ലോറന്‍സ് പെല്ലിശേരി
അലീഷ – ദി ലൈറ്റ് ഹൗസ് ഓഫ് ഹോപ്: 2015 ജൂണ്‍ 28 നു കാന്‍സര്‍ അപഹരിച്ച അലീഷയുടെ പതിനാലാം ജന്മദിനമായ ഫെബ്രുവരി 25 നു ജി.എം.എ ചെല്‍ട്ടന്‍ഹാം യൂണിറ്റ് ഒരുക്കിയ ചാരിറ്റി നൈറ്റ് ആ കൊച്ചു മിടുക്കിയുടെ നിലക്കാത്ത പുഞ്ചിരിയുടെ ഓര്‍മ്മപ്പെടുത്തലായി മാറി. അലീഷയുടെ ഇഷ്ടനിറമായ മഞ്ഞ വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയവര്‍ അക്ഷരാര്‍ത്ഥത്തില്‍ അതൊരു മഞ്ഞമന്ദാര താഴ്വാരമാക്കി. കുഞ്ഞു പ്രായത്തില്‍ തന്നെ കാന്‍സര്‍ തുടങ്ങിയ അസുഖങ്ങള്‍ മൂലം പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് കഴിയുന്ന കുരുന്നുകളുടെ അവസാന ആഗ്രഹ സഫലീകരണത്തിനായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി, മെയ്ക്ക് എ വിഷുമായി സഹകരിച്ചാണ് ഈ സായാഹ്നം ഒരുക്കിയത്. സംഘാടകരുടെ പ്രതീക്ഷകള്‍ക്ക് അപ്പുറത്ത് ഗ്ലോസ്റ്റര്‍ഷെയറില്‍ നിന്നും മറ്റ് അടുത്ത കൗണ്ടികളില്‍ നിന്നും മലയാളികള്‍ക്കൊപ്പം ഇംഗ്ളീഷുകാരും ഒഴുകിയെത്തിയതോടെ ചാരിറ്റി നൈറ്റ് അതിന്റെ ഔന്നത്യം കൈവരിച്ചു.
9

അലീഷയുടെ കുടുംബ സുഹൃത്തും ജി.എം.എ സെക്രട്ടറിയുമായ മനോജ് വേണുഗോപാല്‍ ഒരുക്കിയ വീഡിയോ ഡോക്യൂമെന്ററിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ചിരിയും കുസൃതികളും കൗതുകങ്ങളും നിറഞ്ഞു സമ്പന്നമായ അവളുടെ ഹ്രസ്വ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി മാറിയ ആ വീഡിയോ അവിടെ സന്നിഹിതരായിരുന്ന എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു.

ജി.എം.എ ചെല്‍ട്ടന്‍ഹാം യൂണിറ്റിന്റെ അനുഗ്രഹാശിസ്സുകളോടെ അലീഷയുടെ കൊച്ചു കൂട്ടുകാരും ജി.എം.എ യുടെ യുവ നേതൃനിരയും ചേര്‍ന്നാണ് ആ സായാഹ്നത്തിന് നൃത്ത നൃത്ത്യങ്ങളുമായി നിറം പകര്‍ന്നത്. പഠനത്തിലും കലാരംഗത്തും ഒരു പോലെ മികവ് പുലര്‍ത്തിയിരുന്ന അലീഷയെന്ന ചിരിക്കുടുക്കയുടെ പുഞ്ചിരിക്കുന്ന മുഖച്ചിത്ത്രത്തിനു മുന്നില്‍ വേദിയിലേക്ക് കുരുന്നുകള്‍ ഒഴുകിയെത്തിയപ്പോള്‍ അത് ഒരു വേറിട്ട കാഴ്ചയായി മാറി. അലീഷയുടെ ഇഷ്ടപ്പെട്ട ഗാനങ്ങളും നൃത്തങ്ങളും കോര്‍ത്തിണക്കി അവളുടെ കൂട്ടുകാര്‍ ചേര്‍ന്നൊരുക്കിയ ശ്രദ്ധാഞ്ജലിയിലൂടെ അലീഷ അവിടെ പുനര്‍ജ്ജനിക്കുകയായിരുന്നു.

