‘ഞങ്ങള്‍ക്ക് ആലഞ്ചേരിയെ വേണ്ട’ വിമത വൈദികര്‍ അതിരൂപത ആസ്ഥാനത്ത് പ്രാര്‍ഥനാ ഉപവാസ സമരം; എറണാകുളം-അങ്കമാലി രൂപതയിൽ വിമത വൈദികരുടെ പടയൊരുക്കം

‘ഞങ്ങള്‍ക്ക് ആലഞ്ചേരിയെ വേണ്ട’ വിമത വൈദികര്‍ അതിരൂപത ആസ്ഥാനത്ത് പ്രാര്‍ഥനാ ഉപവാസ സമരം; എറണാകുളം-അങ്കമാലി രൂപതയിൽ വിമത വൈദികരുടെ പടയൊരുക്കം
July 19 04:27 2019 Print This Article

കൊച്ചി: ഉള്‍പ്പോരില്‍ ആടിയുലഞ്ഞ് എറണാകുളം-അങ്കമാലി അതിരൂപത. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. വിമത വൈദികര്‍ അതിരൂപത ആസ്ഥാനത്ത് പ്രാര്‍ഥനാ ഉപവാസ സമരം ആരംഭിച്ചു. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ അധ്യക്ഷ സ്ഥാനം ഒഴിയണമെന്നും അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള പുതിയ അധ്യക്ഷനെ വേണമെന്നുമാണ് ഉപവാസ സമരം നടത്തുന്ന വൈദികരുടെ ആവശ്യം. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും വൈദികര്‍ പറയുന്നു. പള്ളികളിലെ ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്നും പ്രതിഷേധം നടത്തുന്ന വൈദികര്‍ പറഞ്ഞിട്ടുണ്ട്.

ഇന്ന് ഫൊറോന വികാരിമാരുടെ യോഗം കര്‍ദിനാള്‍ വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തിന് പിന്നാലെയാണ് വിമത വൈദികര്‍ കര്‍ദിനാളിനെതിരായ പ്രതിഷേധം കടുപ്പിച്ചത്. തങ്ങളുടെ പല ചോദ്യങ്ങള്‍ക്കും കര്‍ദിനാള്‍ നല്‍കിയ ഉത്തരങ്ങളില്‍ വ്യക്തതയില്ലെന്നാണ് വൈദികര്‍ പറയുന്നത്. കര്‍ദിനാള്‍ 14 കേസുകളില്‍ പ്രതിയാണെന്നും എറണാകുളം-അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പായി അദ്ദേഹം തുടരേണ്ടതില്ലെന്നും വൈദികര്‍ പറയുന്നു. സിനഡ് അധ്യക്ഷ സ്ഥാനത്തുനിന്ന് ആലഞ്ചേരിയെ മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഫാ.ജോസ് വയലിക്കോടത്താണ് പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. നേരത്തെയും കര്‍ദിനാളിനെതിരെ പ്രതിഷേധവുമായി വൈദികര്‍ രംഗത്തെത്തിയിരുന്നു. സഹായ മെത്രാന്‍മാരെ അറിയിപ്പൊന്നും കൂടാതെ പെട്ടെന്ന് മാറ്റിയ നടപടിയെ വൈദികര്‍ ചോദ്യം ചെയ്യുകയായിരുന്നു. കര്‍ദിനാളിനെതിരെ രൂക്ഷ വിമര്‍ശനമാണ് അന്ന് വിമത വൈദികര്‍ നടത്തിയത്.

മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെയാണ് ചുമതലയില്‍ നിന്ന് മാറ്റിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉത്തരവിനെ തുടര്‍ന്നാണിത്. പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഭൂമി ഇടപാട് വിവാദത്തെ തുടര്‍ന്ന് എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച മാര്‍ ജേക്കബ് മനത്തോടത്തിനെയും ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. മാര്‍ ജേക്കബ് മനത്തോടത്ത് പാലക്കാട് രൂപത ബിഷപ്പായി തുടരും.

എറണാകുളം-അങ്കമാലി അതിരൂപതയുടെ പൂര്‍ണ ഭരണചുമതല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് മാത്രമായിരിക്കും എന്നും വത്തിക്കാനില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. സഹായ മെത്രാന്‍ സ്ഥാനത്തു നിന്ന് മാറ്റിയ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോസ് പുത്തന്‍വീട്ടില്‍ എന്നിവരുടെ പുതിയ ചുമതലയെ കുറിച്ച് അടുത്ത സിനഡ് തീരുമാനിക്കും. എറണാകുളം-അങ്കമാലി അതിരൂപതയിലെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രതിമാസ ബജറ്റും സ്ഥാവരജംഗമ വസ്തുക്കളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള പ്രധാന രേഖകളും മേജര്‍ ആര്‍ച്ച് ബിഷപ് സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിന് നല്‍കേണ്ടതാണെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്.

സിറോ മലബാര്‍ സഭയുടെ അടുത്ത സിനഡ് ചേരുന്ന 2019 ഓഗസ്റ്റ് വരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ നിര്‍വഹണത്തില്‍ കര്‍ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിനോടാണ് ആലോചന നടത്തേണ്ടത്. രാജ്യത്ത് നിലവിലുള്ള സിവില്‍ നിയമങ്ങളെ മാനിച്ചുകൊണ്ട് അതിരൂപതയുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ ഇക്കാലയളവില്‍ സ്വീകരിക്കാവുന്നതാണെന്നും വത്തിക്കാൻ പറയുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles