ന്യൂസ് ഡെസ്ക് മലയാളം യുകെ
മിക്ക ജനങ്ങളും ഏറ്റവും മാരകമായ അർബുദങ്ങളിൽ ഒന്നായ പാൻക്രിയാറ്റിക് ക്യാൻസറിൻെറ ലക്ഷണങ്ങൾ ശ്രദ്ധിക്കുന്നില്ല എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. നടുവേദന, ദഹനക്കേട്, വയറുവേദന, ശരീരഭാരത്തിൽ പെട്ടെന്നുള്ള കുറവ് എന്നിവ രോഗത്തിൻറെ പൊതുവായ ലക്ഷണങ്ങളാണ്. 4 ആഴ്ചയിൽ കൂടുതൽ ഇവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ജിപിയെ കാണണമെന്നും മഞ്ഞപ്പിത്തം ഉള്ളവരാണെങ്കിൽ എ ആൻഡ് ഇയിലേക്ക് പോകണമെന്നും പാൻക്രിയാറ്റിക് ക്യാൻസർ യുകെ പറഞ്ഞു. 28 ശതമാനത്തോളം ആളുകൾ വൈദ്യസഹായം തേടുന്നത് രോഗം വന്ന് മൂന്നുമാസംവരെ കഴിഞ്ഞാണെന്ന് സർവേയിലൂടെ മനസ്സിലാക്കാൻ സാധിച്ചു. 22 ശതമാനം ജനങ്ങളും മഞ്ഞപ്പിത്തം തിരിച്ചറിയുവാൻ വൈകുന്നു. 2000 മുതിർന്നവരെ വച്ച് സാവന്ത കോംറെസ് നടത്തിയ സർവേയിൽ 31 ശതമാനം പേർ പകർച്ചവ്യാധിമൂലം ചികിത്സാ സഹായം തേടുന്നത് പതിവിലും താമസിച്ചാണെന്ന് കണ്ടെത്തി. ക്യാൻസർ വിഭാഗത്തിൽ ഏറ്റവും മാരകമായ ക്യാൻസറുകളിൽ ഒന്നാണ് പാൻക്രിയാറ്റിക് ക്യാൻസർ. ഇവയുടെ ലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകുന്നത് തന്നെയാണ് ഇതിൻെറ പ്രധാന കാരണം. ഈ രോഗമുള്ള അഞ്ചിൽ നാല് പേരും ക്യാൻസറിൻെറ അവസാനഘട്ടത്തിൽ മാത്രമാണ് രോഗം തിരിച്ചറിയുന്നതും ചികിത്സ തേടുന്നതും ഇതുമൂലം ജീവൻ രക്ഷിക്കാനുള്ള സാധ്യത കുറയുന്നു. പാൻക്രിയാറ്റിക് ക്യാൻസറുള്ളവർ ചികിത്സയ്ക്കായി കാത്തിരിക്കരുതെന്ന് പാൻക്രിയാറ്റിക് ക്യാൻസർ യുകെ ചീഫ് എക്സിക്യൂട്ടീവായ ഡയാന ജുപ്പ് പറഞ്ഞു.
ഒരു വർഷത്തിൽ ആയിരക്കണക്കിന് ജനങ്ങളാണ് രോഗനിർണയം വൈകിയത് മൂലം ചികിത്സകൾ ഒന്നും തന്നെ ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ വന്നത്. ഫലപ്രദമായ ചികിത്സകൾ ലഭിക്കണമെങ്കിൽ കഴിയുന്നത്ര നേരത്തെ തന്നെ രോഗനിർണയം നടത്തേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. രോഗികളെ ചികിത്സിക്കാൻ എൻഎച്ച്എസ് എന്നും തയ്യാറാണെന്ന് എൻഎച്ച്എസിൻെറ ദേശീയ ക്യാൻസർ ഡയറക്ടർ ഡാം കാലി പാമർ പറഞ്ഞു. പകർച്ചവ്യാധിയ്ക്ക് മുൻപുണ്ടായിരുന്ന തരത്തിലേയ്ക്ക് രോഗനിർണയവും ചികിത്സയും വർദ്ധിച്ചുവെന്നും ദയവായി നിങ്ങളുടെ ചികിത്സ താമസിപ്പിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു. രോഗനിർണയത്തിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ രോഗികളിൽ പകുതിയുംപേർ മരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകൾ പാൻക്രിയാറ്റിക് ക്യാൻസർ യുകെ പുറത്തുവിട്ടു. യുകെയിൽ ഓരോ വർഷവും പതിനായിരത്തിലധികം ജനങ്ങളിലാണ് രോഗം കണ്ടെത്തുന്നത്.
നേരത്തെയുള്ള രോഗ നിർണയം രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള സാധ്യതയെ കൂട്ടുന്നു. അതിനാൽ തന്നെ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനെ തന്നെ വൈദ്യസഹായം തേടണമെന്നും അവർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സർവേയുടെ കണ്ടെത്തലുകൾ വളരെയധികം ആശങ്ക ഉളവാക്കുന്നതാണെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു . രോഗത്തെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്തേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. പാൻക്രിയാറ്റിക് ക്യാൻസർ ഉണ്ടെന്നു സംശയിക്കുന്ന രോഗികളെ ജിപികൾ അൾട്രാസൗണ്ട്, സി റ്റി സ്കാനിങ് അല്ലെങ്കിൽ എംആർഐ സ്കാനിങ്ങുകൾക്കായി റഫർ ചെയ്യാം. എന്നാൽ രാജ്യത്തെ പാൻക്രിയാറ്റിക് ക്യാൻസർ രോഗികളിൽ പകുതിയോളം ആളുകൾ എ ആൻഡ് ഇ സന്ദർശനം പോലുള്ള അടിയന്തരാവസ്ഥയിലൂടെയാണ് രോഗനിർണയം നടത്തുന്നത്.
Leave a Reply