോൺ മൂലമാണ്. 1,576 ഒമിക്രോൺ കേസുകൾ കൂടി ഇന്ന് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 4,713 ആയി. പ്രതിദിന കോവിഡ് കേസുകൾ ആറ് ശതമാനം ഉയർന്ന് 54,661 ൽ എത്തി. എന്നാൽ പ്രതിദിനം രണ്ട് ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന സാഹചര്യം ഉടലെടുക്കുമെന്നും ഒമിക്രോൺ സമ്പൂർണ ആധിപത്യം സ്ഥാപിക്കുമെന്നും ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് മുന്നറിയിപ്പ് നൽകി. അതേസമയം നിലവിലെ വേഗതയിൽ ഒമിക്രോൺ വ്യാപിക്കുന്നത് തുടർന്നാൽ മാസാവസാനത്തോടെ കോവിഡ് കേസുകൾ പ്രതിദിനം ഒരു മില്യൺ ആയി ഉയരുമെന്ന് സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാക്കൾ മുന്നറിയിപ്പ് നൽകി.

ആശുപത്രികളിൽ കരുതിയതിലും അധികം രോഗികൾ എത്തിയെന്നു ഡാഷ് ബോർഡ്‌ കണക്കുകൾ വ്യക്തമാക്കുന്നു. ബൂസ്റ്റര്‍ ഡോസ്‌ ബുക്കിംഗിനായി ആളുകൾ ഓൺലൈനിൽ ഇടിച്ചുകയറിയതോടെ വെബ്സൈറ്റ് തകർന്നു. ലാറ്ററൽ ഫ്ലോ ടെസ്റ്റുകളുടെ സ്റ്റോക്ക് തീർന്നു എന്ന വാർത്തയും ജനങ്ങളെ പരിഭ്രാന്തരാക്കി. ഒമിക്രോൺ ബാധിതരായ പത്തു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മേധാവികൾ അറിയിച്ചു. ഇവർ എല്ലാവരും 18നും 85നുമിടയിൽ പ്രായമുള്ളവരാണെന്നും മിക്കവരും പൂർണ്ണമായി വാക്സിനേഷൻ എടുത്തവരാണെന്നും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി സ്ഥിരീകരിച്ചു.

ഇന്നലെ മുതൽ ബ്രിട്ടൻ ലെവൽ നാലിലേക്ക് നീങ്ങിയിരുന്നു. കർശന നിയന്ത്രണങ്ങളോടൊപ്പം ആളുകൾ സാമൂഹിക അകലം പാലിക്കണമെന്ന മാർഗ്ഗനിർദേശവും നിലവിലുണ്ട്. ഡിസംബര്‍ 31 ന് മുന്‍പായി രാജ്യത്തെ 18 വയസ്സിന് മുകളിലുള്ള അര്‍ഹതയുള്ളവര്‍ക്കെല്ലാം ബൂസ്റ്റര്‍ ഡോസ് നൽകുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച്ച രാവിലെ 6 മണിമുതല്‍ നിശാക്ലബ്ബുകളിലും ധാരാളം പേർ കൂടുന്ന വേദികളിലും പ്രവേശിക്കുന്നതിന് ആളുകൾ കോവിഡ് വാക്‌സിന്‍ രണ്ടു ഡോസുകള്‍ എടുത്തതിന്റെ തെളിവോ അല്ലെങ്കില്‍ നെഗറ്റീവ് ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റ് ഫലമോ ഹാജരാക്കേണ്ടി വരും. ഒമിക്രോണിനെ നേരിടാൻ ഇതിലും ലളിതമായ മറ്റൊരു മാർഗമില്ലെന്നാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.