ജയ്പുർ ∙ മദ്യപിക്കുന്നത് തൊണ്ടയിൽ നിന്ന് കൊറോണ വൈറസിനെ നശിപ്പിക്കുമെന്നും, അതിനാൽ മദ്യവിൽപനശാലകൾ തുറക്കണമെന്നും ആവശ്യപ്പെട്ട് രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്തെഴുതി. സാങ്കോഡിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഭരത് സിങ് കുന്ദൻപുർ ആണ് വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. ലോക്ഡൗൺ കാരണം സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ, അനധികൃത മദ്യവിൽപനക്കാർ നേട്ടമുണ്ടാക്കുകയാണെന്നും അദ്ദേഹം കത്തിൽ പറയുന്നു.
‘വ്യാജമദ്യം കഴിച്ച് ജനങ്ങളുടെ ആരോഗ്യം അപകടത്തിലാണ്. അത് സർക്കാരിനും സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. സർക്കാരിനെയും ജനങ്ങളെയും സഹായിക്കുന്നതിന്, സംസ്ഥാനത്തെ മദ്യവിൽപന ശാലകൾ വീണ്ടും തുറക്കുന്നതാണ് ബുദ്ധി. മദ്യം ഉപയോഗിച്ച് കൈകഴുകുമ്പോൾ കൊറോണ നശിക്കുന്നതുപോലെ, മദ്യം കഴിക്കുന്നത് തൊണ്ടയിലെ വൈറസിനെ നശിപ്പിക്കാൻ സഹായിക്കും. വ്യാജ മദ്യം കുടിക്കുന്നതിനേക്കാൾ നല്ലതാണ് ഇത്’– കത്തിൽ പറയുന്നു.
ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ എക്‌സൈസ് തീരുവ 35 ശതമാനമായും ബിയർ ഉൾപ്പെടെയുള്ളവയുടെ തീരുവ 45 ശതമാനമായും സംസ്ഥാന സർക്കാർ ഉയർത്തിയതിന് തൊട്ടുപിന്നാലെയാണ് ഭരത് സിങ്ങിന്റെ കത്ത്. അതേസമയം, രാജസ്ഥാനിൽ മൂന്ന് കോവിഡ് 19 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 58 ആയി. 2584 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Leave a Reply