10

അലീഷയെന്ന തന്റെ വാവച്ചിയുടെ വേര്‍പാട് ഉള്‍കൊള്ളാന്‍ പാടുപെട്ടിരുന്ന അവളുടെ പിതാവ് രാജീവ് ജേക്കബും ആറ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ കാന്‍സര്‍ രോഗം മൂലം മറ്റ് രണ്ട് മക്കളേയും അവരുടെ അമ്മ ബീന രാജീവിന്റെ സുരക്ഷിത കരങ്ങളില്‍ ഏല്‍പ്പിച്ചു വാവച്ചിയുടെ അടുത്തേക്ക് യാത്രയായിരുന്നു. ചടങ്ങില്‍ സജീവ സാന്നിദ്ധ്യമായിരുന്ന അലീഷയുടെ അമ്മ ബീന രാജീവും ചേച്ചി അമീഷയും കുഞ്ഞനുജത്തി അനീഷയും അലീഷയുടേയും രാജീവിന്റെയും സ്മരണകളില്‍ മുഴുകിയപ്പോള്‍ കേവലം ഒരു ചാരിറ്റി നൈറ്റിലുപരി ജി.എം.എ കുടുംബം മുഴുവനും മനസ്സുകൊണ്ടും പ്രാര്‍ത്ഥന കൊണ്ടും അവരോടൊപ്പം ചേരുകയായിരുന്നു. ഈ തീരാ വേദനയിലും വാവച്ചിയുടേയും രാജീവിന്റെയും ജീവിക്കുന്ന ഓര്‍മ്മകള്‍ തുടര്‍ന്നുള്ള അവരുടെ ജീവിതത്തിന് മാര്‍ഗ്ഗ ദീപമാകുമ്പോള്‍ അവര്‍ക്കൊപ്പം താങ്ങുീ തണലുമായി ഗ്ലോസ്റ്റര്‍ഷയര്‍ മലയാളികള്‍ എന്നുമുണ്ടാകും എന്നതിന്റെ പ്രത്യക്ഷ പ്രകടനമായി മാറി ആ സായാഹ്നം.

11

ആദ്യാവസാനം ചടങ്ങില്‍ നിറസാന്നിധ്യമായിരുന്ന ചെല്‍ട്ടന്‍ഹാം മേയര്‍ കൗണ്‍സിലര്‍: ക്രിസ് റൈഡര്‍ തിരി തെളിയിച്ചു കൊണ്ടായിരുന്നു ചാരിറ്റി നൈറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വേദിയില്‍ അലീഷയുടെയും രാജീവിന്റെയും ഓര്‍മ്മയുടെ പുസ്തകത്താളുകള്‍ ഓരോന്നായി മറിഞ്ഞു വന്നപ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം മേയറും അക്ഷരാര്‍ത്ഥത്തില്‍ വിതുമ്പലടക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്വാഗതം ആശംസിച്ച ജി.എം.എ ചെല്‍റ്റെന്‍ഹാം യൂണിറ്റ് സെക്രട്ടറി സിബി ജോസഫും അദ്ധ്യക്ഷ പ്രസംഗത്തിലുടെ പ്രസിഡന്റ് ഡോ. ബീന ജ്യോതിഷും തങ്ങളുടെ വാക്കുകളിലൂടെ ഈയൊരു ചാരിറ്റി മിഷന്റെ പ്രാധാന്യത്തെയും പ്രസക്തിയെയും കുറിച്ച് വിശദീകരിച്ചപ്പോള്‍ നിശ്ചയദാര്‍ഢ്യത്തോടെ അതേറ്റെടുത്ത് വന്‍ വിജയമാക്കിയ അലീഷയുടെ കൊച്ചു കൂട്ടുകാര്‍ക്കുള്ള അംഗീകാരത്തിന്റെ ആദരമായി.

ചാരിറ്റി സെയിലിന് ആവശ്യമായ മുഴുവന്‍ ഭക്ഷണവും ജി.എം.എ ചെല്‍ട്ടന്‍ഹാം യൂണിറ്റിലുള്ള എല്ലാ കുടുംബങ്ങളും ചേര്‍ന്ന്, ജി.എം. എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ജോ വില്‍ട്ടന്റെയും ബിജു ഉള്ളാട്ടിലിന്റെയും നേതൃത്വത്തില്‍ സ്വന്തമായി ഒരുക്കിയപ്പോള്‍ അത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും രുചിക്കൂട്ടായി മാറി. ജി.എം. എ ചെല്‍റ്റെന്‍ഹാം യൂണിറ്റ് ട്രെഷറര്‍ ജെഡ്സന്‍ ആലപ്പാട്ടിന്റെ നന്ദി പ്രകാശനം അലീഷയെന്ന മാലാഖയെ മാറോടു ചേര്‍ത്ത എല്ലാവരോടുമുള്ള കൃതജ്ഞതയായി. ജി.എം.എ പ്രസിഡന്റ് ടോം ശങ്കൂരിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി സജീവമായിരുന്ന വേദിയില്‍ ജി.എം.എ കുടുംബത്തോടൊപ്പം ഇംഗ്ലീഷുകാര്‍ അടക്കമുള്ളവര്‍ വിങ്ങുന്ന മനസ്സോടെയെങ്കിലും അലീഷയുടെ മധുര സ്മരണകള്‍ ഒരു ആഘോഷമാക്കിത്തന്നെ മാറ്റി.

