നടി ആക്രമണക്കേസില്‍ ഒരു രക്തസാക്ഷിയുണ്ടെന്നും എതിരെ പറയുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു വധ ഭീഷണിയുണ്ടെന്നും തന്നെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സംവിധായകന്‍ ആലപ്പി അഷറഫ്. പ്രമുഖ മലയാളം ന്യൂസ് ചാനലിന്റെ ടോക് ഷോയിൽ ആണ് ആലപ്പി അഷറഫ് ഇക്കാര്യം വ്യക്തമാക്കിയത്. സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ വീടിന്റെ മതില്‍ ചാടിക്കടന്ന് രണ്ടുപേര്‍ ഒരു വിദേശ ബ്രീഡ് നായയെ കമ്പിവടികൊണ്ട് അടിച്ചു കൊന്നു. തനിക്ക് ആക്രമണ ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പി അഷറഫിന്റെ വാക്കുകള്‍:
‘‘അങ്കമാലി എറണാകുളം ഷട്ടില്‍ സര്‍വീസ് അഞ്ചാം വാരത്തിലേയ്ക്ക് കടക്കുകയാണ്. ഇപ്പോള്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇനി സ്വീകരിക്കില്ലെന്ന് കോടതികള്‍ നോട്ടിസ് ബോര്‍ഡില്‍ ഇടേണ്ട അവസ്ഥയാണുള്ളത്. കേസില്‍ സാഹചര്യത്തിന്റെ മാറ്റം ഉണ്ടായിട്ടില്ല എന്നു പറയാനാവില്ല. കാരണം ഒരു മാധ്യമപ്രവര്‍ത്തകനായ പെല്ലിശേരിയെ ഒക്ടോബര്‍ രണ്ടിന് വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ബൈജു കൊട്ടാരക്കരയുടെ വീട്ടില്‍ രണ്ടുപേര്‍ ചാടിക്കടന്ന് ഒരു വിദേശ ബ്രീഡ് നായയെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊന്നിട്ടുണ്ട്. കേസിലെ ആദ്യത്തെ രക്തസാക്ഷിയാണ് ആ നായ. ഒന്നുമറിയാത്ത ആ പാവം മൃഗത്തെ കൊലപ്പെടുത്തി. എനിക്ക് ഭീഷണിയുണ്ട്. അവര് വക്കീലന്‍മാരെ മാറ്റുന്നു. കോടകളില്‍ മാറിമാറി പോകുന്നു. ബഞ്ച് മാറ്റിക്കിട്ടുമോ എന്ന് നോക്കുന്നു. മൂന്ന് വക്താക്കള്‍ ഇനി ചാനലില്‍ ഇരിക്കേണ്ട എന്ന് പുതിയ വാര്‍ത്തയും വന്നിട്ടുണ്ട്. ഇങ്ങനെയെല്ലാം സാഹചര്യങ്ങളില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്.’’