ഓക്സ്ഫോർഡ്: ഡിസംബർ ഒന്നാം തിയതി ജീവൻ നഷ്ടപ്പെട്ട യുകെ മലയാളി നഴ്‌സായ ഓക്സ്ഫോർഡുകാരുടെ പ്രിയപ്പെട്ട ഗീത എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ആലീസ് എബ്രഹാമിന് യുകെ മലയാളികളുടെ യാത്രാമൊഴി.

പരേതയായ ആലീസിന്റെ സംസ്‌കാര ശുശ്രുഷകൾ ഇന്ന് ഉച്ച തിരിഞ്ഞു 2 .15ന് ഓക്സ്ഫോർഡ് കോ ഓപ്പറേറ്റീവ് ഫ്യൂണറൽ ഡയറക്ടേസ്‌സിന്റെ ഓഫീസിൽ ആരംഭിക്കുകയായിരുന്നു. സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ആദരാഞ്ജലികൾ അർപ്പിക്കുവാനുള്ള അവരമൊരുക്കി.തുടർന്ന് മൃതദേഹവുമായി ഓസ്ക്സ്ഫോർഡിനടുത്തുള്ള ഹെഡിങ്ങ്ടൺ ക്രെമറ്റോറിയത്തിലേക്ക് യാത്രയായി. ക്രെമറ്റോറിയത്തിലെ ചാപ്പലിൽ മൂന്ന് മണിയോടെ പ്രാർത്ഥനകൾ ആരംഭിച്ചു.  യുകെയിൽ കോവിഡ് നിയന്ത്രണങ്ങളും നിബന്ധനകളും നിലനിൽക്കുന്നതിനാൽ വളരെ കുറച്ചു പേർക്ക് മാത്രമേ പങ്കെടുക്കുവാൻ അനുവാദമുണ്ടായിരുന്നുള്ളു.

സീറോ മലബാർ ഓക്‌സ്‌ഫോർഡ് മിഷൻ ഇൻചാർജ് ആയ റവ.ഫാ. ലിജോ പായിക്കാട്ട് ചാപ്പലിലെ അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് ആലീസിന്റെ ഭർത്താവായ ടോമി, വിഷമ ഘട്ടത്തിൽ സഹായിച്ച എല്ലാവർക്കും നന്ദി അർപ്പിച്ചു. ആത്മസഖിയുടെ ആകസ്മിക വിയോഗത്തിൽ ദുഃഖം കടിച്ചമർത്തിയെങ്കിലും വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.പാലാ സ്വദേശിനിയും തുരുത്തിയിൽ കുടുംബാംഗവുമായ ആലീസ് കഴിഞ്ഞ നാല് വർഷത്തോളമായി ഓക്‌സ്‌ഫോഡിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് അമേരിക്കയിൽ ആണ് ജോലി ചെയുന്നത്. ഗൾഫ്, അമേരിക്ക എന്നിവടങ്ങളിൽ ജോലി ചെയ്ത ശേഷം ആണ് ബെൽഫാസ്റ്റിൽ ആലീസ് എത്തുന്നത്. തുടർന്ന് ഓക്‌സ്‌ഫോഡിലും.ഡിസംബർ ഒന്നാം തിയതിയാണ് ആലീസ് മരിക്കുന്നത്. സുഖമില്ലാതിരുന്ന ആലീസ് ഡോക്ടറുടെ ഫോൺ വിളി കാത്തിരിക്കുകയായിരുന്നു. ടോയ്‌ലെറ്റിൽ പോയ ആലീസ് അവിടെ കുഴഞ്ഞു വീഴുകയും, വിളി കേട്ട് ഓടിയെത്തിയ കൂടെ താമസിച്ചിരുന്ന കൂട്ടുകാർക്ക് ടോയ്‌ലറ്റ് ലോക്ക് ആയിരുന്നതിനാൽ തുറക്കാൻ സാധിക്കാതെ വരുകയും ചെയ്‌തു. തുടർന്ന് പോലീസും ആംബുലൻസും എത്തി ഡോർ പൊളിച്ച് ആലീസിനെ പുറത്തെടുത്ത് അടിയന്തര ശുശ്രുഷകൾ നൽകിയെങ്കിലും ജീവൻ തിരിച്ചുപിടിക്കാൻ സാധിക്കാതെ വരുകയായിരുന്നു.

[ot-video][/ot-video]