ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ഇറ്റലി :- യൂറോപ്പിലെ തന്നെ ഏറ്റവും ഉയർന്ന താപനിലയായ 48.8 ഡിഗ്രി സെൽഷ്യസ് ഇറ്റലിയിലെ സിസിലിയിൽ രേഖപ്പെടുത്തിയിരിക്കുകയാണ്. സിസിലിയിലെ സൈറക്കൂസ്‌ എന്ന നഗരത്തിൽ ബുധനാഴ്ചയാണ് ഈ താപനില രേഖപ്പെടുത്തിയതെന്ന് അവിടെയുള്ള കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കി. വേൾഡ് മെറ്റീയറോളജിക്കൽ ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം, യൂറോപ്പിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനില ഗ്രീസിലെ ഏതൻസിൽ 1977 ൽ രേഖപ്പെടുത്തിയ 48 ഡിഗ്രി സെൽഷ്യസാണ്. സിസിലിയിൽ രേഖപ്പെടുത്തിയിരിക്കുന്ന താപനിലയ്ക്ക് ഇതുവരെയും വേൾഡ് മെറ്റിയറോളജിക്കൽ ഓർഗനൈസേഷന്റെ അംഗീകാരം ലഭിച്ചിട്ടില്ല. ഇറ്റലിയിൽ ഉടനീളം രൂപപ്പെട്ടിരിക്കുന്ന ഉഷ്ണതരംഗം ആണ് ഉയർന്ന താപനിലയ്ക്ക് കാരണം. നോർത്ത് ആഫ്രിക്കയിൽനിന്നും രൂപപ്പെട്ടിരിക്കുന്ന ലൂസിഫർ എന്ന് പേരിട്ടിരിക്കുന്ന ഒരു ആന്റി സൈക്ലോൺ ആണ് ഉഷ്ണ തരംഗത്തിന് കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നത് .

ഇതോടൊപ്പംതന്നെ ഇറ്റലിയുടെ ചിലഭാഗങ്ങളിൽ കാട്ടുതീയും പടർന്നു കൊണ്ടിരിക്കുകയാണ്. കലബ്രിയയിൽ രണ്ടും സിസിലിയിലും ഒരാളും ഇതുവരെ കാട്ടുതീയിൽ പെട്ട് മരണപ്പെട്ടതായി ഇറ്റാലിയൻ മീഡിയ വ്യക്തമാക്കുന്നു. ഇറ്റലിയിൽ മാത്രമല്ല, ഗ്രീസ്, തുർക്കി, അൾജീരിയ എന്നിവിടങ്ങളിലും കാട്ടുതീ പടർന്നു കൊണ്ടിരിക്കുകയാണ്. ഗ്രീസിൽ മാത്രം നിരവധി പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ബ്രിട്ടനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഗ്രീസിലെത്തിയിട്ടുണ്ട്. അൾജീരിയയിൽ ഏകദേശം 65 സാധാരണക്കാരും, 28 പട്ടാളക്കാരും കാട്ടുതീയിൽ പെട്ട് മരണപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. കാലാവസ്ഥ വ്യതിയാനത്തിന്റെ അനന്തരഫലങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.