അലീഷ പഠിച്ചിരുന്ന സെന്റ് ഗ്രിഗറി സ്‌കൂള്‍ ഹാളില്‍ വച്ച് നടന്ന ചാരിറ്റി നിശയില്‍ അതിഥിയായെത്തിയ അലീഷയുടെ കൂടി ഹെഡ് ടീച്ചര്‍ ആയിരുന്ന ഷാരന്‍ ആസ്റ്റണ്‍ അലീഷയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവക്കുകയുണ്ടായി. ഒപ്പം അലീഷയുടെ കുടുംബത്തിന് സാന്ത്വനമായി എപ്പോഴും കൂടെയുള്ള മലയാളി സമൂഹത്തെ ടീച്ചര്‍ പ്രത്യേകം പ്രകീര്‍ത്തിക്കുകയുണ്ടായി. മെയ്ക്ക് എ വിഷ് ചാരിറ്റി വക്താവിന്റെ വാക്കുകളും അവരുടെചാരിറ്റി പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഹ്രസ്വമായ വീഡിയോയും എല്ലാവരുടേയും കണ്ണ് തുറപ്പിക്കുന്നതായിരുന്നു.

12

ചാരിറ്റി നൈറ്റിന്റെ നന്മക്ക് ഒരു കൈ താങ്ങായി മുന്നോട്ട് വന്ന യു.കെ. യിലെ പ്രമുഖ നഴ്സിംഗ് ഏജന്‍സിയായ ‘ടി.സി.എസ്’ പരിപാടിയുടെ പ്രധാന സ്പോണ്‍സേര്‍സ് ആയിരുന്നു. യു.കെ യിലെ തന്നെ ഏറ്റവും മികച്ച കമ്യൂണിറ്റി അസോസിയേഷനുകളില്‍ ഒന്നായ ജി.എം.എ യുടെ ചിട്ടയായ പ്രവത്തന രീതി കണ്ട് വളരുന്ന യുവ തലമുറയുടെ നേതൃ പാടവം മേയര്‍ അടക്കമുള്ളവരുടെ അളവറ്റ പ്രശംസക്ക് പാത്രമായി. അലീഷയുടെ കൊച്ചു കൂട്ടുകാര്‍ ഈയൊരു മിഷന്‍ അവരുടെ നെഞ്ചോട് ചേര്‍ത്തപ്പോള്‍ ഫുഡ് കൗണ്ടര്‍, റാഫിള്‍, ആന്റിക് സെയില്‍ തുടങ്ങിയവയിലൂടെ മുവ്വായിരത്തില്‍ പരം പൗണ്ടാണ് മേക്ക് എ വിഷ് എന്ന ചാരിറ്റിക്കായി സ്വരൂപിക്കാനായത്.

13

ഏറ്റവും സാര്‍ത്ഥപൂര്‍ണ്ണമായ ഒരു ഒത്തുചേരലില്‍ കൂടി മരണത്തിനും മറവിക്കും അലീഷയെയും രാജീവിനെയും ഒരിക്കലും വിട്ട് കൊടുക്കില്ലെന്ന് ഗ്ലോസ്റ്റര്‍ഷെയറിലെ മലയാളികളും ഇംഗ്ളീഷുകാരും ഒന്ന് ചേര്‍ന്ന് മനസ്സില്‍ കുറിച്ചപ്പോള്‍ കൈവന്നത് ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ നഷ്ടപ്പെട്ട നിരവധി കുരുന്നുകള്‍ക്ക് അവരുടെ ജീവിതത്തിലെ ചെറിയ സ്വപ്നങ്ങളുടെ സാഫല്യമാണ്.