കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ കായികാധ്യാപകൻ ജിജോ ജെയിംസ് കോൺഗ്രസ് അംഗമല്ലെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ. 2021-ൽ കോൺഗ്രസ് വിട്ട ജിജോ നിലവിൽ ഡിവൈഎഫ്ഐ അംഗമാണെന്നാണ് ജിൻ്റോ ജോണിന്റെ ആരോപണം. പഴയ രാഷ്ട്രീയബന്ധം ഉയർത്തിക്കാട്ടി കോൺഗ്രസിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
2020-ലെ തദ്ദേശതിരഞ്ഞെടുപ്പിൽ ജിജോ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നുവെന്നും എന്നാൽ വിജയിച്ചത് കോൺഗ്രസ് വിമത സ്ഥാനാർഥിയാണെന്നും ജിൻ്റോ ജോൺ പറഞ്ഞു. വിജയിച്ചയാളെ പിന്നീട് പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് ജിജോ കോൺഗ്രസ് വിട്ടതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. തുടർന്ന് അന്നത്തെ സിപിഎം ലോക്കൽ സെക്രട്ടറി ജോർജ്ജി ജോയിയുടെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ അംഗത്വമെടുത്ത് പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിലായിരുന്നപ്പോൾ അധ്യാപക സംഘടനയായ കെപിഎസ്ടിഎയിൽ അംഗമായിരുന്നെങ്കിലും പാർട്ടി വിട്ടശേഷം അംഗത്വം പുതുക്കിയിട്ടില്ലെന്നും ജിൻ്റോ വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വർഷമായി കോൺഗ്രസിന്റെയോ അനുബന്ധ സംഘടനകളുടെയോ പരിപാടികളിൽ ജിജോ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹത്തെ കോൺഗ്രസുകാരനായി ചിത്രീകരിക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും ജിൻ്റോ ജോൺ ആരോപിച്ചു. മുൻപ് കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന പലരും പിന്നീട് മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങളിൽ ചേർന്നതുപോലെ ജിജോയുടെയും നിലവിലെ രാഷ്ട്രീയപശ്ചാത്തലം പരിഗണിക്കണമെന്നാണ് അദ്ദേഹത്തിന്റെ വാദം. പഴയ രാഷ്ട്രീയബന്ധത്തിന്റെ പേരിൽ മാത്രം കോൺഗ്രസിനെ സംഭവവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











Leave a Reply