ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഉപഭോക്താക്കൾക്ക് വാങ്ങാവുന്ന പച്ചക്കറികളുടെ എണ്ണത്തിലുള്ള നിയന്ത്രണം മാറ്റി പ്രമുഖ മാർക്കറ്റ് ശൃംഖലയായ ആൽഡി. തക്കാളി, കുരുമുളക്, വെള്ളരി തുടങ്ങിയ ഉൽ‌പ്പന്നങ്ങൾക്കുള്ള നിയന്ത്രണങ്ങൾ മാർച്ച് 13 മുതൽ നീക്കം ചെയ്യുമെന്നാണ് ആൽഡി പ്രസ്‌താവനയിൽ പറഞ്ഞിരിക്കുന്നത്. രണ്ടാഴ്ച്ച മുൻപ് മറ്റ് സൂപ്പർമാർക്കറ്റ് ശൃംഖലകളോടൊപ്പം സാലഡ് വെജിറ്റബ്ൾസ് വാങ്ങുവാൻ ആൽഡിയും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആൽഡി, ടെസ്‌കോ, എഎസ്‌ഡിഎ, മോറിസൺസ് എന്നീ സൂപ്പർമാർക്കറ്റുകൾ പച്ചക്കറികളുടെ ലഭ്യത കുറവ് മൂലം ഇവ വാങ്ങുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്പെയിനിലെ മോശം കാലാവസ്ഥ മൂലം യുകെയിലെ മാർക്കറ്റുകളിലുള്ള പച്ചക്കറികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരിക്കുകയാണെന്ന് ബ്രോക്കർ ഷോർ ക്യാപിറ്റലിലെ അനലിസ്റ്റായ ക്ലൈവ് ബ്ലാക്ക് പറഞ്ഞു. ഇത് തക്കാളിയുടെയും വെള്ളരിയുടെയും ഉയർന്ന വിലയിലേക്ക് നയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിതരണത്തിനുള്ള നിയന്ത്രണങ്ങൾ കുറച്ച് ആഴ്‌ചകൾ കൂടി നീണ്ടു നിൽക്കും.

പച്ചക്കറികളുടെ ലഭ്യത കുറവ് ഏപ്രിൽ അവസാനം വരെ നീണ്ടുനിൽക്കാമെന്ന് വ്യവസായ വിദഗ്ധർ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. യുകെയിൽ ശീതകാല മാസങ്ങളിലെ ഏറ്റവും വലിയ വിതരണക്കാരായ മൊറോക്കോയിലും സ്പെയിനിലും കഴിഞ്ഞ മൂന്ന് നാല് ആഴ്ചകളായി മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും പ്രശ്‌നങ്ങൾ നേരിടുകയാണ്. മോശം കാലാവസ്ഥ വിളവെടുപ്പിനെ ബാധിച്ചിട്ടുണ്ട്. കൂടാതെ ഇത് മൂലം യുകെയിലേക്ക് പച്ചക്കറികൾ കൊണ്ടുപോകുന്ന നിരവധി ഫെറികൾ നിർത്തിവച്ചതും പച്ചക്കറികളുടെ ലഭ്യതയെ കാര്യമായി ബാധിച്ചു.