ബ്രെക്സിറ്റിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി. ബ്രെക്സിറ്റ് ബിൽ യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ചു. വിടപറയൽ സ്കോട്ടിഷ് ഗാനം ആലപിച്ച്

ബ്രെക്സിറ്റിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി. ബ്രെക്സിറ്റ് ബിൽ യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ചു.    വിടപറയൽ സ്കോട്ടിഷ് ഗാനം ആലപിച്ച്
January 30 04:26 2020 Print This Article

ലണ്ടൻ∙ യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകുന്നതിനുള്ള ബ്രിട്ടന്റെ ഉടമ്പടി വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബ്രെക്സിറ്റ് ബിൽ യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ചു. 751 അംഗ പാർലമെന്റിൽ 621 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 49 പേർ എതിർത്തു. 13 പേർ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. പരമ്പരാഗത സ്കോട്ടിഷ് ഗാനം, ‘ഓൾഡ് ലാങ് സൈനെ’ ആലപിച്ചുകൊണ്ടാണ് ചേംബർ ബ്രിട്ടനു വിടച്ചൊല്ലിയത്.

ഉടമ്പടി വ്യവസ്ഥകൾക്കു പാർലമെന്റ് വോട്ടെടുപ്പിലൂടെ അംഗീകാരം നൽകിയതോടെ ബ്രെക്സിറ്റിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി. ഈ മാസം 31ന് രാത്രി 11നാണ്‌ ബ്രെക്സിറ്റ് നടപ്പാകുന്നത്. പ്രധാനപ്പെട്ട പാർലമെന്ററി കമ്മിറ്റികളെല്ലാം തന്നെ കഴിഞ്ഞയാഴ്ച ബിൽ അംഗീകരിച്ച് ഒപ്പിട്ടിരുന്നു. ബ്രിട്ടന്റെ ഇരു പാർലമെന്റ് ഹൗസുകളും പാസാക്കിയ ബിൽ കഴിഞ്ഞദിവസം പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയും ഒപ്പുവച്ചതോടെ നിയമമായി.

യൂറോപ്യൻ പാർലമെന്റിൽ 73 അംഗങ്ങളാണ് ബ്രിട്ടനെ പ്രതിനിധീകരിക്കുന്നത്. ഇവരുടെ അവസാനത്തെ സമ്മേളനം കൂടിയായിരുന്നു ബുധനാഴ്ചത്തേത്. 47 വർഷത്തെ യൂറോപ്യൻ ബന്ധം അവസാനിപ്പിച്ച് ഇവർ യൂറോപ്യൻ പാർലമെന്റിന്റെ പടികളിറങ്ങി. യൂറോപ്യൻ യൂണിയനിൽ അംഗമല്ലാതാകുന്ന സാഹചര്യത്തിൽ ശനിയാഴ്ച രാവിലെ ബ്രസൽസിലെ പാർലമെന്റ് മന്ദിരത്തിനു മുന്നിലുള്ള ബ്രിട്ടീഷ് പതാക താഴ്ത്തും. ബ്രസൽസിലെ ബ്രിട്ടീഷ് മ്യൂസിയത്തിനു മുന്നിലാകും പിന്നീട് ഈ പാതാക സ്ഥാപിക്കുക.

31ന് അർദ്ധരാത്രി ബ്രെക്സിറ്റ് നടപ്പിലായാലും പിന്നീടുള്ള 11 മാസം ഇതിന്റെ പരിവർത്തന കാലയളവാണ് (ട്രാൻസിഷൻ പീരീഡ്) ഇരുപക്ഷവും തമ്മിലുള്ള വ്യാപാര കരാറുകളും മറ്റു സുപ്രധാന വിഷയങ്ങളും ഇതിനിടെ ചർച്ചചെയ്താകും തീരുമാനിക്കുക. അതിനാൽ തന്നെ പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുന്നതായി ജനുവരി 31നു ശേഷവും സാധാരണ ജനങ്ങൾക്ക് അനുഭവപ്പെടില്ല.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles