54 വർഷങ്ങൾ ചെറിയ കാലയളവല്ല. പക്ഷേ 1967 – 69 കാലഘട്ടത്തിൽ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക് കോളേജിൽ പഠിച്ചിരുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. ആ കാലഘട്ടത്തിൽ കോളേജിൽ പഠിച്ച പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കഴിഞ്ഞിരുന്നു. ചിലരൊക്കെ രോഗശയ്യയിലും . എങ്കിലും തങ്ങളുടെ യൗവനകാല കലാലയത്തിന്റെ മധുരസ്മരണകൾ ഒരിക്കൽ കൂടി ഓർത്തെടുക്കാൻ അവർ ഒത്തുചേർന്നപ്പോൾ എല്ലാവരും കളിക്കൂട്ടുകാരെ പോലെയായി. തങ്ങളുടെ ജീവിതത്തിന് വഴികാട്ടിയായി കൈപിടിച്ച് മുന്നോട്ട് നയിച്ച അധ്യാപകരെ അവർ മറന്നില്ല. ഗുരുക്കന്മാരുടെ സാന്നിധ്യം ആ അപൂർവ്വ സംഗമത്തിന് പകർന്നു നൽകിയ ചാരുത ഒന്നു വേറെ തന്നെയായിരുന്നു. അര നൂറ്റാണ്ടിനു ശേഷമുള്ള ഈ ഒത്തുചേരൽ കേരളത്തിലെ കലാലയങ്ങളുടെ ചരിത്രത്തിൽ തന്നെ ഇദം പ്രദമായിരിക്കും.

ഏറെ നാളത്തെ പരിശ്രമത്തിന് ഒടുവിലാണ് 54 വർഷങ്ങൾക്ക് മുമ്പ് പഠിച്ചിറങ്ങിയ സഹപാഠികളെ എല്ലാം കണ്ടുപിടിക്കാനും ഒത്തു ചേരാനും സംഘാടകർക്ക് ആയത്.